Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202413Thursday

ഗോൾ മഴപെയ്ത ആദ്യ പകുതി; രണ്ടാം പകുതിയിൽ മഞ്ഞപ്പട സമനില പിടിച്ച ഏക ഗോൾ മാത്രം; ഡയമാന്റകോസിന്റെയും ജോർദാൻ മുറെയുടേയും ഇരട്ട ഗോളുകൾ; ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് വിരാമമിട്ട് ചെന്നൈയിന്റെ സമനിലപ്പൂട്ട്

ഗോൾ മഴപെയ്ത ആദ്യ പകുതി; രണ്ടാം പകുതിയിൽ മഞ്ഞപ്പട സമനില പിടിച്ച ഏക ഗോൾ മാത്രം; ഡയമാന്റകോസിന്റെയും ജോർദാൻ മുറെയുടേയും ഇരട്ട ഗോളുകൾ; ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് വിരാമമിട്ട് ചെന്നൈയിന്റെ സമനിലപ്പൂട്ട്

സ്പോർട്സ് ഡെസ്ക്

കൊച്ചി: മിന്നും പ്രകടനത്തോടെ ആർത്തലച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് സമനില പൂട്ടിട്ട് ചെന്നൈയിൻ എഫ്.സി. ഗോൾ മഴപെയ്ത ആദ്യ പകുതിയിൽ 3-2ന് ചെന്നൈയിൻ മുന്നിട്ട് നിന്നപ്പോൾ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന് സമനില പിടിക്കാനായ ഏക ഗോൾ മാത്രമാണ് പിറന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഡയമാന്റകോസും ചെന്നൈയിന്റെ ജോർദാൻ മുറെയും ഇരട്ട ഗോളുകൾ നേടി. പെനാൽറ്റിയിലൂടെയായിരുന്ന ഇരുവരുടേയും ഒരോ ഗോളുകൾ. തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുന്നത്.

ഒന്നാം മിനിറ്റിൽ ആദ്യ ഗോളടിച്ച് ഞെട്ടിച്ച ചെന്നൈയിൻ വീറോടെ പൊരുതിയെങ്കിലും ബ്ലാസ്റ്റഴ്‌സ് കൃത്യ സമയങ്ങളിൽ തിരിച്ചടിച്ചാണ് ആവേശകരമായ സമനില സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ 2-3 ന് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് 59 -ാം മിനിട്ടിലാണ് സമനില ഗോൾ നേടിയത്. അവസാന 30 മിനിട്ടിൽ ഇരുടീമുകളും വിജയഗോളിനായി വട്ടമിട്ട് കറങ്ങിയെങ്കിലും വല ചലിപ്പിക്കാനായില്ല.

ബ്ലാസ്റ്റേഴ്സ് തട്ടകത്തിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ചെന്നൈയിൻ ആതിഥേയരെ ഞെട്ടിച്ചിരുന്നു. റഹീം അലിയാണ് സ്‌കോർ ചെയ്തത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയെ കബളിപ്പിച്ച് റാഫേൽ ക്രിവല്ലരോ എടുത്ത ഫ്രീ കിക്കിൽ ഒന്ന് ടച്ച് ചെയ്യേണ്ട പണിയെ റഹീം അലിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ 11-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പെനാൽറ്റി കിക്കിലൂടെ ഗോൾ തിരിച്ചടിച്ചു.

ഡയമാന്റകോസാണ് പന്ത് വലയിലെത്തിച്ചത്. രണ്ട് മിനിറ്റ് തികയും മുമ്പേ പെനാൽറ്റിയിലൂടെ തന്നെ ചെന്നൈയിൻ ലീഡ് തിരിച്ചുപിടിച്ചു. ജോർദാൻ മുറെയാണ് പെനാൽറ്റി കിക്കെടുത്തത്. 24-ാം മിനിറ്റിൽ ജോർദാൻ മുറെ വീണ്ടും ബ്ലാസ്റ്റേഴ്സ് പോസ്റ്റിൽ വെടിപ്പൊട്ടിച്ച് ചെന്നൈയിൻ ലീഡ് രണ്ടാക്കി ഉയർത്തി.

34-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ കൂടി തിരിച്ചടിച്ചു. അഡ്രിയാൻ ലൂണയുടെ പാസിൽ നിന്ന് ക്വാമി പെപ്രയാണ് തകർപ്പൻ ഗോൾ നേടിയത്. 59-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് സമനില ഗോൾ നേടാനായത്. ബോക്സിന് പുറത്ത് നിന്ന് ഡയമാന്റകോസ് തൊടുത്ത ഇടത് കാൽ ഷോട്ട് പോസ്റ്റിന്റെ വലത് മൂലയിൽ ചെന്ന് പതിച്ചു. ഇന്നത്തെ മത്സര ഫലത്തോടെ എട്ട് കളിയിൽ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഒന്നാമതെത്തി. ആറ് കളികളിൽ നിന്നും 16 പോയിന്റുള്ള ഗോവയാണ് രണ്ടാം സ്ഥാനത്ത്. എട്ട് കളിയിൽ നിന്ന് എട്ട് പോയിന്റോടെ ചെന്നൈയിൻ ഏഴാം സ്ഥാനത്ത് തന്നെ തുടരും.

എട്ടുകളിയിൽ നാലിലും തോറ്റ ചെന്നൈയിൻ ട്രാക്ക് മാറുന്നതിന്റെ സൂചനയോടെയാണ് കൊച്ചിയിലെത്തിയിരുന്നത്. ഈ സീസണിലെ ആദ്യ മൂന്നുകളി തോറ്റശേഷം പിന്നീട് രണ്ടുജയം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP