Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജന്മനാടണയാനുള്ള മോഹം ബാക്കിയാക്കി അറ്റ്‌ലസ് രാമചന്ദ്രൻ വിട പറഞ്ഞു; ഹൃദയാഘാതം മൂലം അറ്റ്‌ലസ് ജൂവലറി ഉടമ അന്തരിച്ചത് ഇന്നലെ അർദ്ധരാത്രിയിൽ; നിയമ പ്രശ്‌നം മൂലം സംസ്‌ക്കാരവും ദുബായിൽ തന്നെ: വിട പറഞ്ഞത് ബാങ്ക് ജീവനക്കാരനായി തുടങ്ങി ജൂവലറി ഉടമയും സിനിമാ നിർമ്മാതാവുമൊക്കെയായി തിളങ്ങി അതികായനായ പ്രവാസി മലയാളി: ആദരാഞ്ജലികൾ അർപ്പിച്ച് മലയാളികൾ

ജന്മനാടണയാനുള്ള മോഹം ബാക്കിയാക്കി അറ്റ്‌ലസ് രാമചന്ദ്രൻ വിട പറഞ്ഞു; ഹൃദയാഘാതം മൂലം അറ്റ്‌ലസ് ജൂവലറി ഉടമ അന്തരിച്ചത് ഇന്നലെ അർദ്ധരാത്രിയിൽ; നിയമ പ്രശ്‌നം മൂലം സംസ്‌ക്കാരവും ദുബായിൽ തന്നെ: വിട പറഞ്ഞത് ബാങ്ക് ജീവനക്കാരനായി തുടങ്ങി ജൂവലറി ഉടമയും സിനിമാ നിർമ്മാതാവുമൊക്കെയായി തിളങ്ങി അതികായനായ പ്രവാസി മലയാളി: ആദരാഞ്ജലികൾ അർപ്പിച്ച് മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ


ദുബായ്: വ്യവസായ പ്രമുഖരിൽ മലയാളികളുടെ മനസ്സിൽ ഇടംനേടിയ അറ്റ്‌ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു മരണം. അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച (ഇന്ന്) വൈകീട്ട് ദുബായിൽ നടക്കുംപ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമ്മാതാവുമായ 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന ജൂവലറി പരസ്യവുമായാണ് ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ് കീഴടക്കിയത്. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.

ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണ സമയത്ത് ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റിൽ ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് എൺപതാം പിറന്നാൾ ആഘോഷിച്ചത്.

1942 ജൂലൈ 31ന് തൃശൂരിൽ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. ബാങ്ക് ജീവനക്കാരനായി ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് ജോലി രാജിവെച്ച് ഗൾഫിലേക്ക് പറക്കുകയായിരുന്നു. അവിടെയും ബാങ്ക് ജോലിയിൽ തന്നെ ഔദ്യോഗിക ജീവിതം അരംഭിച്ച അദ്ദേഹം പിന്നീട് ബിസിനസിലേക്ക് തിരിയുകയായിരുന്നു. ജൂവലറിയും സിനിമാ നിർമ്മാണവും മാത്രമല്ല ഹെൽത്ത്‌കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമ്മാണ മേഖലകളിലും നിക്ഷേപം നടത്തിയ അദ്ദേഹം പടർന്നു പന്തലിച്ചു. അറ്റ്‌ലസ് ജൂവലറി മലയാളികളുടെ മനസ്സിലും ഇടം നേടി.

അറ്റ്‌ലസ് ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ ഒട്ടേറെ സിനിമകൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ, വിതരണക്കാരൻ എന്നീ നിലകളിലും സിനിമ മേഖലയിൽ സജീവമായിരുന്നു. വൈശാലി, വാസ്തുഹാര, ധനം,സുകൃതം, തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡിങ്, 2 ഹരിഹർ നഗർ തുടങ്ങി 13 സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഹോളിഡെയ്‌സ് എന്ന ഒരു സിനിമ സംവിധാനം ചെയ്തു. ഇന്നലെ, കൗരവർ, വെങ്കലും തുടങ്ങിയവ വിതരണം ചെയ്തു. 2015ൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. കേസ് അവസാനിക്കാത്തതിനാൽ യു.എ.ഇ വിട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ജയിൽ മോചിതനായ ശേഷം കേരളത്തിലെത്താൻ സാധിച്ചിരുന്നില്ല. ജന്മനാടണയണമെന്നുള്ള മോഹം ബാക്കിയാക്കി അദ്ദേഹം യാത്രയാവുകയായിരുന്നു.

ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ജൂവലറിയുടെ ചെയർമാനായിരുന്നു അദ്ദേഹം. 2015ൽ സാമ്പത്തിക ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് കേന്ദ്ര സർക്കാരിന്റെയും മറ്റ് പ്രവാസി സംഘടനകളുടേയും ഇടപെടലോടെയാണ് ജയിൽമോചിതനായത്.

ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നൽകിയത്. നൽകിയ വായ്പകൾ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾ കൂട്ടമായി കേസ് നൽകിയത്. ഇതിനെത്തുടർന്ന് 2015 ഓഗസ്റ്റ് മാസത്തിൽ അദ്ദേഹം ദുബായിൽ ജയിലിലായി. കൂടെ മകൾ മഞ്ജുവും മരുമകൻ അരുണിനും കോടതി ജയിൽ ശിക്ഷ വിധിച്ചിരുന്നു. അറ്റ്‌ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് മരണം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോൾഡ് പ്രമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാനായിരുന്നു.

ദുബായിലും തൃശൂരും അക്ഷരശ്ലോക സദസ്സുകളും സംഘടിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. ചെറിയ പ്രായത്തിൽ കാനറാ ബാങ്കിലും പിന്നീട് എസ്‌ബിറ്റിയിലും ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1970കളിൽ ജോലി രാജിവച്ച് ഗൾഫിലേക്ക് പോയി. കുവൈത്തിൽ ബാങ്ക് ജോലിയിൽ തന്നെയായിരുന്നു തുടക്കം. എന്നാൽ എൺപതുകളുടെ അവസാനത്തിലാണ് സ്വർണവ്യാപാരത്തിലേക്ക് തിരിഞ്ഞത്. അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പ് എന്ന പ്രശസ്ത സ്ഥാപനത്തിന്റെ വിത്തുപാകിയത് അങ്ങനെ. കുവൈത്തിൽ ഇറാഖിന്റെ ആക്രമണം ഉണ്ടായപ്പോൾ ജൂവലറി ബിസിനസിന്റെ ആസ്ഥാനം അദ്ദേഹം ദുബായിലേക്കു മാറ്റി. പിന്നീട് അറ്റ്്ലസിന്റെ വലിയ കുതിപ്പിനാണ് വ്യവസായലോകം സാക്ഷ്യം വഹിച്ചത്.

ഗ്രൂപ്പിന്റെ പ്രവർത്തനം നല്ലനിലയിൽ മുന്നോട്ടുപോകുമ്പോഴാണ് രാമചന്ദ്രന്റെ അറസ്റ്റും ജയിൽവാസവും സംഭവിക്കുന്നത്. തന്റെ വളർച്ചയിൽ അസൂയാലുക്കളായ ചിലരാണ് സംഭവത്തിനുപിന്നിലെന്നാണ് രാമചന്ദ്രൻ വിശ്വസിച്ചിരുന്നത്. ഗൾഫിലെയും ഇന്ത്യയിലെയും വിവിധ ബാങ്കുകളുമായി നിരന്തരം വായ്പാ ഇടപാടുകൾ നടത്തിക്കൊണ്ടിരുന്ന രാമചന്ദ്രന് വായ്പ ഉറപ്പു നൽകിയിരുന്ന രണ്ട് ബാങ്കുകൾ പൊടുന്നനെ വായ്പ നിഷേധിച്ചതാണ് പ്രശ്‌നങ്ങൾക്കു കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

ദുബായ് അവീറിലെ ജയിലിലായിരുന്നു അദ്ദേഹത്തിന്റെ തടവ്. ഏകാന്തതയായിരുന്നു തടവുകാലത്ത് രാമചന്ദ്രനെ ഏറ്റവും വിഷമിപ്പിച്ചത്. ജീവിതത്തിന്റെ സ്വിച്ച് ഇടയ്ക്ക് ഒന്ന് ഓഫ് ചെയ്ത് വയ്‌ക്കേണ്ടി വന്നെന്ന് അദ്ദേഹം അതെക്കുറിച്ച് പിൽക്കാലത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP