Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202423Thursday

അമ്മയുടെ പേര് എസ്തർ എന്നല്ലെന്നും ഈശ്വരി എന്നും ക്രിസ്തുമതം സ്വീകരിച്ചിട്ടില്ലെന്നും വാദം; രജിസ്റ്റർ തിരുത്തിയെന്ന് കണ്ടെത്തിയതും വിവാഹ ഫോട്ടോയും നിർണ്ണായകം; കൊടിക്കുന്നിലിന്റെ സുപ്രീംകോടതി ജയം ആവർത്തിക്കാൻ രാജയ്ക്ക് കഴിയുമോ? ദേവികുളത്തെ വിധിയിൽ തെളിവുകൾ ഏറെ; സിപിഎം നേതാവ് വ്യാജരേഖയുണ്ടാക്കിയോ?

അമ്മയുടെ പേര് എസ്തർ എന്നല്ലെന്നും ഈശ്വരി എന്നും ക്രിസ്തുമതം സ്വീകരിച്ചിട്ടില്ലെന്നും വാദം; രജിസ്റ്റർ തിരുത്തിയെന്ന് കണ്ടെത്തിയതും വിവാഹ ഫോട്ടോയും നിർണ്ണായകം; കൊടിക്കുന്നിലിന്റെ സുപ്രീംകോടതി ജയം ആവർത്തിക്കാൻ രാജയ്ക്ക് കഴിയുമോ? ദേവികുളത്തെ വിധിയിൽ തെളിവുകൾ ഏറെ; സിപിഎം നേതാവ് വ്യാജരേഖയുണ്ടാക്കിയോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദേവികുളം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ.രാജ സുപ്രിംകോടതിയിൽ അപ്പീൽ നൽകുമെങ്കിലും ഹൈക്കോടതി നിരീക്ഷണങ്ങൾ വമ്പൻ തിരിച്ചടിയായേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയാണ് നിയമ നടപടികളിലേക്ക് കടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജക്ക് എംഎ‍ൽഎ ആയി തുടരാനാകില്ലെങ്കിലും മേൽകോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്. അതേസമയം, എ. രാജ ക്രിസ്ത്യാനിയാണെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാനും കേസിനെ സ്വാധീനിക്കാനും സി.എസ്‌ഐ പള്ളി രജിസ്റ്ററുകളിൽ വ്യാപക തിരുത്തൽ വരുത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. രാജയ്‌ക്കെതിരെ ക്രിമിനൽ കേസ് എടുക്കേണ്ട സാഹചര്യവും ഉണ്ട്. സുപ്രീംകോടതി ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് നിർണ്ണായകമാകും.

പട്ടികജാതിക്കാരനാണെന്ന് കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി 2009 ൽ മാവേലിക്കര ലോകസഭ മണ്ഡലത്തിലെ കൊടിക്കുന്നിൽ സുരേഷിന്റെ ജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് നിയമപോരാട്ടത്തിലൂടെയാണ് കൊടിക്കുന്നിൽ സുരേഷ് സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചത്. അതേവഴിയേ നീങ്ങാനാകും എ.രാജയുടെയും സിപിഎമ്മിന്റെയും നീക്കം. എന്നാൽ കൊടിക്കുന്നിലിന്റേത് പോലെ അത്ര എളുപ്പമാകില്ല കാര്യങ്ങൾ. ഹൈക്കോടതി വിധിയിലെ കണ്ടെത്തലാണ് ഇതിന് കാരണം.

മാവേലിക്കര ലോക്സഭ മണ്ഡലം ദേവികുളം നിയമസഭാ മണ്ഡലം പോലെ പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്ക് സംവരണ ചെയ്തതാണ്. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പക്കൽനിന്ന് കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര പിടിച്ചെടുത്തു. എന്നാൽ, കൊടിക്കുന്നിലിനെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തി കേരള ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കി. തുടർന്ന് കൊടിക്കുന്നിൽ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സുപ്രീം കോടതി ജസ്റ്റിസുമാരായ അൽതമാസ് കബീർ, എ.കെ.പട്നായിക്ക് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കുകയും കൊടിക്കുന്നിലിനെ എംപിയായി തുടരാൻ അനുവദിക്കുകയും ചെയ്തു.

കൊടിക്കുന്നിൽ സുരേഷ് മുമ്പ് നാലു തവണ തിരഞ്ഞെടുപ്പിൽ ജയിച്ചത് സമുദായം അദ്ദേഹത്തെ കൂട്ടത്തിൽ ഒരാളായി അംഗീകരിച്ചതിന് തെളിവാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കിയത്. കൊടിക്കുന്നിൽ ജനിച്ചതും വളർന്നതും ക്രിസ്ത്യാനിയായിട്ടാണെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ സുപ്രീം കോടതി അംഗീകരിച്ചു. എന്നാൽ 16-ാമത്തെ വയസ്സിൽ അദ്ദേഹം ഹിന്ദുവായി മാറിയെന്നും അതിന് ശേഷം ഹിന്ദു ചേരമർ സമുദായത്തിന്റെ ആചാരരീതികളാണ് പിന്തുടരുന്നതെന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കുകയുണ്ടായി. മതംമാറ്റത്തിന് മതിയായ തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ രാജയുടെ കാര്യത്തിൽ ഇത് അങ്ങനെ അല്ല. ക്രൈസ്തവ ആചാര രീതികളാണ് പിന്തുടരുന്നതെന്ന് ഹൈക്കോടതി വ്യക്തമായി കണ്ടെത്തുന്നു. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയിലെ അപ്പീൽ അതിനിർണ്ണായകമാകും.

