Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോൾ മന്ത്രിമാരുടെ ദൃശ്യങ്ങൾ കാണിക്കും; സഭയുടെ നടുത്തളത്തിൽ ഇറങ്ങൽ, ഇറങ്ങിപ്പോക്ക്, ബഹളം ഒന്നും കാണിക്കാറേയില്ല; സഭാ ടിവിയുടെ ഒളിച്ചുകളിക്ക് എതിരെ പ്രതിപക്ഷം; സമാന്തര ഇടപെടൽ വേണ്ടി വരുമെന്ന് വി ഡി സതീശൻ; സ്പീക്കർക്ക് കോൺഗ്രസിന്റെ കത്ത്

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോൾ മന്ത്രിമാരുടെ ദൃശ്യങ്ങൾ കാണിക്കും; സഭയുടെ നടുത്തളത്തിൽ ഇറങ്ങൽ, ഇറങ്ങിപ്പോക്ക്, ബഹളം ഒന്നും കാണിക്കാറേയില്ല;  സഭാ ടിവിയുടെ ഒളിച്ചുകളിക്ക് എതിരെ പ്രതിപക്ഷം; സമാന്തര ഇടപെടൽ വേണ്ടി വരുമെന്ന് വി ഡി സതീശൻ; സ്പീക്കർക്ക് കോൺഗ്രസിന്റെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ മറച്ചുവച്ച് സഭാ ടിവി ഒളിച്ചുകളിക്കുന്നുവെന്ന് പരാതി. ഇക്കാര്യത്തിൽ, നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ ദൃശ്യങ്ങൾ കാണിക്കാൻ തയ്യാറായില്ലെങ്കിൽ സമാന്തര ഇടപെടലുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് വിഡി സതീശൻ മുന്നറിയിപ്പ് നൽകി. അതിനിടെ, സഭ ടിവി ഉന്നതാധികാര സമിതിയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങളുടെ രാജിയെ തുടർന്ന് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി എഡിറ്റോറിയൽ ബോർഡ് പുനഃസംഘടിപ്പിച്ചു.

നിയമസഭാ നടപടികളുടെ തത്സമയ സംപ്രേഷണത്തിൽ പ്രതിപക്ഷ ദൃശ്യങ്ങൾ സെൻസർ ചെയ്യുന്ന സഭാ ടിവി നടപടിയിൽ രണ്ട് തവണയാണ് വി ഡി സതീശൻ സ്പീക്കർക്ക് രേഖാ മൂലം പരാതി നൽകിയത്. പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോൾ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ കാണിക്കാതെ മന്ത്രിമാരുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതും സഭ അധ്യക്ഷന്റെ ദൃശ്യം ഇല്ലാതെ സഭ നടപടികൾ സംപ്രേഷണം ചെയ്യുന്നതും ഉൾപ്പെടെയുള്ള നടപടികളാണ് നിലവിൽ സഭ ടിവി സ്വീകരിച്ചിരിക്കുന്നത് എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.

സഭ ടിവിയുടെ പുതിയ എഡിറ്റോറിയൽ ബോർഡിൽ, കെ കുഞ്ഞുകൃഷ്ണൻ, ടി ടി പ്രഭാകരൻ, തനൂജ ഭട്ടതിരി, ബിന്ദു ഗണേശ് കുമാർ, കെ മോഹൻകുമാർ, ഇ സനീഷ്, ഇ കെ മുഷ്താഖ്, ബി എസ് സുരേഷ് കുമാർ എന്നിവരാണ് അംഗങ്ങൾ. സഭാ ടിവി പരിപാടികളുടെ ചിത്രീകരണ മേൽനോട്ടത്തിനാണ് സമിതി. അതിനിടെ, സഭാ ടിവി നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ പ്രവർത്തനത്തെ പൂർണമായി അവഗണിക്കുന്നതിന് എതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ പി അനിൽകുമാർ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി.

ബഹുമാനപ്പെട്ട സ്പീക്കർ

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിയമസഭാ നടപടികൾ നേരിട്ട് ചിത്രീകരിച്ചു സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതി സഭ ടിവിക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പ്രസ്തുത നിയന്ത്രണം കോവിഡ് സാഹചര്യങ്ങൾ മാറിയിട്ടും പിൻവലിക്കാത്തതിനെ തുടർന്ന് എല്ലാ ചാനലുകൾക്കും സഭാ നടപടികൾ ചിത്രീകരിച്ച് സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് താങ്കൾക്ക് കത്ത് നൽകിയിട്ടുള്ളതുമാണ്. ഈ കാര്യത്തിൽ അടിയന്തരമായി അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിൽ സഭാ ടി വി മുഖേന നിയമസഭാ നടപടികൾ സംപ്രേഷണം ചെയ്യുമ്പോൾ, ഏറെ പൊതു പ്രാധാന്യമുള്ള ജനകീയ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം സഭയിൽ നടത്തുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നില്ല. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോൾ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ കാണിക്കാതെ മന്ത്രിമാരുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതും സഭ അധ്യക്ഷന്റെ ദൃശ്യം ഇല്ലാതെ സഭ നടപടികൾ സംപ്രേഷണം ചെയ്യുന്നതും ഉൾപ്പെടെ ചരിത്രത്തിൽ ഇല്ലാത്തതും പാർലമെന്ററി ജനാധിപത്യത്തിന് ഭൂഷണമല്ലാത്തതുമായ നടപടികളാണ് നിലവിൽ സഭ ടിവി സ്വീകരിച്ചിരിക്കുന്നത്.

ചട്ടം 36 പ്രകാരം 2002ൽ സഭാധ്യക്ഷൻ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് നിലവിൽ നിയമസഭാ നടപടികളുടെ സംപ്രേഷണം ക്രമീകരിച്ചിരിക്കുന്നത്. 2004 ജനുവരി 1നാണ് സ്വകാര്യ ചാനലുകളിലൂടെ സഭാ നടപടികളുടെ തൽസമയ സംപ്രേഷണം ആരംഭിച്ചത്.

1994 ജൂൺ 22ന് ബഹു സ്പീക്കർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ലോക്‌സഭയിലെ സഭ നടപടികൾ ടെലികാസ്റ്റ് ചെയ്യുന്നത്. എന്നാൽ 2005 മെയ് മാസത്തിൽ സ്പീക്കറുടെ നിർദ്ദേശപ്രകാരം ലോക്‌സഭാ നടപടികളുടെ സംപ്രേഷണ കാര്യത്തിൽ താഴെപ്പറയുന്ന പ്രകാരം വളരെ പ്രധാനപ്പെട്ട ഒരു ഭേദഗതി വരുത്തിയിട്ടുണ്ട്.

സഭയുടെ നടുത്തളത്തിൽ ഇറങ്ങൽ, ഇറങ്ങിപ്പോക്ക്, ബഹളം എന്നിവ ഉൾപ്പെടെ സഭയിൽ സംഭവിക്കുന്ന കാര്യങ്ങളുടെ യഥാർത്ഥ പ്രതിഫലനം ആയിരിക്കണം ലോക്‌സഭാ നടപടികളുടെ സംപ്രേഷണം. സഭയിൽ ബഹളമുണ്ടാകുമ്പോൾ ബഹളം നടക്കുന്ന സ്ഥലത്തേക്ക് ക്യാമറ ഫോക്കസ് ചെയ്യേണ്ടതാണ് അത്തരം സന്ദർഭങ്ങളിൽ സഭയിൽ ആദ്ധ്യക്ഷം വഹിക്കുന്ന ആളിന്റെ ദൃശ്യങ്ങൾ ഇടയ്ക്കിടെ ഉൾപ്പെടുത്താവുന്നതാണ്.''
ലോകസഭ നടപടികളുടെ സംപ്രേഷണം സംബന്ധിച്ച മേൽപ്പറഞ്ഞ ഭേദഗതിയുടെ അന്ത:സത്ത കൂടി ഉൾക്കൊണ്ട് പാർലമെന്ററി ജനാധിപത്യ മര്യാദകൾ പാലിച്ചാണ് കഴിഞ്ഞകാലങ്ങളിൽ നിയമസഭാ നടപടികളുടെ സംപ്രേഷണം ക്രമീകരിച്ചിരുന്നത്.

എന്നാൽ നിലവിൽ സഭാ ടിവി സർക്കാർ നിയന്ത്രണത്തിലുള്ള ചാനൽ എന്ന രീതിയിൽ, പ്രതിപക്ഷ പ്രവർത്തനങ്ങളെയും പ്രതിഷേധങ്ങളെയും പൊതുസമൂഹത്തിൽ നിന്നും മറച്ചുവെക്കുന്നതിനുള്ള ഗൂഢ ലക്ഷ്യവുമായി പ്രവർത്തിക്കുകയാണ്. കീഴ് വഴക്കങ്ങൾക്ക് വിരുദ്ധമായ ഇത്തരം ഫാസിസ്റ്റു പ്രവണതകൾ കേരളത്തിലെ പാർലമെന്ററി ജനാധിപത്യ പ്രക്രിയയെ വളരെയധികം ദുർബലപ്പെടുത്തും എന്ന കാര്യത്തിൽ തർക്കമില്ല.

ആയതിനാൽ, സഭ ടിവി മുഖേന നിയമസഭാ നടപടികൾ സംപ്രേഷണം ചെയ്യുമ്പോൾ ബഹുമാനപ്പെട്ട ലോക്‌സഭാ സ്പീക്കറുടെ 2005 മെയ് മാസത്തിലെ നിർദ്ദേശത്തിന്റെ അന്ത:സത്ത ഉൾക്കൊണ്ടും കീഴ് വഴക്കങ്ങൾ മാനിച്ചും പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ കൂടി സംപ്രേഷണം ചെയ്യുന്നതിന് അടിയന്തര നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP