Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായി രാജിവെച്ച് പുറത്തു പോകേണ്ടി വരുമോ? ദുരിതാശ്വാസഫണ്ട് വക മാറ്റിയ കേസ് ലോകായുക്ത നാളെ പരിഗണിക്കും; മുഖ്യമന്ത്രി പ്രതിസ്ഥാനത്തുള്ള ലോകായുക്ത കേസിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം; വിധി വൈകുന്നതിൽ ഉയർന്നത് വ്യാപക വിമർശനം; കർണാടക ലോകായുക്തയുടെ സ്വതന്ത്ര ഇടപെടലും ചർച്ചയായതോടെ കേസ് വീണ്ടും പരിഗണനയ്ക്ക്

പിണറായി രാജിവെച്ച് പുറത്തു പോകേണ്ടി വരുമോ? ദുരിതാശ്വാസഫണ്ട് വക മാറ്റിയ കേസ് ലോകായുക്ത നാളെ പരിഗണിക്കും; മുഖ്യമന്ത്രി പ്രതിസ്ഥാനത്തുള്ള ലോകായുക്ത കേസിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം; വിധി വൈകുന്നതിൽ ഉയർന്നത് വ്യാപക വിമർശനം; കർണാടക ലോകായുക്തയുടെ സ്വതന്ത്ര ഇടപെടലും ചർച്ചയായതോടെ കേസ് വീണ്ടും പരിഗണനയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം രാജിവെച്ച് പടിയിറങ്ങേണ്ടി വരുമോ? ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തിൽ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും. കഴിഞ്ഞ സർക്കാരിന്റെകാലത്തെ വിതരണം സംബന്ധിച്ചാണ് പരാതി. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എതിർകക്ഷികൾ. കേസിൽ വാദം പൂർത്തിയായി ഒരുവർഷമായിട്ടും വിധിപറയുന്നില്ലെന്ന പരാതി ഹൈക്കോടതിയിൽവരെ എത്തിയതാണ്.

ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് ലോകായുക്ത കേസ് വീണ്ടും പരിഗണിക്കുന്നത്. വാദം പൂർത്തിയായ കേസിൽ ഒരു വർഷത്തിനകം വിധി പറയണമെന്ന സുപ്രീംകോടതി ഉത്തരവും കാറ്റിൽപ്പറത്തിയിരുന്നു ലോകായുക്ത. കേരള സർവകലാശാല സിൻഡിക്കേറ്റ് മുൻഅംഗം ആർ.എസ്. ശശികുമാറാണ് കേസിലെ പരാതിക്കാരൻ. 2018 സെപ്റ്റംബറിൽ ഫയൽചെയ്ത ഹർജി 2022 മാർച്ച് 18-നാണ് വാദം പൂർത്തിയായത്. ഒരുവർഷമായിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതിരേ പരാതിക്കാരൻ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇതേ ഹർജി ലോകായുക്തയിൽ സമർപ്പിക്കാൻ ഹൈക്കോടതിയാണ് നിർദേശിച്ചത്. തുടർന്ന് സമർപ്പിച്ച പരാതിയാണ് വെള്ളിയാഴ്ച പരിഗണിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചാണ് വാദംകേട്ടത്. ലോകായുക്ത നിയമനം 14വകുപ്പ് പ്രകാരമുള്ള ഉത്തരവ് എതിരായതിനെ തുടർന്നാണ് കെ.ടി ജലീലിന് മന്ത്രി സ്ഥാനം നഷ്ടമായത്. ഇതേ തുടർന്ന് ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതേവര ഒപ്പിട്ടിട്ടില്ല. സമാനമായ വകുപ്പിലെ കേസിൽ വിധി എതിരായാൽ പിണറായിക്കും പുറത്തുപോകേണ്ടിവരുമെന്നതാണ് നിർണായകം.

മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നതാണ് കേസ്. അന്തരിച്ച മുൻ എംഎൽഎമാരായ കെ.കെ രാമചന്ദ്രനും ഉഴവൂർ വിജയന്റെ കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തിൽപ്പെട്ടപ്പോൾ മരിച്ച പൊലിസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയെന്നാണ് കേസ്. പണം അനുവദിക്കുന്നതിൽ നയപരമായ തീരുമാനമെടുക്കാൻ മന്ത്രിസഭക്ക് അധികാരമുണ്ടെന്നായിരുന്നു സർക്കാർ വാദം. വാദത്തിനിടെ രൂക്ഷമായി ലോകായുക്ത സർക്കാരിനെ വിമർശിച്ചിരുന്നു.

കഴിഞ്ഞ വർഷം മാർച്ചിൽ 18ന് വാദം പൂർത്തിയായി വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെ കർണാടക ലോകായുക്തയുടെ ഇടപെടൽ അടക്കം ശ്രദ്ധേയമായി. ഭരണകക്ഷി പാർട്ടിയിലെ അഴിമതിക്കാരനായ എംഎൽഎയെ കൈയോടെ പിടിച്ചത് കർണാടക ലോകായുക്ത ആയിരുന്നു. ഇതോടെയാണ് കേരളത്തിലെ ലോകായുക്തയുടെ വിവരവും ചർച്ചയായത്. ഈ കേസിൽ മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് വന്നതോടെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. തുടർന്നാണ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ബിൽ നിയമസഭ പാസാക്കിയത്. എന്നാൽ ഈ ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പുവെച്ചിട്ടില്ല.

ലോകായുക്ത വിധി എതിരായാൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിർബന്ധമായും രാജിവെക്കേണ്ട വ്യവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്ന കെ.ടി. ജലീൽ രാജിവെച്ചത് ഇത്തരമൊരു വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം വിധിച്ചാൽ പൊതുസേവകന്റെ പദവി ആ നിമിഷം തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കി വിധിക്കെതിരേ അപ്ലേറ്റ് അഥോറിറ്റികളെ സമീപിക്കാം എന്ന ഭേദഗതി കൊണ്ടുവന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. മുഖ്യമന്ത്രിയുടെ അപ്ലേറ്റ് അഥോറിറ്റി നിയമസഭ ആയതിനാൽ സഭയിലെ ഭൂരിപക്ഷം വച്ച് അനായാസം ഊരിപ്പോരാം.

മന്ത്രി കെ.ടി. ജലീലിന് രാജിവയ്ക്കേണ്ടി വന്നത് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ, പുതിയ ബിൽ പ്രകാരം മന്ത്രിമാരുടെ കേസുകളിൽ മുഖ്യമന്ത്രിയാണ് അപ്ലേറ്റ് അധികാരി. രാഷ്ട്രീയപാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾക്കെതിരേ ലോകായുക്തയിൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP