Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202424Saturday

സിൽക്യാര തുരങ്കത്തിൽനിന്നും രക്ഷപ്പെടുത്തിയ 41 പേരെയും ഋഷികേശിലെ എയിംസിലെത്തിച്ചു; ബാഹ്യമായി പരിക്കുകളില്ല; കൂടുതൽ ആരോഗ്യ പരിശോധനകൾ; ധനസഹായം നൽകും; ആദ്യത്തെ ആറ് ദിവസം കഠിനമായിരുന്നുവെന്ന് തൊഴിലാളികൾ

സിൽക്യാര തുരങ്കത്തിൽനിന്നും രക്ഷപ്പെടുത്തിയ 41 പേരെയും ഋഷികേശിലെ എയിംസിലെത്തിച്ചു; ബാഹ്യമായി പരിക്കുകളില്ല; കൂടുതൽ ആരോഗ്യ പരിശോധനകൾ; ധനസഹായം നൽകും; ആദ്യത്തെ ആറ് ദിവസം കഠിനമായിരുന്നുവെന്ന് തൊഴിലാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽനിന്നും ചൊവ്വാഴ്ച രാത്രി രക്ഷപ്പെടുത്തിയ 41 തൊഴിലാളികളെയും ഋഷികേശിലെ എയിംസ് ആശുപത്രിയിലെത്തിച്ചു. തൊഴിലാളികളിൽ ആർക്കും ബാഹ്യമായി പരിക്കുകളൊന്നുമില്ല. എന്നിരുന്നാലും മുൻകരുതലിന്റെ ഭാഗമായാണ് എയിംസിലേക്ക് മാറ്റിയത്. വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്ടറിലാണ് ഇവരെ എയിംസിൽ എത്തിച്ചത്.

എയിംസിൽ കൂടുതൽ ആരോഗ്യ പരിശോധനകൾ നടത്താനാണ് നീക്കം. എയിംസ് ആശുപത്രിയിൽ 24 മണിക്കൂർ തൊഴിലാളികളെ നിരീക്ഷണത്തിൽ കിടത്തും. 17 ദിവസമായി സൂര്യപ്രകാശം തട്ടാത്തതിനെത്തുടർന്നോ മറ്റോ ഉള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന കാര്യവും അന്വേഷിക്കും. ചിൻയാലിസൗറിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് ഋഷികേശിലെ എയിംസ് ആശുപത്രി. വളരെ പെട്ടെന്ന് മികിച്ച ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഹെലികോപ്ടർ മാർഗം തേടിയത്.

ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ആദ്യത്തെ തൊഴിലാളിയെ തുരങ്കത്തിന് പുറത്തെത്തിച്ചത്. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കിയതോടെ ആശ്വാസത്തിന്റെ കാറ്റുവീശി. ദേശീയ ദുരന്തനിവാരണ സേനയുടെ 12 പേർ വീതമടങ്ങുന്ന മൂന്നുസംഘങ്ങൾ തുരങ്കത്തിനുള്ളിൽ പ്രവേശിച്ചാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ടവരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സന്ദർശിച്ചു. ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന കാര്യം അദ്ദേഹം അറിയിച്ചു.

തുരങ്കത്തിനുള്ളിലെ ആദ്യ ദിവസങ്ങൾ വളരേയേറെ കഠിനമായിരുന്നുവെന്ന് രക്ഷപ്പെട്ടെത്തിയ തൊഴിലാളികൾ പറഞ്ഞു. 'ആദ്യത്തെ അഞ്ച് മുതൽ ആറ് ദിവസം വരെ ബുദ്ധിമുട്ടായിരുന്നു. എന്നിരുന്നാലും, ഞങ്ങൾക്ക് ശരിയായ ഭക്ഷണം ലഭിച്ചു, ഞങ്ങളുടെ മനോവീര്യം ശക്തമായിരുന്നു. ഒടുവിൽ ഞാൻ എന്റെ കുടുംബത്തെ കണ്ടു' തുരങ്കത്തിൽ നിന്ന് പുറത്തിറങ്ങിയ വിശാൽ എന്ന തൊഴിലാളിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് ചെയ്യു.

വിശാലും മറ്റ് 40 തൊഴിലാളികളും തുരങ്കത്തിനുള്ളിൽ കുടുങ്ങിയ നവംബർ 12 ന് മാറ്റിവെച്ച ദീപാവലി ആഘോഷം അദ്ദേഹവും കുടുംബവും ഇന്നലെ ആഘോഷിക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിലെ മാണ്ഡി സ്വദേശിയാണ് വിശാൽ. മകൻ ഉൾപ്പെടേയുള്ളവരെ വിജയകരമായി രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചതിന് ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സർക്കാരുകൾക്ക് വിശാലിന്റെ അമ്മ ഊർമ്മിള നന്ദി പറയുകയും ചെയ്യുന്നു.

'ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും സർക്കാരുകളിൽ ഞാൻ വളരെ സന്തുഷ്ടയാണ്. അവർക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു,' അവർ ഒരു വീഡിയോയിൽ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന (എൻ ഡി ആർ എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ് ഡി ആർ എഫ്), സൈന്യം, ഭൂഗർഭ തുരങ്ക വിദഗ്ദ്ധർ തുടങ്ങിയവരുടെ പ്രവർത്തന ഫലമായി 17 ദിവസത്തെ രക്ഷാപ്രവർത്തനത്തിന് ശേഷമായിരുന്നു തുരങ്കത്തിൽ കുടുങ്ങിയ എല്ലാവരെയും ഇന്നലെ വൈകുന്നേരത്തോടെ രക്ഷപ്പെടുത്തിയത്.

തൊഴിലാളികൾക്കും പുറംലോകത്തിനും നടുവിൽ പ്രതിബന്ധമായിരുന്ന 60 മീറ്റർ പിന്നിലാക്കിയാണ് രക്ഷാപ്രവർത്തകരുടെ കരങ്ങൾ തൊഴിലാളികളെ തൊട്ടത്. യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തുരക്കൽ മാർഗങ്ങൾ അടഞ്ഞതോടെ ഉത്തർപ്രദേശിലെ ഝാൻസിയിൽനിന്നെത്തിയ ആറംഗ റാറ്റ്‌ഹോൾ മൈനേഴ്‌സ് സംഘം കൈക്കരുത്തുകൊണ്ട് തുരന്നാണ് രക്ഷാമാർഗമൊരുക്കിയത്. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും ഉന്നതോദ്യോഗസ്ഥരും ചൊവ്വാഴ്ച രാത്രി തുരങ്കത്തിൽ എത്തിച്ചേർന്നിരുന്നു.

ഝാർഖണ്ഡ് (15), ഉത്തരാഖണ്ഡ് (2), ഹിമാചൽപ്രദേശ് (1), ഉത്തർപ്രദേശ് (8), ബിഹാർ (5), പശ്ചിമബംഗാൾ (3), അസം (2), ഒഡിഷ (5) എന്നിവിടങ്ങളിൽനിന്നുമുള്ള തൊഴിലാളികളാണ് ദീപാവലിനാളിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കത്തിൽ കുരുങ്ങിയത്. 'ദീപാവലി ഉത്സവമായതിനാൽ, ബാക്കിയുള്ള തൊഴിലാളികൾ നേരത്തെ പോയിരുന്നു, അല്ലാത്തപക്ഷം തൊഴിലാളികളുടെ എണ്ണം സാധാരണയായി 400 ന് അടുത്താകുമായിരുന്നു', രക്ഷപ്പെടുത്തിയ തൊഴിലാളികൾ പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി), സത്ലജ് ജൽ വിദ്യുത് നിഗം ലിമിറ്റഡ് (എസ്ജെവിഎൻഎൽ), റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ), നാഷണൽ ഹൈവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്‌ഐഡിസിഎൽ) കേന്ദ്രത്തിന്റെയും ഉത്തരാഖണ്ഡ് സർക്കാരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ടെറി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് (THDCL) പ്രത്യേക ചുമതലകൾ നൽകി.

അതേസമയം, സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് സർക്കാർ ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. ആശുപത്രിയിൽ ചികിൽസയ്ക്കും വീട്ടിലേക്കു പോകുന്നതിനുമുള്ള മുഴുവൻ സജ്ജീകരണങ്ങളും ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP