ന്യുഡൽഹി: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത നടൻ സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം ഉറപ്പായതായി സൂചന. തെരഞ്ഞെടുപ്പു ഫലം വന്നാൽ ഉടൻ പ്രഖ്യാപനം നടക്കുമെന്നാണു സൂചന.

പരിസ്ഥിതി - ആദിവാസി വകുപ്പിൽ സഹമന്ത്രിയാകാൻ ചർച്ചകൾ നടക്കുന്നതായാണു ലഭിക്കുന്ന വിവരങ്ങൾ. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങൾക്ക് മന്ത്രിയാവാൻ നിയമപരമായോ ഭരണഘടനാപരമായോ തടസമില്ല. തെരഞ്ഞെടുക്കപ്പെട്ട അംഗമാണോ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമാണോ എന്ന വ്യത്യാസം മന്ത്രിയാവാൻ ബാധകമല്ല. അതുകൊണ്ട് തന്നെ രാജ്യസഭാ അംഗമാകുന്നതോടെ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിയാകാനുള്ള അവസരവും ഒരുങ്ങുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു. താമസിയാതെ തന്നെ സുരേഷ് ഗോപിയെ മന്ത്രിസഭയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുത്തും.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം ഒഴികെ മറ്റ് എല്ലാ വിഷയത്തിലും മറ്റ് എംപിമാരും നാമനിർദ്ദേശം ചെയ്യപ്പെട്ട എംപിമാരും തുല്യരാണ്. 250 അംഗ രാജ്യസഭയിലേക്ക് 12 അംഗങ്ങളെയാണ് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത്. സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനം എന്നീ മേഖലകളിൽ നിന്നുള്ളവരെയാണ് ഇങ്ങനെ നാമനിർദ്ദേശം ചെയ്യുന്നത്. സ്വന്തം മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ചവരുടെ വിശിഷ്ട സേവനം രാജ്യത്തിന് ലഭ്യമാക്കുക എന്നതിനാണ് തെരഞ്ഞെടുപ്പിലൂടെ അല്ലാതെ 12 അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്ന സംവിധാനം രൂപപ്പെടുത്തിയത്. തുടക്കകാലത്ത് അതിപ്രഗല്ഭരെ മാത്രമാണ് ഇങ്ങനെ നാമനിർദ്ദേശം ചെയ്തിരുന്നത്. ഇങ്ങനെ നാമനിർദ്ദേശം ചെയ്തവർ ഇതിന് മുമ്പും മന്ത്രിയായിട്ടുണ്ട്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മന്ത്രിയെന്ന പരിവേഷത്തോടെ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കാനും പുതിയ നീക്കത്തിലൂടെ ബിജെപിക്കു കഴിയും.