പട്ടിക ജാതി സംവരണത്തിന് നിലവിലെ എംഎ‍ൽഎ എ. രാജക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. എതിർ സ്ഥാനാർത്ഥി ഡി. കുമാർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. പട്ടിക ജാതി സംവരണ മണ്ഡലത്തിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു ഹരജിയുടെ പ്രധാന ഭാഗം. ക്രൈസ്തവ സഭാംഗമായ ആന്റണിയുടേടെയും എസ്തറിന്റെയും മകനാണ് രാജയെന്ന് ഹരജിയിൽ പറഞ്ഞിരുന്നു. മാത്രമല്ല ജ്ഞാനസ്നാനം ചെയ്ത ക്രൈസ്തവ സഭാംഗം കൂടിയാണ് എ. രാജയെന്നും അതിനാൽ തന്നെ അങ്ങനെയുള്ളൊരാൾ പട്ടിക ജാതി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുന്ന കാര്യമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ ക്രിസ്ത്യാനിയാണെന്ന എതിർസ്ഥാനാർത്ഥി ഡി. കുമാറിന്റെ ആരോപണം പരിശോധിക്കാൻ ഇടുക്കി കുണ്ടള സി.എസ്‌ഐ പള്ളിയിലെ ഫാമിലി രജിസ്റ്റർ, ശവസംസ്‌കാര രജിസ്റ്റർ തുടങ്ങിയ രേഖകൾ ഹാജരാക്കിയിരുന്നു. ഇതിൽ മാതാപിതാക്കളായ ആന്റണി, എസ്തർ എന്നിവരുടെ പേരുകൾ ചില അക്ഷരങ്ങൾ തിരുത്തി അൻപുമണി, എൽസി എന്നിങ്ങനെയാക്കിയത് കോടതി കണ്ടെത്തി. മുത്തച്ഛൻ ലക്ഷ്മണന്റെ പേര് ആർ.എൽ. രമണൻ എന്നും മുത്തശ്ശി പുഷ്പയുടേത് പുഷ്പമണിയെന്നും തിരുത്തി. കോടതിയിൽ ഹാജരാക്കിയത് രാജയുടെ ഫാമിലി രജിസ്റ്ററല്ലെന്നു വരുത്താൻ കൃത്രിമം കാട്ടിയതാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്.

സി.എസ്‌ഐ ചർച്ചിൽ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ രാജയെ സഹായിക്കുന്ന തിരുത്തലുകൾ വരുത്തിയതിന് പിന്നിലാരാണെന്ന് ഈ തെളിവുകൾ വിളിച്ചു പറയുന്നതായി കോടതി വ്യക്തമാക്കി. പിതാവിന്റെ പേര് ആന്റണിയെന്നാണെന്നും മാതാവിന്റെ പേര് എസ്തർ എന്നല്ല ഈശ്വരിയെന്നാണെന്നും രാജ പറയുന്നു. കുട്ടികളില്ലാതിരിക്കെ പള്ളിയിൽ പോയി പ്രാർത്ഥന നടത്തി ഉണ്ടായ മകനെന്ന നിലയിലാണ് ആന്റണി എന്ന പേരിട്ടതെന്നും വിശദീകരിക്കുന്നു.

നിലവിളക്ക് കൊളുത്തിയും താലികെട്ടിയും ഹിന്ദു മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന് രാജ അവകാശപ്പെടുന്നുണ്ടെങ്കിലും തെളിവില്ല. എന്നാൽ, ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങാണ് നടന്നതെന്ന് ഫോട്ടോകൾ വ്യക്തമാക്കുന്നുണ്ട്. വിവാഹസമയത്ത് ബൈബിൾ വായിച്ചോയെന്നും താലിമാല ആരാണ് എടുത്തുനൽകിയതെന്നും പൂജാരി ഉണ്ടായിരുന്നോയെന്നുമുള്ള ചോദ്യത്തിന് ഓർമയില്ലെന്നാണ് രാജയുടെ മറുപടി. വിവാഹസമയത്ത് രാജ ഓവർകോട്ടും ഭാര്യ ക്രിസ്ത്യൻ വിവാഹ രീതിയിലുള്ള വസ്ത്രവുമാണ് ധരിച്ചിരുന്നത്. അമ്മ നെറ്റിയിൽ കുരിശുവരച്ചോയെന്ന ചോദ്യത്തിന് നെറ്റിയിൽ തൊട്ട് അനുഗ്രഹിച്ചെന്നായിരുന്നു മറുപടി. അവ്യക്തമായ മൊഴികൾ നൽകി വിവാഹ ചടങ്ങ് സംബന്ധിച്ച യാഥാർഥ്യം മറയ്ക്കാൻ വ്യക്തമായ ശ്രമം നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

മാതാപിതാക്കൾ മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ഭാര്യ ഹിന്ദുവാണെന്നും എന്നതുൾപ്പെടെ വാദങ്ങൾ തള്ളിയാണു ദേവികുളം നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എ.രാജയുടെ തിരഞ്ഞെടുപ്പു ഹൈക്കോടതി അസാധുവാക്കിയത്. കുണ്ടള സിഎസ്‌ഐ പള്ളിയിലെ കുടുംബ രജിസ്റ്റർ, മാമോദീസ രജിസ്റ്റർ, സാക്ഷി മൊഴികൾ തുടങ്ങിയവ പരിഗണിച്ചാണ് ഉത്തരവ്. രാജയുടെ മാതാപിതാക്കളുടെ പേരുകൾ തിരുത്തിയിട്ടുണ്ടെന്നു രജിസ്റ്റർ പരിശോധിച്ചു കോടതി പറഞ്ഞു. മാതാവിന്റെ സംസ്‌കാര വിവരങ്ങളുള്ള രജിസ്റ്ററിലും തിരുത്തുണ്ട്. പഴയതു മായ്ച്ചു പുതിയ പേരും വിവരങ്ങളും ചേർത്തെന്നും കോടതി പറഞ്ഞു. ഇതെല്ലാം സുപ്രീംകോടതിയിലും തിരിച്ചടിയാകും.

മാതാപിതാക്കൾ ഹിന്ദുക്കളായിരുന്നു എന്നായിരുന്നു രാജയുടെ വാദം. മാമോദീസ സ്വീകരിച്ചിട്ടില്ല. ഭാര്യ ഷൈനി പ്രിയ ഹിന്ദുവാണ്, സിഎസ്‌ഐ സഭാംഗമല്ല. വിവാഹം വീട്ടിൽവച്ചാണു നടന്നതെന്നും അറിയിച്ചു. എന്നാൽ, രാജയുടെ പിതാവിന്റെ മാതാപിതാക്കൾ തിരുനൽവേലി സ്വദേശികളാണെന്നും ഇവർ 1951നു ശേഷം ഇടുക്കിയിലേക്കു കുടിയേറിയെന്നുമായിരുന്നു ഹർജിക്കാരനായ എതിർസ്ഥാനാർത്ഥി ഡി.കുമാറിന്റെ വാദം. രാജയുടെ മാതാപിതാക്കളായ ആന്റണിയും എസ്തറും 1992 ൽ കുണ്ടള എസ്റ്റേറ്റ് സിഎസ്‌ഐ പള്ളിയിൽ മാമോദീസ സ്വീകരിച്ചെന്നും 2016 ൽ മരിച്ച എസ്തറിനെ സിഎസ്‌ഐ പള്ളിയിലാണു സംസ്‌കരിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കി.

മാതാപിതാക്കളെ മാമോദീസ മുക്കിയ അതേ പാസ്റ്റർ തന്നെയാണു രാജയെയും മാമ്മോദീസ മുക്കിയത്. ഈ പാസ്റ്ററിന്റെ സാന്നിധ്യത്തിൽ ക്രിസ്ത്യൻ ആചാര പ്രകാരമാണു സിഎസ്‌ഐ സഭാംഗമായ ഷൈനി പ്രിയയെ കഴിച്ചതെന്നും ഹർജിക്കാരൻ വ്യക്തമാക്കി. എന്നാൽ, 1950 നു മുൻപേ തിരുവിതാംകൂറിൽ പിതാവിന്റെ മാതാപിതാക്കൾ താമസം തുടങ്ങിയെന്നായിരുന്നു എ.രാജയുടെ വാദം. ദീർഘകാലം മക്കളില്ലാതിരുന്ന ഇവർ അടുത്തുള്ള പള്ളിയിൽ പോയി പ്രാർത്ഥിച്ചെന്നും തുടർന്നു കുട്ടിയുണ്ടായെന്നും അതിനാൽ ആന്റണിയെന്നു പേരിട്ടെന്നും അറിയിച്ചു. അമ്മയുടെ പേര് എസ്തർ എന്നല്ലെന്നും ഈശ്വരി എന്നാണെന്നും അവർ ക്രിസ്തുമതം സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു വാദം.

എന്നാൽ 1950 ലെ ഉത്തരവിനു മുൻപ് പൂർവികർ കുടിയേറിയെന്നു തെളിയിക്കുന്നതിൽ രാജ പരാജയപ്പെട്ടെന്നും കേരളത്തിലെ ഹിന്ദു പറയൻ വിഭാഗത്തിൽ അംഗമല്ലാത്തതിനാൽ പട്ടികജാതി സംവരണ സീറ്റിൽ തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയില്ലെന്നും കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP