പത്തനംതിട്ട : കേരളത്തിന്റെ കെ റെയിൽ കേന്ദ്ര സർക്കാർ അംഗീകരിക്കില്ല. എന്നാൽ കേരളവുമായി സഹകരിച്ച് ബുള്ളറ്റ് ട്രെയിൻ പദ്ധതി കേന്ദ്ര ലക്ഷ്യമിടുന്നുവെന്ന് റിപ്പോർട്ട്. സിൽവർ ലൈൻ തുടർ ചർച്ചകൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ദക്ഷിണ റെയിൽവേ പുതിയ നീക്കം ആരംഭിച്ചത് സമീപ ഭാവിയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി രാജ്യത്ത് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെവി തോമസും റെയിൽവേയുമായി നിർണ്ണായക ചർച്ചകൾ നടത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിയായ വി മുരളീധരനുമായും ചർച്ച നടത്തി.

കെ റെയിലിന് പകരം ബുള്ളറ്റ് ട്രെയിൻ. ഈ ട്രാക്കിലൂടെ കേരളത്തിലുട നീളം ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കാം. ഇതിലൂടെ തിരുവനന്തപുരം കാസർഗോഡ് അതിവേഗ യാത്ര സാധ്യമാകും. ഇതിനാണ് ചർച്ചകൾ. എത്രയും വേഗം കേരള സർക്കാർ വിഭാവന ചെയ്ത പദ്ധതിക്കുവേണ്ടി ചർച്ച ആരംഭിക്കണമെന്നാണ് പാലക്കാട്, തിരുവനന്തപുരം ഡിവിഷണൽ മാനേജർമാർക്ക് റെയിൽവേ ബോർഡ് നിർദ്ദേശം നൽകിയത്. കെ-റെയിൽ അധികൃതരുമായി നടത്തുന്ന ചർച്ചയുടെ മിനിറ്റ്സ് സമർപ്പിക്കാനും വിവരങ്ങൾ റെയിൽവേ ബോർഡിനെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലുണ്ടാക്കുന്ന ബുള്ളറ്റ് ട്രെയിൻ പാത എല്ലാ അർത്ഥത്തിലും ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമാകും. ഇത് കന്യാകുമാരിയിലേക്ക് ഭാവിയിൽ നീട്ടാനും സാധ്യത ഏറെയുണ്ട്. കന്യാകുമാരി മുതൽ കാശ്മീർ വരെ നീളുന്ന അതിവേഗ ബുള്ളറ്റ് ട്രെയിനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. അടുത്ത ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. രാജ്യത്തിന്റെ വികസന മുഖം മാറ്റുന്ന പദ്ധതിയായി ബുള്ളറ്റ് ട്രെയിനിനെ മാറ്റും. ഈ പദ്ധതിയുടെ മറ്റ് വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. രാജ്യത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്കുള്ള അതിവേഗ തീവണ്ടി യാത്രയാണ് കേന്ദ്ര ലക്ഷ്യം.

ഭൂമിയുടെ വിനിയോഗം അടക്കം എല്ലാകാര്യങ്ങളും കെ-റെയിലുമായി ആശയവിനിമയം നടത്താൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്കു കത്ത് നൽകിയത്. അടിയന്തര പ്രധാന്യമുള്ള വിഷയമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഡൽഹിയിൽ കെ വി തോമസിന്റെ നേതൃത്വത്തിൽ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

ഇതിന്റെ ഭാഗമാണ് കേന്ദ്ര റെയിൽവേ ബോർഡിന്റെ പുതിയ നീക്കം. റെയിൽവേ ബോർഡിൽ നിരന്തര സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമാണ് ഇപ്പോഴത്തെ നീക്കമെന്ന് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പറയുന്നു. ഡിറ്റെയിൽഡ് പ്രോജക്റ്റ് റിപ്പോർട്ട് (ഡിപിആർ) ആദ്യമേ റെയിൽവേ ബോർഡിനു കൈമാറിയിട്ടുണ്ട്. ഇപ്പോൾ ബോർഡ്, ദക്ഷിണ റെയിൽവേക്ക് നിർദ്ദേശം നൽകി. കേന്ദ്രമന്ത്രി വി മുരളീധരനെ താൻ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹത്തെ കണ്ടത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ തനിക്ക് വെളിപ്പെടുത്താൻ കഴിയില്ല. അത് വെളിപ്പെടുത്തേണ്ടത് മുരളീധരൻ ആണെന്നും കെ.വി.തോമസ് പറഞ്ഞിട്ടുണ്ട്.

കോൺഗ്രസ് വിട്ട് വന്ന കെ.വി.തോമസിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാക്കിയത് തന്നെ ഈ പദ്ധതികൾ ലക്ഷ്യംവച്ചാണ്. കെ റെയിലിനോടുള്ള ബിജെപി സംസ്ഥാന ഘടകത്തിന്റെ എതിർപ്പ് അതിശക്തമാണ്. എന്നാൽ ബുള്ളറ്റ് ട്രെയിനിലേക്ക് ചർച്ച എത്തിച്ച് ഈ എതിർപ്പ് മാറ്റിയെടുക്കും. പാതയുടെ അലൈന്മെന്റിൽ അടക്കം സാധാരണക്കാരുടെ വേദനകൾ കേട്ടുള്ള സമീപനം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇതെല്ലാം പരിഗണിച്ചാകും ബുള്ളറ്റ് ട്രെയിൻ. അതിനെ കേന്ദ്ര സർക്കാരിന്റെ നേട്ടമായി അവതരിപ്പിക്കാനും കഴിയും.

കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന തിരുവനന്തപുരം-ഡൽഹി അതിവേഗ റെയിൽവേ പദ്ധതി അതിവേഗം തുടങ്ങും. നിലവിൽ അഹമ്മദാബാദ്-മുംെബെ അതിവേഗ റെയിൽ പദ്ധതിയുടെ നിർമ്മാണമാണ് നടക്കുന്നത്. ഇതിന്റെ 60 ശതമാനം ജോലികളും പൂർത്തിയായി. അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. 95 ശതമാനവും ആകാശപാതയിലൂടെയാണ് സർവീസ് നടക്കുക. സൂറത്ത്, വഡോദര റെയിൽവേ സ്റ്റേഷൻ നിർമ്മാണം പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയിൽ താനെയ്ക്കു സമീപം കടലിനടിയിലൂടെ ഭൂഗർഭപാത ഒരുക്കും.

ഇതിന്റെ നിർമ്മാണവും ആരംഭിച്ചുകഴിഞ്ഞു. ഈ പാതയുടെ അനുബന്ധ പദ്ധതികളായി ഡൽഹി-അഹമ്മദാബാദ്, മുംെബെ-ബംഗുളുരു, ബംഗളുരു-മംഗളുരു, മംഗളുരു-തിരുവനന്തപുരം പാതകളുടെ നിർമ്മാണമാണ് നടക്കാനുള്ളത്. ഇതും ആകാശപാതയിലൂടെ ആയിരിക്കുമെന്നാണു സൂചന. കേരളത്തിലും സർവേ നടപടികൾ പൂർത്തിയായ സ്ഥിതിക്ക് ആകാശപാതയിലൂടെ പൂർണമായും പദ്ധതി ആസൂത്രണം ചെയ്യാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ ലക്ഷ്യം.

മുംബൈയില് നിന്ന് അഹമ്മദാബാദിലേക്കുള്ള ട്രെയിനുകളുടെ യാത്രാസമയം നിലവിൽ ഏഴു മണിക്കൂറാണ്. ബുള്ളറ്റ് ട്രെയിനിന് വെറും രണ്ടു മണിക്കൂർ മതിയാകും. നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനെക്കാൾ രണ്ടിരട്ടി വേഗത്തിലായിരിക്കും ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുക. മണിക്കൂറിൽ 320 കിലോമീറ്ററായിരിക്കും ട്രെയിന്റെ പരമാവധി വേഗം. 12 സ്റ്റേഷനുകളിൽ നിർത്തിയാലും ശരാശരി 250 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും എന്നാണ് കണക്ക്. ബുള്ളറ്റ് ട്രെയിൻ കേരളത്തിൽ വന്നാൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ മൂന്ന് മണിക്കൂറിൽ താഴെ സമയം മതിയാകും.