കാബൂള്‍: അഫ്ഗാനിസ്ഥാനെ നടുക്കി വീണ്ടും ഭൂചലനം. വടക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 20 ആയി ഉയര്‍ന്നു. മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറഞ്ഞു. തിങ്കള്‍ പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനെ വിറപ്പിച്ചത്. ഖുല്‍ം പട്ടണത്തിന് 22 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ഏകദേശം 523,000 ജനസംഖ്യയുള്ള മസാര്‍-ഇ ഷെരീഫിന് സമീപം 28 കിലോമീറ്റര്‍ (17.4 മൈല്‍) ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

20 പേര്‍ കൊല്ലപ്പെട്ടതായും 320 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് ഷര്‍ഫത്ത് സമാന്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ നാശനഷ്ടമുണ്ടായ ബാല്‍ഖ്, സമന്‍ഗന്‍ പ്രവിശ്യകളിലെ വിദൂര ഗ്രാമങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാബൂളിലും മസാര്‍- ഇ -ഷെരീഫിലും അഫ്ഗാനിസ്ഥാനിലെ മറ്റ് നിരവധി പ്രവിശ്യകളിലും ഭൂകമ്പം അനുഭവപ്പെട്ടു. കാബൂളിനെ മസാര്‍-ഇ-ഷെരീഫുമായി ബന്ധിപ്പിക്കുന്ന പ്രധാന പര്‍വത പാതയില്‍ പാറകള്‍ ഇടിഞ്ഞുവീണ് ഗതാഗത തടസമുണ്ടായതായി പ്രതിരോധ മന്ത്രാലയം പറഞ്ഞു. പരിക്കേറ്റ് ദേശീയപാതയില്‍ കുടുങ്ങിയ ചിലരെ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.