- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മദ്രസ പഠനത്തിന് വന്ന ഏഴു വയസുകാരെന മർദിച്ച കേസിൽ മൗലവി ഒളിവിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന് പൊലീസ്; പരാതിയിൽ കേസെടുക്കാൻ കാരണമായത് സാമൂഹിക പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ ഒറ്റയാൾ പോരാട്ടം
പത്തനംതിട്ട: മദ്രസാ പഠനത്തിന് വന്ന ഏഴു വയസുകാരനെ മർദിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് ജീവനക്കാരൻ ഒളിവിൽ. കുലശേഖരപതി പള്ളിയിലെ ജീവനക്കാരനായ അയൂബ് മൗലവിയാണ് ഒളിവിലുള്ളത്. ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജുവനൈൽ ജസ്റ്റിസ് ആക്ട് 75, ഐപിസി 324 വകുപ്പുകൾ പ്രകാരമാണ് കേസ്.
മെയ് 23 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ എട്ടിന് കുലശേഖരപതി ജമാഅത്ത് മദ്രസയിൽ വച്ച് കുട്ടി പഠിക്കുന്നില്ലെന്ന് പറഞ്ഞ് പിടലിക്ക് പിടിച്ച് മുൻവശം ഡെസ്‌കിൽ ഇടിപ്പിച്ചുവെന്നാണ് മാതാവിന്റെ മൊഴി. കുട്ടിയുടെ ചുണ്ടിന് പരുക്കേറ്റു. ഇതിന് മുൻപൊരു ദിവസം കുട്ടിയുടെ തോളിൽ പ്രതി വടി കൊണ്ട് അടിച്ചുവെന്നും പറയുന്നു. അന്ന് തന്നെ മാതാവ് വാർഡ് കൗൺസിലറെ വിവരം അറിയിച്ചു. എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ല. വിവരം ചൈൽഡ് ലൈനിൽ അറിഞ്ഞെങ്കിലും തുടർ നടപടിക്ക് അവരും തയാറായില്ല. കുട്ടിയെയും മാതാവിനെയും കാണാനില്ലെന്നുള്ള തൊടുന്യായമാണ് ഇവർ പറഞ്ഞത്.
തുടർന്ന് മാതാവ് വിവരം സാമൂഹിക-വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറയെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലാണ് നിർണായകമായത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അതേ വാർഡിലാണ് കുട്ടിയും മാതാവും താമസിച്ചിരുന്നത്. റഷീദ് ആനപ്പാറ മന്ത്രി വീണാ ജോർജ്, ജില്ലാ കലക്ടർ, സംസ്ഥാന പൊലീസ് മേധാവി, ബാലാവകാശ കമ്മിഷൻ, ജില്ലാ പൊലീസ് മേധാവി, പത്തനംതിട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്ക് പരാതി നൽകി.
പരാതി അടിയന്തിരമായി നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതിനെ തുടർന്ന് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും കുഞ്ഞിലും മാതാവിലും മൊഴിയെടുത്ത് മൗലവിക്കെതിരെ കേസെടുത്തു. സംഭവത്തെക്കുറിച്ച് മന്ത്രി വീണാ ജോർജ് വനിതാ ക്ഷേമ ഡയറക്ടറോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.



