കൊച്ചി: പിഎം ശ്രീ വിവാദത്തില്‍ സിപിഐയെ പരിഹസിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സിപിഐ നേതാവ് എസ് സനീഷ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐ എതിര്‍പ്പ് ഉയര്‍ത്തുന്നതെന്നും മുഖ്യമന്ത്രി കണ്ട് സംസാരിച്ചാല്‍ സിപിഐയുടെ പ്രശ്‌നമെല്ലാം അവിടെത്തീരുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തര്‍ധാര ഇല്ല എല്ലാം രാഷ്ട്രീയമാണ്. കേന്ദ്രവുമായി ചര്‍ച്ചചെയ്ത് പലതും നേടിയെടുക്കുമ്പോള്‍ അന്തര്‍ധാര എന്നല്ല പ്രായോഗിക ബുദ്ധി എന്ന് വേണം പറയേണ്ടതെന്നും പ്രായോഗിക ബുദ്ധി ഉപയോഗിച്ച് സര്‍ക്കാര്‍ പണം വാങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെളളപ്പള്ളിയുടെ പരാര്‍ശത്തിന് ഏതാനും ദിവസം മുമ്പ് എസ് സനീഷ് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. എസ്.എന്‍.ഡി.പി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി മഹേശന്റെ ആത്മഹത്യ കേസില്‍, അറസ്റ്റ് ഭയന്ന് പൊലീസ് മന്ത്രിയുടെ കാല് തിരുമ്മുന്നത് സിപിഐക്ക് വ്യക്തമായി അറിയാം എന്നാണ് എസ് സനീഷ് കുറിച്ചത്.


സനീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

മിസ്റ്റര്‍ വെള്ളാപ്പള്ളി നടേശന്‍

സ്വന്തം മകനെ സമാനം തേഞ്ഞവന്‍ എന്ന് വിളിക്കുന്ന വെറും കള്ള് കച്ചവടക്കാരന്റെ പ്രശംസ സിപിഐയ്ക്ക് അവശ്യമില്ല. 300 ലേറെ തട്ടിപ്പ് കേസുകളില്‍ പ്രതിയായ് എഷ്യയില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പ് കേസുകളില്‍ പ്രതിയും 123 കേസുകളില്‍ എഫ്‌ഐആര്‍ ഇടുകയും 23 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയും ചെയ്തിട്ടുള്ള തട്ടിപ്പുകാരനായ താങ്കള്‍ കേസില്‍ നിന്ന് രക്ഷപ്പെടുവാന്‍ നാട് ഭരിക്കുന്നവരുടെയോക്കെ കാല് നക്കുക സ്വാഭാവികമാണ്.

എന്നാല്‍ സിപിഐ ക്ക് താങ്കളുടെ ഔദാര്യം അവശ്യമില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി പി ഐ. തന്നെ പോലെ നിര്‍ദ്ധനരായ സ്ത്രീകളുടെ മൈക്രോ ഫിനാന്‍സ് തുക തട്ടിയ ചരിത്രം പാര്‍ട്ടിക്കില്ല. കഴിഞ്ഞ 30 വര്‍ഷമായി ശ്രീനാരായണിയ പ്രസ്ഥാനത്തില്‍ താന്‍ നടത്തിയ കൊള്ളയ്ക്ക് കൂട്ട് നില്‍ക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ല. തന്റെ മകന്‍ പട്ടായയില്‍ ഉല്ലസിക്കുന്ന പണം ഈ നാട്ടിലെ പാവപ്പെട്ട ഈഴവരെ കൊള്ള ചെയ്ത പണമല്ലേ നടേശ. തന്റെ വീടിരിക്കുന്ന വാര്‍ഡിലെ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വളര്‍ന്നിട്ടില്ല. മഹേശന്റെ അത്മഹത്യ കേസില്‍ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പോലിസ് മന്ത്രിയുടെ കാല് തിരുമ്മുന്നത് പാര്‍ട്ടിക്ക് വ്യക്തമായി അറിയാം.


പൊലീസ് മന്ത്രിയുടെ കാല് തിരുമ്മല്‍ പരാമര്‍ശം സിപിഎമ്മുകാരെ ചൊടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു കമന്റ് ഇങ്ങനെ:

പോലീസ് മന്ത്രിയുടെ കാല് തിരുമല്‍

മനസിലായില്ലാ.....

നിലവിലെ പോലീസ് മന്ത്രിയുടെ

കാല് തിരുമാന്‍ചെന്ന്

കാര്യം സാധിക്കുന്നത്

വളരെ ബുദ്ധിമുട്ടാ

സഹോ...

വായില്‍ തോന്നുന്നത് കോതയ്ക്ക്

പാട്ടെന്ന ചൊല്ല്

ശ്രദ്ധിച്ചുമതി

ഞങ്ങളും തിരിച്ചുപറയാനും

എഴുതാനും തുടങ്ങിയാല്‍

ബുദ്ധിമുട്ടാവും

പറഞ്ഞാല്‍ തിരിച്ചും പറയാനുണ്ട് സഖാവെ..നിലനില്‍പ്പിനു വേണ്ടിയല്ല രാഷ്ട്രീയം..നിലപാട് ആണ് എന്നുകൂടി മനസിലാക്കുന്നത് നന്നായിരിക്കും എന്നാണ് ഈ കമന്റിന് സനീഷിന്റെ മറുപടി.

എസ്.എന്‍.ഡി.പി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി മഹേശന്‍ എഴുതിയ അവസാനത്തെ ആത്മഹത്യാക്കുറിപ്പ് 2020 ജൂലൈയില്‍ പുറത്ത് വന്നിരുന്നു. തൂങ്ങിമരിച്ച യൂണിയന്‍ ഓഫീസിലെ മുറിയിലെ ചുമരില്‍ ഒട്ടിച്ചിരുന്ന കുറിപ്പിലെ വിവരങ്ങളാണ് അന്ന് പുറത്തുവന്നത്. കുറിപ്പില്‍ വെള്ളാപ്പള്ളി നടേശനെതിരെയും പരാമര്‍ശമുണ്ടായിരുന്നു.

തന്റെ ജീവിതം തന്റെ നേതാവായ വെള്ളാപ്പള്ളി നടേശനും സുഹൃത്ത് കെ.എല്‍. അശോകനും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയന്‍ നേതാക്കന്മാര്‍ക്കും വേണ്ടി ഹോമിക്കുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. 2020 ജൂണ്‍ 24ന് ആണ് എസ്എന്‍ഡിപി യൂണിയന്‍ ഓഫിസില്‍ മഹേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.