- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റമദാൻ ആശംസ കൈമാറി സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാർ; കൂടിക്കാഴ്ച എംബസികൾ വീണ്ടും തുറക്കുന്നതിന് മുമ്പ്
റിയാദ്: വ്രതാരംഭത്തിന്റെ തലേന്ന് ഫോണിൽ സംസാരിച്ച സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ പരസ്പരം റമദാൻ ആശംസ നേർന്നു. ഇരു രാജ്യങ്ങളുടെയും എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കുന്നതിന് മുമ്പ് കൂടിക്കാഴ്ച നടത്താൻ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറാനിയൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയനും തമ്മിൽ ധാരണയായി.
ദീർഘകാലത്തിന് ശേഷമാണ് ഇരുരാജ്യത്തെയും വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിക്കുന്നതും കൂടിക്കാഴ്ച നടത്തുന്നതും. 2016ൽ വിച്ഛേദിച്ച നയതന്ത്രബന്ധം പുനഃരാരംഭിക്കുമെന്ന് സൗദി അറേബ്യയും ഇറാനും മാർച്ച് 10ന് ബെയ്ജിങ്ങിൽ പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ മധ്യസ്ഥതയിൽ തയാറാക്കിയ കരാറിൽ സൗദി കാബിനറ്റ് അംഗവും സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മുസായിദ് അൽ-ഐബാനും ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ഷംഖാനിയുമാണ് ഒപ്പുവെച്ചത്.
നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്നും രണ്ട് മാസത്തിനുള്ളിൽ ഇരുരാജ്യങ്ങളുടെയും എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കുമെന്നും കരാറിൽ പറയുന്നു. രാജ്യങ്ങളുടെ പരമാധികാരത്തോട് ആദരവ് പുലർത്തുമെന്നും ആഭ്യന്തര കാര്യങ്ങളിൽ പരസ്പര ഇടപെടലുകൾ ഉണ്ടാവുകയില്ലെന്നും കരാർ സ്ഥിരീകരിക്കുന്നു.