Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ ഉറ്റകൂട്ടുകാരി; ബസിൽ കയറാൻ കാത്തുനിൽക്കവേ പാഞ്ഞുവന്ന കാർ ശ്രേഷ്ഠയുടെ ജീവനെടുത്തപ്പോൾ താങ്ങാനായില്ല; ഓർമകൾ ബാക്കി വച്ച കൂട്ടുകാരിക്ക് യാത്രാമൊഴി നൽകിയതിന് പിന്നാലെ അശ്വിൻ രാജ് ജീവനൊടുക്കി; മറ്റൊരു വേർപാടിന്റെ വേദനയിൽ സഹപാഠികൾ

സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ ഉറ്റകൂട്ടുകാരി; ബസിൽ കയറാൻ കാത്തുനിൽക്കവേ പാഞ്ഞുവന്ന കാർ ശ്രേഷ്ഠയുടെ ജീവനെടുത്തപ്പോൾ താങ്ങാനായില്ല; ഓർമകൾ ബാക്കി വച്ച കൂട്ടുകാരിക്ക് യാത്രാമൊഴി നൽകിയതിന് പിന്നാലെ അശ്വിൻ രാജ് ജീവനൊടുക്കി; മറ്റൊരു വേർപാടിന്റെ വേദനയിൽ സഹപാഠികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോളേജ് വിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കവെ, അമിതവേഗത്തിലെത്തിയ കാറിടിച്ച് മരിച്ച ശ്രഷ്ഠയ്ക്ക് ഇന്നലെയാണ് സഹപാഠികൾ അടക്കമുള്ളവർ അന്ത്യയാത്രാമൊഴി നൽകിയത്. ബുധനാഴ്ച വൈകിട്ട് കല്ലമ്പലത്ത് ദേശീയപാതയിൽ ആഴാംകോണം ജംഗ്ഷനിലായിരുന്നു അപകടം. ശ്രേഷ്ഠ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ശ്രേഷ്ഠയുടെ മരണത്തിന്റെ ആഘാതം താങ്ങാനാവാതെ ഉറ്റസുഹൃത്തായ യുവാവ് ആത്മഹത്യ ചെയ്തത് സഹപാഠികളെ വീണ്ടും വേദനയിലാക്കി.

ആലംകോട് പുളിമൂട് പ്രസന്നാഭവനിൽ പുഷ്പ്പരാജൻ പ്രമീള ദമ്പതികളുടെ മകൻ അശ്വിൻ രാജ് (22) ആണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ ആത്മഹത്യ ചെയ്തത്. അശ്വിൻ രാജിന്റെ ഉറ്റസുഹൃത്തായിരുന്നു ആറ്റിങ്ങൽ സ്വദേശിയായ ശ്രേഷ്ഠ. ഇന്നലെ വൈകുന്നേരത്തോടെ ശ്രേഷ്ഠയുടെ മരണാന്തര ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ മടങ്ങിയെത്തിയ ശേഷം അശ്വിൻ മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ അശ്വിനെ കാണപ്പെട്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശ്രേഷ്ഠയുടെ മരണത്തിൽ അശ്വിൻ രാജ് മാനസികമായി വളരെ വിഷമത്തിൽ ആയിരുന്നെന്നും സ്‌കൂൾ പഠന കാലം മുതലുള്ള സുഹൃത്തിന്റെ പെട്ടെന്നുള്ള വേർപാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.

കടുവാപ്പള്ളി കെടിസിടി ആർട്‌സ് കോളേജിലെ ഒന്നാംവർഷ എംഎ ഇംഗ്‌ളീഷ് വിദ്യാർത്ഥിനി ആറ്റിങ്ങൽ മാമം ശ്രീസരസിൽ വിജയകുമാറിന്റെയും മഞ്ജുവിന്റെയും മകൾ ശ്രേഷ്ഠ എം വിജയ് (22) ആണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചാത്തൻപാറ കല്ലമ്പള്ളി വീട്ടിൽ സഫിൻഷാ (21), കോരാണി ഇടയ്‌ക്കോട് ആസിയ മൻസിലിൽ ആസിയ (21) എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച വൈകുന്നേരം 3.15-ഓടെ ദേശീയപാതയിൽ മണമ്പൂർ ആഴാംകോണം ജങ്ഷനിലായിരുന്നു അപകടം. കല്ലമ്പലത്തുനിന്ന് ആറ്റിങ്ങലിലേക്കു വന്ന സ്വകാര്യബസ് ആഴാംകോണം ജങ്ഷനിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റുമ്പോൾ, കൊല്ലത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോയ കാർ നിയന്ത്രണം വിട്ട് ബസിന്റെ ഇടതുവശത്തുകൂടി വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ പല ഭാഗത്തേക്കു തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും പൊലീസും ചേർന്ന് വിവിധ വാഹനങ്ങളിൽ കയറ്റി ചാത്തമ്പാറ കെടിസിടി. ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം വാഹനത്തിനടയിൽപ്പെട്ട ശ്രേഷ്ഠ അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. ശ്രേഷ്ഠയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ പറയുന്നു.
കാറോടിച്ചിരുന്ന കൊല്ലം അഞ്ചാലുംമൂട് സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP