തിരുവനന്തപുരം: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ ആദ്യമായി പ്രതികരിച്ച് മാതാവ് എലിസബത്ത് ആന്റണി. അനിൽ ആന്റണി ബിജെപിയിൽ ചേർന്നത് തന്റെ അറിവോടെ ആണെന്ന് എലിസബത്ത് ആന്റണി പറഞ്ഞു. അതേസമയം എ കെ ആന്റണിക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും അവർ പഞ്ഞു. കൃപാസനത്തിൽ അനുഭവ സാക്ഷ്യമായാണ് എലിസബത്ത് ആന്റണി ഇക്കാര്യം പറഞ്ഢത്.

അനിൽ ആന്റണിയുടെ രാഷ്ട്രീയ രാഷ്ട്രീയ കാഴ്ചപ്പാട് ഉൾകൊള്ളുന്നുവെന്നും ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങൾ ലഭിക്കുമെന്നും എലിസബത്ത് ആന്റണി പറഞ്ഞു. എ.കെ ആന്റണി പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തുവെന്നും കൃപാസനത്തിൽ എലിസബത്ത് ആന്റണി പറഞ്ഞു.

'എന്റെ ഭർത്താവ് അവിശ്വാസിയാണ്. ആ അവിശ്വാസം പരിഹരിച്ച് എന്റെ ഭർത്താവിന്റെ കാലിന് സ്വാധീനം കൊടുത്ത്, രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു. ഈ കഴിഞ്ഞ 15-ാം തിയതി അത്ഭുതകരമാം വിധം വീണ്ടും വർക്കിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ചു. തനിയെ യാത്ര ചെയ്ത് ആത്മവിശ്വാസത്തോടെ പോയി'- എലിസബത്ത് ആന്റണി പറഞ്ഞു.

തന്റെ മകന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു രാഷ്ട്രീയ പ്രവേശനമെന്ന് എലിസബത്ത് ആന്റണി പറഞ്ഞു. മക്കൾ രാഷ്ട്രീയത്തിനെതിരെ ചിന്തൻ ശിബിരത്തിൽ പ്രമേയം പാസാക്കിയതിനാൽ മകന് രാഷ്ട്രീയ പ്രവേശനം സാധ്യമാകില്ലായിരുന്നുവെന്നും എലിസബത്ത് ആന്റണി പറഞ്ഞു.

'രാഷ്ട്രീയത്തിൽ ജോയിൻ ചെയ്യണമെന്ന് എന്റെ മകന്റെ വലിയ ആഗ്രഹമായിരുന്നു. പഠനമെല്ലാം കഴിഞ്ഞ് വിദേശത്ത് നല്ല ജോലി കിട്ടയതാ. പക്ഷേ രാഷ്ട്രീയത്തിൽ താത്പര്യമുള്ളതുകൊണ്ട് തിരിച്ചുവന്നു. എന്നാൽ മക്കള് രാഷ്ട്രീയത്തിനെതിരായി ചിന്തൻ ശിബിരത്തിൽ പ്രമേയത്തിൽ പാസാക്കി. അതായത് എന്റെ മക്കൾ എത്രയൊക്കെ ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പറ്റില്ലെന്ന് മനസിലായി. എന്റെ ഭർത്താവാണെങ്കിൽ മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി പരിശ്രമിക്കുകയോ ഒന്നുമില്ല' എലിസബത്ത് ആന്റണി പറഞ്ഞു.

അനിൽ ആന്റണി ബിജെപിയിലേക്ക് പോയത് എ കെ ആന്റണിക്ക് ഷോക്ക് ആയിരുന്നെങ്കിലും അനിലിനെ അദ്ദേഹം സ്വീകരിച്ചു. കൃപാസനത്തിലെ പ്രാർത്ഥനയിലൂടെയാണ് മകന്റെ ബിജെപി പ്രവേശത്തിന് അനുമതി ലഭിച്ചത്. കൃപാസനത്തിലെ വൈദികനാണ് ബിജെപി പ്രവേശനത്തിന് അനുമതി നൽകിയത്. അതുവരെ ബിജെപിയോട് ഉണ്ടായിരുന്ന വെറുപ്പ് മാറിയെന്നും എലിസബത്ത് പറഞ്ഞു. ബിജെപിയിൽ മകന് നിരവധി അവസരങ്ങൾ ലഭിക്കും എന്നെല്ലാം വീഡിയോയിൽ ആന്റണിയുടെ ഭാര്യ പറയുന്നുണ്ട്.

കോൺഗ്രസ് പാർട്ടിയിലാണ് ഞങ്ങൾ വിശ്വസിക്കുന്നതും ജീവിക്കുന്നതും. അപ്പോൾ ബിജെപിയിൽ പോകുന്ന കാര്യം ആലോചിക്കാൻ പോലും വയ്യ. അമ്മയോട് ആലോചന ചോദിക്കാനായി വീണ്ടും ഇവിടെ വന്നു. താൻ നൽകിയ തുണ്ട് ജോസഫ് അച്ചൻ അമ്മയുടെ കാൽക്കീഴിൽ വെച്ച് പ്രാർത്ഥിച്ച ശേഷം പറഞ്ഞു, മകൻ തിരിച്ചു വരാൻ പ്രാർത്ഥിക്കേണ്ടെന്ന്. ബിജെപിയിൽ മകന് നല്ലൊരു ഭാവി അമ്മ കാണിച്ചു തരും. ഉടനേ തന്നെ തന്റെ മനസ്സ് അമ്മ മാറ്റി തന്നു. ബിജെപിയോടുള്ള എല്ലാ വെറുപ്പും അറപ്പും ദേഷ്യവും എല്ലാം അമ്മ ഓൺ ദി സ്‌പോട്ടിൽ മാറ്റി തനിക്ക് വേറൊരു ഹൃദയം തന്നു.

വീടിന്റെ ക്രമസമാധാന നിലയും അമ്മയെ ഏൽപ്പിച്ചു. മകൻ ബിജെപിയിലേക്ക് പോയത് ഭർത്താവിന് വലിയ ഷോക്കായിരുന്നു. എങ്കിലും വളരെ സൗമ്യതയോടെ അദ്ദേഹം അത് തരണം ചെയ്തു. മകൻ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ പൊട്ടിത്തെറിയുണ്ടാകുമോ എന്ന് പേടിച്ചെങ്കിലും അമ്മ എല്ലാവരുടേയും മനസ്സ് ശാന്തമാക്കി. വീട്ടിലേക്ക് വരുന്നതിൽ താൻ എതിരല്ലെന്നും പക്ഷേ, രാഷ്ട്രീയം മാത്രം സംസാരിക്കരുതെന്നുമാണ് അദ്ദേഹം മകനോട് പറഞ്ഞതെന്നും എലിസബത്ത് ആന്റണി പറഞ്ഞു.

കൃപാസനത്തിലെ ഉടമ്പടിയിലൂടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായെന്നാണ് എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി പറയുന്നത്. പ്രാർത്ഥനയ്കക്കിടെ അനുഭവസാക്ഷ്യം പങ്കുവെക്കുന്ന എലിസബത്തിന്റെ വീഡിയോ കൃപാസനം അധികൃതരാണ് സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വിട്ടത്.