Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുസ്തി താരങ്ങൾ ഗംഗയിൽ മെഡലുകൾ നിമജ്ജനം ചെയ്യാൻ പോയിട്ടുപോലും കണ്ണുതുറക്കാതെ അധികാരികൾ; ഭയക്കുന്നത് അയോധ്യയിലെ അഖാഡയിൽ ഗുസ്തി പരിശീലിച്ച ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ പരുക്കൻ അടവുകളെ; അയോധ്യയിലെ വിദ്യാർത്ഥി രാഷ്ട്രീയം കളിത്തട്ടാക്കി മാറ്റിയ നേതാവിന് ആകെ ഭയം യോഗി ആദിത്യനാഥിനെ; സിങ്ങിനെ നിലയ്ക്ക് നിർത്താനാവുന്നതും യുപി മുഖ്യമന്ത്രിക്ക് തന്നെ

ഗുസ്തി താരങ്ങൾ ഗംഗയിൽ മെഡലുകൾ നിമജ്ജനം ചെയ്യാൻ പോയിട്ടുപോലും കണ്ണുതുറക്കാതെ അധികാരികൾ; ഭയക്കുന്നത്  അയോധ്യയിലെ  അഖാഡയിൽ ഗുസ്തി പരിശീലിച്ച ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ പരുക്കൻ അടവുകളെ; അയോധ്യയിലെ വിദ്യാർത്ഥി രാഷ്ട്രീയം കളിത്തട്ടാക്കി മാറ്റിയ നേതാവിന് ആകെ ഭയം യോഗി ആദിത്യനാഥിനെ; സിങ്ങിനെ നിലയ്ക്ക് നിർത്താനാവുന്നതും യുപി മുഖ്യമന്ത്രിക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനമായ കായികതാരങ്ങൾ തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ഒരുങ്ങിയിട്ട് പോലും ഡൽഹിയിലെ അധികാരകേന്ദ്രങ്ങൾ കണ്ണുതുറക്കാത്തത് എന്തുകൊണ്ടാണ്? കാരണം വേറൊന്നുമല്ല, എതിർപക്ഷത്ത് നിൽക്കുന്ന കൈസർ ഗഞ്ച് എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിങ് നിസ്സാരക്കാരനല്ല എന്നത് തന്നെ.

സിങ് ബിജെപിയിൽ ചേരും മുമ്പ് തന്നെ സംഘപരിവാറിൽ വേരുകൾ ഉള്ള നേതാവാണ്. മുൻ വിഎച്ച്പി അദ്ധ്യക്ഷൻ അശോക് സിംഘാളിന്റെ അടുത്ത ആളായിരുന്നു. അയോധ്യയിൽ പഠിച്ച് അവിടുത്തെ വിദ്യാർത്ഥി രാഷ്ട്രീയം കളിത്തട്ടാക്കി വളർന്ന് വന്ന നേതാവ്. ബാബറി മസ്ജിദ് തകർത്ത നാളുകളിൽ ക്ഷേത്രനഗരിയിലുണ്ടായിരുന്നു. കർസേവകരെ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് ബ്രിജ്ഭൂഷണന് എതിരെ കേസെടുക്കുകയും ചെയ്തു. അപ്പോഴേക്കും, ബിജെപി സ്ഥാനാർത്ഥി എന്ന നിലയിൽ ആദ്യ ജയം നേടി കഴിഞ്ഞിരുന്നു.

അയോധ്യനാളുകളിൽ ഹനുമാൻ ഗാർഹിയിലെ അഖാഡയിൽ വച്ചാണ് ഗുസ്തി പഠിച്ചത്. ഗുസ്തി താരങ്ങളുടെ രണ്ടാമത്തെ സമരം ആരംഭിച്ച ശേഷം സിങ് താരതമ്യേന നിശ്ശബ്ദനായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച സിങ് പറഞ്ഞു: ' പോരാട്ടത്തിനുള്ള ശേഷം എനിക്ക് അവസാനിച്ചുവെന്ന് തോന്നുന്ന ദിവസം എന്റെ മരണമായിരിക്കും.

അതേസമയം, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഉള്ള സിങ്ങിന്റെ ബന്ധം സമീപകാലത്ത് മോശമായതായാണ് റിപ്പോർട്ട്. പാർട്ടിയുടെ ഹിന്ദുത്വ മുഖം എന്ന പ്രതിച്ഛായയുള്ള യോഗി ആദിത്യനാഥിന്റെയും സിങ്ങിന്റെയും താൽപര്യങ്ങൾ തമ്മിൽ ചേരാതെ പോകുന്നുവെന്നും പറയുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രാദേശിക ഭരണകൂടം സിങ്ങിന് സഹായകരമായ നിലപാടല്ല സ്വീകരിക്കുന്നത്. ഗോണ്ടയിൽ സിങ്ങിന്റെ അനന്തരവൻ അനധികൃതമായി മൂന്ന് ഏക്കർ കരസ്ഥമാക്കിയെന്ന ആരോപണം വന്നപ്പോൾ പ്രാദേശിക ഭരണകൂടം സഹായകമായ നിലപാട് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, സുമിത് ഭൂഷൺ സിങ്ങിന്റെ ഭൂമിയിലെ മതിൽ പൊളിച്ചുകളയുകയും കേസെടുക്കുകയും ചെയ്തിരുന്നു.

ബിജെപി എംപിയായ ഗുണ്ടാ നേതാവ്, ആരാൺ ബ്രിജ്ഭൂഷൺ?

ഗുണ്ടായിസം കൊണ്ടു വളർന്ന ഗ്യാങുകൾ ഉത്തർപ്രദേശിൽ ധാരാളമുണ്ട്. ഈ ഗ്യാങുകളിലെ പ്രധാന നേതാക്കളിൽ ഒരാളാണ് ബ്രിജ്ഭൂഷൺ. താൻ കൊലപാതകം ചെയ്തിട്ടുണ്ടെന്ന് പരസ്യമായി വിളിച്ചു പറഞ്ഞ വ്യക്തിയാണ് അദ്ദേഹം. മാഫിയ കിങ് എന്നാണ് ഈ ബിജെപി എംപി അറിയപ്പെടുന്നത്. ക്ഷേത്രക്കുളങ്ങളിൽ നേർച്ചയിടുന്ന നാണയങ്ങൾ മുങ്ങിയെടുത്തു തുടങ്ങിയ ജീവിതം പിന്നീട് കൊക്കിൽ ഒതുങ്ങാത്തതും കൊത്തി തുടങ്ങി. ബൈക്ക് മോഷണവും മദ്യവ്യാപാരവും തൊഴിലാക്കി വ്യക്തി ശക്തിശാലിയായി മാറി. ഏഴ് വനിതാ ഗുസ്തി താരങ്ങളും പ്രായപൂർത്തിയാകാത്ത മറ്റൊരു താരവും ലൈംഗികാരോപണ പരാതി ഉന്നയിച്ചിട്ടും കനത്ത പ്രതിഷേധച്ചൂടിലും ബ്രിജ്ഭൂഷൺ സിങ് ഒരു കൂസലുമില്ലാതെ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനായി ബ്രിജ്ഭൂഷണുണ്ട്. സകലതും പയറ്റിത്തെളിഞ്ഞ ബ്രിജഭൂഷണ് ഇതൊന്നും പുത്തരിയല്ല.

ബ്രിജ് ഭൂഷൺ ഷരൺ സിങ് എന്നാണ് മുഴുവൻ പേര്. 1957 ജനുവരി എട്ടിന് ജഗദംബ ശരൺ സിങ്ങിന്റെയും ശ്രീമതിയുടെയും മകനായി ജനനം. ഫൈസാബാദിലെ ഡോ. അർ.എംഎൽ അവധ് അംബേദ്കർ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം. 1980കളുടെ അവസാനത്തിൽ രാമജന്മഭൂമി പ്രസ്ഥാനം വഴിയാണ് ബ്രിജ് ഭൂഷണിന്റെ രാഷ്ട്രീയ അരങ്ങേറ്റം. ഇതിന്റെ തുടർച്ചയായിട്ടാണ് 1990 കളുടെ അവസാനം ബ്രിജ്ഭൂഷൺ സിങ് ബിജെപിയിൽ ചേരുന്നത്. 1991ൽ ഉത്തർപ്രദേശിലെ ഗോണ്ട നിയോജകമണ്ഡലത്തിൽ നിന്നും ബിജെപിയുടെ ടിക്കറ്റിൽ ആദ്യമായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് അയാൾ തിരിഞ്ഞുനോക്കിയിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ വിജയം.

ആറുതവണ അയാൾ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ൽ ബ്രിജ് ഭൂഷൺ ജയിലിലായിരുന്നപ്പോൾ പകരം ഭാര്യ കേതകി ദേവി സിങാണ് മത്സരിച്ചതും വിജയിച്ചതും. തുടർന്ന് 1999ൽ ഇതേ മണ്ഡലത്തിൽ നിന്ന് പതിമൂന്നാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1999 വർഷങ്ങളിൽ ഗോണ്ട ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച അദ്ദേഹത്തെ 2004 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ബൽറാംപൂരിലേക്ക് മാറ്റി. പകരം ഗോണ്ടയിൽ ഖൻശ്യാം ശുക്ലക്ക് സീറ്റ് നൽകുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പ് ദിവസം ശുക്ല കൊല്ലപ്പെട്ടു. ബൽറാംപൂർ മണ്ഡലത്തിൽ നിന്ന് ബ്രിജ്ഭൂഷൺ വിജയിച്ച് വീണ്ടും എംപിയായെങ്കിലും ശുക്ലയുടെ മരണം കൊലപാതകമാണെന്ന ചർച്ച ഉയർന്നു.

2008 ജൂലൈയിൽ നിർണായകമായൊരു അവിശ്വാസപ്രമേയത്തിൽ യു.പി.എക്ക് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് ബിജെപി ബ്രിജ് ഭൂഷൺ സിങിനെ പുറത്താക്കിയിരുന്നു. എന്നാൽ സമാജ് വാദി പാർട്ടി അദ്ദേഹത്തിന് സീറ്റ് നൽകി. അങ്ങനെ 2009ൽ കൈസർഗഞ്ച് മണ്ഡലത്തിൽ നിന്ന് ബ്രിജ് ഭൂഷൺ സിങ് വീണ്ടും എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ അയാൾ വീണ്ടും ബിജെപിയിലേക്ക് തന്നെ തിരിച്ചുപോയി 2014-ൽ വീണ്ടും ബിജെപിയിൽ ചേർന്ന അദ്ദേഹം 2014-ലും 2019-ലും കൈസർഗഞ്ചിൽ വിജയം ആവർത്തിച്ചു. 1991ൽ ഉത്തർപ്രദേശിലെ ഗോണ്ട നിയോജകമണ്ഡലത്തിൽ നിന്നും ബിജെപിയുടെ ടിക്കറ്റിൽ ആദ്യമായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് അയാൾ തിരിഞ്ഞുനോക്കിയിട്ടില്ല. ആറുതവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.

കൊലപാതകം, കൊലപാതക ശ്രമം, പീഡനശ്രമം, ബൈക്ക് മോഷണം, മദ്യക്കടത്ത്, വെടിവെപ്പ് എന്നിങ്ങനെ 38 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബ്രിജ് ഭൂഷൺ. ഈ കേസുകളാകട്ടെ അയോധ്യാ, ഫൈസാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ്. ബാബറി മസ്ജിദ് തകർക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ എൽ.കെ അധ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺസിങ് തുടങ്ങിയവരോടൊപ്പം പ്രതിപ്പട്ടികയിൽ പ്രധാന പ്രതികളിലൊരാളായി ബ്രിജ് ഭൂഷണും ഉണ്ടായിരുന്നു. സിബിഐ അറസ്റ്റ് ചെയ്ത ഇയാൾക്ക് സുപ്രിം കോടതി ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. 1990ൽ ഗുണ്ടാതലവൻ ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയതിനും ബ്രിജ് ഭൂഷൺ അറസ്റ്റിലായിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ തടയൽ നിമയപ്രകാരം അദ്ദേഹം തിഹാർ ജയിലിൽ അടക്കപ്പെട്ടു. എ്നാൽ തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയാണ് ഉണ്ടായത്.

സുഹൃത്തും സമാജ്വാദി പാർട്ടി നേതാവും മന്ത്രിയുമായിരുന്ന വിനോദ് കെ സിങ് എന്ന പണ്ഡിറ്റ്‌സിങ്ങിനെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു എന്ന പരാതിയിൽ 1993ൽ ബ്രിജ് ഭൂഷണിനെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2011 മുതൽ പത്തുവർഷത്തിലധികമായി ദേശീയ ഗുസ്തി ഫെഡറേഷൻ അടക്കി ഭരിക്കുന്ന ബ്രിജ്ഭൂഷൺ ബിജെപിയുടെ തുറുപ്പു ചീട്ട് കൂടിയാണ്. ബഹ്റൈഖ്, ഗോണ്ട, ബൽറാംപൂർ, അയോധ്യ, ശ്രാവസ്തി ജില്ലകളിലായി 50-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ബ്രിജ് ഭൂഷൺ നടത്തുന്നത്. ഇതാണ് ഗോണ്ട മേഖലയിൽ അദ്ദേഹത്തിന്റെ സ്വാധീനത്തിന്റെ അടിസ്ഥാനവും. ഗുസ്തിക്കായി എത്തുന്നവർ ശക്തരായ ആൺകുട്ടികളും പെൺകുട്ടികളുമാണ്.

2023 ജനുവരിയിലാണ് ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണം ഉയർത്തി വനിതാ താരങ്ങൾ രംഗത്ത് വന്നത്. ഗുസ്തി ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നു എന്നും ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നുമായിരുന്നു പരാതികൾ. ഏഴ് വനിതാ താരങ്ങളും പ്രായപൂർത്തിയാകാത്ത മറ്റൊരു താരവുമാണ് പരാതി നൽകിയത്. സാക്ഷി മാലിക്, സംഗീത ഫോഗട്ട്, ജിതേന്ദർ കിൻഹ തുടങ്ങി മുപ്പതോളം ഗുസ്തി താരങ്ങൾ അന്ന് ജന്തർ മന്തറിൽ പ്രതിഷേധിച്ചു. വർഷങ്ങളായി ഇയാൾ പീഡനം തുടരുന്നുണ്ടെന്നും ഇങ്ങനെയൊരാൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും താരങ്ങൾ അന്ന് പറഞ്ഞിരുന്നു.

പിന്നീട് ജനുവരി 20ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചർച്ചയിൽ ബ്രിജ് ഭൂഷണിനെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ താരങ്ങൾ സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ വാക്ക് പാലിക്കാൻ കേന്ദ്രം തയ്യാറാവാത്തതിനെ തുടർന്നാണ് താരങ്ങൾ വീണ്ടും ജന്തർമന്ദറിൽ സമരം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP