ന്യൂയോർക്ക്: കാമുകിയെ ആക്രമിച്ചെന്ന പരാതിയിൽ ഹോളിവുഡ് നടൻ ജോനാഥൻ മേജേഴ്സ് അറസ്റ്റിലായി. ആക്രമണം, ശാരീരിക ഉപദ്രവം എന്നീ കുറ്റങ്ങൾ ചുമത്തി ശനിയാഴ്ചയാണ് പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. ബ്രൂക്ലിനിലെ ഒരു ബാറിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന ടാക്‌സിയിൽ വെച്ച് താരവും കാമുകിയും തമ്മിൽ തർക്കമുണ്ടാവുകയും ഇയാൾ യുവതിയെ ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതി.

മറ്റൊരു സ്ത്രീ മേജേഴ്സിന് സന്ദേശമയക്കുന്നത് കാമുകി കണ്ടതിനെ തുടർന്നാണ് ഇരുവർക്കുമിടയിൽ തർക്കമുണ്ടായത്. തുടർന്ന് മേജേഴ്സ് മർദ്ദിച്ചുവെന്നാണ് പരാതി. യുവതിയുടെ തലയിലും മുതുകിലും ചില മുറിവുകൾ ഉണ്ടായിരുന്നു എന്ന് പൊലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

എന്നാൽ മേജേഴ്‌സ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്റെ പ്രതിനിധി പറഞ്ഞു.ഹോളിവുഡിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന അഭിനേതാക്കളിൽ ഒരാളാണ് മേജേഴ്‌സ്. മാർവൽ സ്റ്റുഡിയോസിന്റെ പുതിയ ഫേസിലെ പ്രധാന വില്ലൻ കഥാപാത്രമായ കാങ്ങിനെ നടനാണ് അവതരിപ്പിക്കുന്നത്. 'ക്രീഡ് 3', 'ആൻഡ്-മാൻ ആൻഡ് ദി വാസ്പ്: ക്വാണ്ടുമാനിയ' എന്നീ ചിത്രങ്ങളാണ് മേജേഴ്സിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ഈ വർഷത്തെ ഓസ്‌കർ ചടങ്ങിലെ അവതാരകൻ കൂടിയായിരുന്നു അദ്ദേഹം.