തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ ഫോൺ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉദ്്ഘാടനം ചെയ്തത്. പദ്ധതി തുടക്കം കുറിക്കും മുമ്പേ തന്നെ വിവാദങ്ങളും അകമ്പടിയായുണ്ടായിരുന്നു. കെ ഫോൺ കേബിളിന്റെ ഗുണനിലവാരത്തിൽ ചോദ്യം ഉന്നയിച്ചിരിക്കുകയാണ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. ഒരുകമ്പനി നൽകിയ കേബിളിന്റെ ഒപ്റ്റിക്കൽ ഫൈബർ ഭാഗം മുഴുവൻ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തത് വ്യവസ്ഥാ വിരുദ്ധമെന്ന് എജിക്ക് പുറമേ പ്രതിപക്ഷവും ആരോപിക്കുന്നു. കെ ഫോൺ പദ്ധതിക്ക് എതിരെ നേരത്തെ രംഗത്ത് വന്നയാളാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കെ ഫോണിലൂടെ ഉദ്ദേശിക്കുന്നത് ഡേറ്റ ചോർച്ചയാണെന്ന് സ്വപ്ന സുരേഷ് നേരത്തെ
ആരോപിച്ചിരുന്നു. ഇപ്പോഴും സ്വപ്‌ന കുറെ ചോദ്യങ്ങൾ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ഉന്നയിക്കുന്നു.

കെ ഫോൺ- ആരായിരുന്നു ചെയർമാൻ? അതാണ് പ്രധാനപ്പെട്ട ചോദ്യം.

എന്റെ മുൻ ഭർത്താവ്- ജയശങ്കറും ലോജിസ്റ്റിക്‌സ് മാനേജരായി ജോലി ചെയ്തിരുന്നു. എന്നെപ്പോലെ തന്നെ മിസ്റ്റർ. വിനോദും കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയിൽ ജോലി ചെയ്തിരുന്നു...ആരാണ് വിനോദ്? കോൺഗ്രസിലെ വി എസ് ശിവകുമാറിന്റെ കസിൻ എന്നാണ് എന്നോടുപറഞ്ഞത്.

ഈ വിഷയം ഞാൻ നേരത്തെയും ഉന്നയിച്ചിട്ടുണ്ട്. ഹണിമൂണുകളും പ്രീ പെയ്ഡ് ഡിന്നർ നൈറ്റും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിനുപകരം ഇപ്പോഴെങ്കിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ദയവായി വായ തുറക്കണം.

തന്റെ ഭർത്താവ് ജയശങ്കറിന് ജോലി തരപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ) ഇടപെടൽ നടത്തിയതായി വെളിപ്പെടുത്തി സ്വപ്ന സുരേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിന്റെ ഇടപെടലിനെത്തുടർന്നാണ് ജയശങ്കറിന് കെ-ഫോണിൽ മാനേജരായി ജോലി കിട്ടിയതെന്നായിരുന്നുസ്വപ്ന സുരേഷിന്റെ തുറന്നു പറച്ചിൽ. ജയശങ്കർ നാലോ അഞ്ചോ മാസം മാത്രമേ ജോലിയിൽ തുടർന്നിരുന്നുള്ളൂ. സ്വർണക്കടത്ത് കേസ് വന്നപ്പോൾ പിരിച്ചുവിട്ടെന്നും സ്വപ്ന വ്യക്തമാക്കി.

കെ ഫോണിലൂടെ ഉദ്ദേശിക്കുന്നത് ഡേറ്റ ചോർച്ചയാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. കെ ഫോൺ എല്ലാ വീട്ടിലും സ്ഥാപിച്ച് കഴിയുമ്പോൾ പിന്നെ കേരളത്തിലാർക്കും രഹസ്യങ്ങൾ ഉണ്ടാകില്ല. ഈ വക പദ്ധതികളുടെയെല്ലാം മാസ്റ്റർ ബ്രെയിൻ എം ശിവശങ്കറാണെന്നും സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്വപ്ന പറഞ്ഞു.

