- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മണിപ്പൂരിൽ നിന്നും കാണാതായ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; ഇരുവരും മരിച്ചു കിടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; ജാഗ്രത പുലർത്താൻ സേനാ വിഭാഗങ്ങൾക്ക് നിർദ്ദേശം
ഇംഫാൽ: മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ട നാളുകളിൽ കാണാതായ രണ്ടുവിദ്യാർത്ഥികളും കൊല്ലപ്പെട്ടു. ഇവർ കൊല്ലപ്പെട്ടുവെന്നതിന് തെളിവുകൾ പുറത്ത് വനതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ്. മെയ്ത്തി വിഭാഗക്കാരായ ഇരുവരും മരിച്ചുകിടക്കുന്നതിന്റെ നടുക്കമുണർത്തുന്ന ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ട വിവരം പുറം ലോകം അറിയുന്നത്. സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് നിരോധനം നീക്കിയതിനുപിന്നാലെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.
വിദ്യാർത്ഥികളായ ഫിജാം ഹേംജിത്ത് (20), ഹിജാം ലിന്തോയിങ്കമ്പി (17) എന്നിവരെയാണ് കഴിഞ്ഞ ജൂലായിൽ അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. ഇവർ ജീവനോടെ ഉണ്ടെന്ന വിശ്വാസത്തിലായിരുന്നു പ്രിയപ്പെട്ടവർ. മരണ വാർത്ത പുറത്ത് വന്നതോടെ സംസ്ഥാനത്തുടനീളം വൻപ്രതിഷേധത്തിനിടയാക്കി. വിദ്യാർത്ഥികളിലും മുതിർന്നവരിലും വൻ പ്രതിഷേധത്തിനാണ് ഇതുവഴിവെച്ചത്. ജാഥയുമായിറങ്ങിയ വിദ്യാർത്ഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മുപ്പതിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംയമനം പാലിക്കാൻ സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. അതിജാഗ്രത പുലർത്താൻ സേനാവിഭാഗങ്ങളോട് നിർദ്ദേശിച്ചു.
പൊലീസന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിൽ കേസ് സിബിഐ.ക്ക് കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് അറിയിച്ചു. കേന്ദ്രസേനകളുടെ സഹകരണത്തോടെ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അക്രമികളോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്നും വൈകാതെ അവർ പിടിയിലാകുമെന്നും അറിയിച്ചു. കുക്കി തീവ്രവാദികളാണ് വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോയതെന്നാണ് ആരോപണം. വിദ്യാർത്ഥികൾ കൊല്ലപ്പെടുന്നതിനുമുമ്പും ശേഷവുമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.
ഇരുവരും തീവ്രവാദിസംഘത്തിന്റെ വനത്തിലെ ക്യാമ്പിനുപുറത്ത് പുൽത്തകിടിയിൽ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നവയിൽ ഒന്ന്. പെൺകുട്ടി പേടിച്ചരണ്ട് മുഖംമറയ്ക്കുന്ന മട്ടിലാണ്, ആൺകുട്ടി അസ്വസ്ഥനായിരിക്കുന്നു. സായുധരായ രണ്ട് അക്രമികൾ അവർക്കുപിന്നിൽ കാവൽ നിൽക്കുന്നുമുണ്ട്. രണ്ടാമത്തെ ചിത്രത്തിൽ വിദ്യാർത്ഥികളുടെ മൃതദേഹങ്ങളാണുള്ളത്.
ജൂലായ് ആറിന് വിദ്യാർത്ഥികളെ കാണാതായതിനുപിന്നാലെ കുടുംബം പൊലീസിൽ കേസ് നൽകിയിരുന്നു. വിട്ടയക്കണമെന്ന് മാധ്യമങ്ങളിലൂടെ അഭ്യർത്ഥനയും നടത്തി. വിദ്യാർത്ഥികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കുത്തിയിരിപ്പുസമരം നടത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫിജാം ഹേംജിത്തിന്റെ അവസാന മൊബൈൽ ലൊക്കേഷൻ കുക്കികൾക്ക് ഭൂരിപക്ഷമുള്ള ചുരാചന്ദ്പുർ ജില്ലയിലെ ലാംദാനിൽനിന്നാണെന്ന് സ്ഥിരീകരിച്ചു.
കാണാതായവരുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വിദ്യാർത്ഥികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായിറങ്ങി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സഞ്‌ജെൻതോങ്ങിന് സമീപം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുനടന്ന ജാഥ സുരക്ഷാസേന തടഞ്ഞു. അക്രമാസക്തമായതോടെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകപ്രയോഗവും നടത്തി. പെൺകുട്ടികളുൾപ്പെടെ ഒട്ടേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തൗബാൽ, കാക്ചിങ്, ബിഷ്ണുപുർ ജില്ലകളിലും ഏറ്റുമുട്ടലുകളുണ്ടായി. ജാഗ്രത ഉറപ്പാക്കാൻ കേന്ദ്രസേനകൾ രംഗത്തിറങ്ങിയിട്ടുണ്ട്.



