ബിജെപിക്കെതിരെ അഖിലേന്ത്യാടിസ്ഥാനത്തിൽ മതേതര പാർട്ടികളുടെ കൂട്ടായ്മയ്ക്കുള്ള സാധ്യത വീണ്ടും സജീവമായി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആശയത്തിന് പിന്തുണയുമായി എൻസിപി നേതാവ് ശരദ് പവാറും രംഗത്തെത്തി. മോദിയെ ചെറുക്കുന്നതിന് രാജ്യത്തെ മതേതര പാർട്ടികൾ കൈകോർക്കണമെന്ന നിതീഷിന്റെ പ്രസ്താവന സ്വാഗതാർഹമാണെന്ന് പവാർ പറഞ്ഞു.

രാജ്യത്തെ ജനപ്രിയ മുഖ്യമന്ത്രിമാരിലൊരാളാണ് നിതീഷ്. വളരെ പ്രധാനപ്പെട്ട നീക്കത്തിനാണ് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. സമയോചിതമായ തീരുമാനമാണത്-നിതീഷിന്റെ മതേതര മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പവാർ പറഞ്ഞു.

ബിഹാറിൽ ലാലു പ്രസാദ് യാദവുമൊത്ത് ബിജെപിയ തറപറ്റിച്ച നിതീഷ് കൂടുതൽ വിശാലമായ മതേതര മുന്നണിയുടെ ആവശ്യകതയെക്കുറിച്ച് കഴിഞ്ഞയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ബിഹാറിലെ വിജയത്തെ രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കുന്നതിനും മോദിക്കെതിരെ സ്വയം നേതൃത്വത്തിലേക്ക് ഉയർന്നുവരുന്നതിനുമുള്ള നിതീഷിന്റെ ശ്രമങ്ങളുടെ തുടക്കമായി ഇത് വിലയിരുത്തപ്പെട്ടു.

നിതീഷിന്റെ മനസ്സിലുള്ള വിശാലമായ മതേതരമുന്നണിയിൽ കോൺഗ്രസ്സും ഇടതുപാർട്ടികളുമൊക്കെയുണ്ട്. നിതീഷിനെ പിന്തുണച്ചുകൊണ്ടുള്ള പവാറിന്റെ പ്രസ്താവന ആ രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇത്തരമൊരു മുന്നണിയിലേക്ക് കോൺഗ്രസ് വരാനുള്ള ഏറ്റവും വലിയ തടസ്സം രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി പദവി മോഹമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ആസ്സാമിൽ കോൺഗ്രസ്സും എതിരാളിയായ ബദറുദീൻ അജ്മലിന്റെ എഐയുഡിഎഫുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചതും മതേതര മുന്നണി ലക്ഷ്യമിട്ടുകൊണ്ടുതന്നെയാണ്. നിതീഷിന്റെ ഈ ശ്രമം വിജയിച്ചില്ലെങ്കിലും ബിജെപിയിതര മുന്നണിക്കുവേണ്ടിയുള്ള ശ്രമം തുടരുമെന്ന് വ്യക്തമാക്കുന്നതാണ് നിതീഷിന്റെ കഴിഞ്ഞയാഴ്ചത്തെ പ്രസ്താവനയും. 

സ്വന്തം പാർട്ടി കൺവെൻഷനിൽ സംസാരിക്കവെയാണ് നിതീഷ് ബിജെപിക്കെതിരെ മതേതര മുന്നണികൾ യോജിക്കണമെന്ന ആവശ്യം നിതീഷ് ഉയർത്തിയത്. ബിജെപിയുടെ ജനപിന്തുണ നഷ്ടമായാലും അതിനെതിരെ വിജയം കാണണമെങ്കിൽ യോജിച്ച കൂട്ടായ്മ തന്നെ വേണമെന്നും നിതീഷ് പറഞ്ഞു.