കെ ഫോൺ വീട്ടിൽ സ്ഥാപിച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്താണ് കാണുന്നത്, എന്താണ് ചെയ്യുന്നത്, തുടങ്ങി എല്ലാ കാര്യങ്ങളും പരസ്യമാകും. കേരളത്തിൽ പിന്നെ ആരുടെയും വീടുകളിൽ ഒരു രഹസ്യങ്ങളും ഉണ്ടാകില്ല. ഇക്കാര്യത്തിൽ വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലെന്നും സ്വപ്ന പറഞ്ഞു.എല്ലാവരുടെയും വീടുകൾ കിടപ്പറകൾ സഹിതം തുറന്ന് കാട്ടപ്പെടും. എല്ലാ ഡേറ്റകളും പരസ്യമാകും. സ്പ്രിങ്ക്‌ലറിലൂടെ കേരളത്തിലെ എല്ലാ ജനങ്ങളുടെയും ആരോഗ്യ വിവരങ്ങൾ വിൽക്കപ്പെട്ടു കഴിഞ്ഞുവെന്നും സ്വപ്ന വ്യക്തമാക്കി.

ഇത്തരം പദ്ധതികളുടെ മാസ്റ്റർ ബ്രെയിൻ ശിവശങ്കറാണ്. ഇക്കാരണങ്ങളാൽ, ശിവശങ്കർ ഇപ്പോഴും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പ്രിയപ്പെട്ടവനാണ്. മദ്യസൽക്കാരത്തിനിടെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശിവശങ്കർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കെ ഫോൺ എന്നത് കമ്മീഷൻ ഏർപ്പാടാണെന്നും അഭിമുഖത്തിൽ സ്വപ്ന പറഞ്ഞു.

മന്ത്രിസഭാ തീരുമാനത്തിന് കാത്തുനിൽക്കാതെ കരാർ നടപടിയുമായി മുന്നോട്ടുപോയെന്ന കണ്ടെത്തൽ പുറത്തു വന്നതോടെയാണ് കെ ഫോൺ പദ്ധതിയിലെ ദുരൂഹത നേരത്തെ ചർച്ചയായി മാറിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം കെ ഫോൺ പദ്ധതിയുടെ കരാർ സർക്കാർ ബെൽ കൺസോർഷ്യത്തിന് നൽകിയത് ടെൻഡർ വിളിച്ചതിലും 49 ശതമാനം കൂടിയ തുകയ്ക്കാണെന്നായിരുന്നു ഉയർന്നിരുന്ന ആക്ഷേപം. വിവാദങ്ങൾക്കിടയിലും സർക്കാർ അഭിമാന പദ്ധതിയായി കണ്ട് കെ ഫോണുമായി മുന്നോട്ട് പോവുകയായിരുന്നു.

കെ ഫോൺ പദ്ധതിയുടെ കൺസൾട്ടൻസി ആയിരുന്ന പിഡബ്ല്യൂസിയും ആരോപണം നേരിട്ടിരുന്നു. ഇ-ബസ് അഴിമതിയിലടക്കം ആരോപണ വിധേയരായ കമ്പനിയാണ് പിഡബ്ല്യൂസി. സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി തരപ്പെടുത്തി നൽകാൻ ശിവശങ്കർ നിയോഗിച്ചതും ഇതേ കൺസൾട്ടൻസിയെ തന്നെയായിരുന്നു. സ്പേസ് പാർക്കിലെ തന്റെ നിയമനത്തെ എതിർത്ത കൺസൾട്ടന്റായ കെപിഎംജിയെ മാറ്റിയതും പകരം ചുമതല പിഡബ്ല്യൂസിയെ ഏൽപ്പിച്ചതും ശിവശങ്കറായിരുന്നു എന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു