Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നോമ്പ് കാലത്ത് ബീച്ചിൽ അനാശാസ്യം അനുവദിക്കില്ല; പള്ളിയിലേക്ക് നിസ്‌ക്കാരത്തിന് വരാതെ ചെറുപ്പക്കാർ കച്ചവടത്തിലേക്ക് തിരിയുന്നു'; റംസാൻ മാസത്തിൽ കട തുറന്നാൽ അടിച്ചുപൊളിക്കുമെന്ന് ഒരു വിഭാഗം; തങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുതെന്ന് കച്ചവടക്കാർ; കോഴിക്കോട് മുഖദാറിൽ റംസാനിൽ കട തുറക്കുന്നതിനെപ്പറ്റി വിവാദം

'നോമ്പ് കാലത്ത് ബീച്ചിൽ അനാശാസ്യം അനുവദിക്കില്ല; പള്ളിയിലേക്ക് നിസ്‌ക്കാരത്തിന് വരാതെ ചെറുപ്പക്കാർ കച്ചവടത്തിലേക്ക് തിരിയുന്നു';  റംസാൻ മാസത്തിൽ കട തുറന്നാൽ അടിച്ചുപൊളിക്കുമെന്ന് ഒരു വിഭാഗം; തങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുതെന്ന് കച്ചവടക്കാർ; കോഴിക്കോട് മുഖദാറിൽ റംസാനിൽ കട തുറക്കുന്നതിനെപ്പറ്റി വിവാദം

എം റിജു

കോഴിക്കോട്: റംസാൻ മാസത്തിൽ കടതുറക്കുന്നത് സംബന്ധിച്ച വിവാദങ്ങൾ കേരളത്തിൽ പുത്തരിയല്ല. മലബാറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പലയിടത്തും നോമ്പുകാലത്ത് പച്ചവെള്ളം പോലും കിട്ടാറില്ല എന്ന്, ആരോപണം പല തവണ ഉയർന്നിരുന്നു. അപ്പോഴൊക്കെ ഇത് വെറും സംഘപരിവാർ പ്രൊപ്പഗാൻഡ മാത്രമാണെന്നായിരുന്നു, ഇസ്ലാമിസ്റ്റുകൾ വിശദീകരിക്കാറുള്ളത്. എന്നാൽ ഇപ്പോഴിതാ കോഴിക്കോട് മുഖദാർ കടപ്പുറത്തെ കച്ചവടക്കാർ, റംസാൻ മാസത്തിൽ കച്ചവടം ചെയ്യാനുള്ള അവകാശത്തിനായി രംഗത്ത് എത്തിയിരിക്കയാണ്്.

എറ്റവും രസം ഇവരും ഈ മാസങ്ങളിൽ പകൽ അടച്ചിടുകയാണ് പതിവെന്നാണ്. നോമ്പുതുറ കഴിഞ്ഞ് രാത്രിയിലാണ് കട തുറക്കാറുള്ളത്. അപ്പോൾ വരുന്ന ആളുകളുടെ കച്ചവടമാണ് ഇവരുടെ ആ മാസത്തെ ആകെ വരുമാനം. എന്നാൽ ഇപ്പോൾ ചിലർ വന്ന് റംസാൻ മാസത്തിൽ രാത്രിയിൽ കച്ചവടം വേണ്ട എന്നും കട തുറന്നാൽ എല്ലാം തല്ലിപ്പൊട്ടിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി മുഖദാറിലെ കച്ചവടക്കാർ പറയുന്നു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ കച്ചവടക്കാർ ഇത്തരക്കാർക്കെതിരെ ആഞ്ഞടിക്കുന്നുണ്ട്. ഉപ്പിലിട്ടതും, ഐസൊരതിയും, ചായയുമൊക്കെ വിൽക്കുന്ന സാധാരണ കച്ചവടക്കാരാണ് ഇവിടെ ഏറെയും. രാത്രി കച്ചവടം നടത്തിയില്ലെങ്കിൽ തങ്ങൾ എങ്ങനെ ജീവിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്.

ഒരു വിഭാഗം വിശ്വാസികളും പള്ളിക്കമ്മറ്റിയും ചേർന്ന്, സദാചാര പൊലീസ് കളിക്കയാണെന്നാണ് ഇവരുടെ ആരോപണം. വൈകുന്നേരം കടകൾ തുറന്നാൽ ബീച്ചിൽ സ്ത്രീകളും പരുഷന്മാരും കൂട്ടമായി എത്തും. റമദാൻ മാസത്തിൽ അത് അംഗീകരിക്കില്ല എന്നാണ് പള്ളിക്കമ്മറ്റിയുടെയും ചില തീവ്രവിശ്വാസികളുടെ നിലപാട് എന്ന് കച്ചവടക്കാർ പറയുന്നു. 'ഇവർക്ക് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് ഇരിക്കുന്നത് കണ്ടുകൂടാ. നോമ്പ് സമയത്ത് ദാചാര പൊലീസ് കളിക്കാനാണ് ഇവർ നോക്കുന്നത്. ഇവിടെ എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ അത് നോക്കാൻ അല്ലേ പൊലീസ്. പക്ഷേ ഞങ്ങൾ തുറക്കുന്നതുകൊണ്ടാണ് ഇവിടെ ജനം എത്തുന്നത് എന്നാണ് ഇവർ പറയുന്നത്. ''- ഒരു വ്യാപാരി ന്യൂസ് 18നോട് തുറന്നിടച്ചു.

മുഖദാർ കടപ്പുറത്ത് രാത്രി അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും നോമ്പുകാലത്ത് ഇത് അനുവദിക്കയില്ലെന്നുമാണ് ഒരു വിഭാഗം പറയുന്നത്. രാത്രി നിസ്‌ക്കാരത്തിന് വരാതെ കച്ചവടത്തിലേക്ക് തിരിയുന്ന ചെറുപ്പക്കാരെ പള്ളിയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യവുമുണ്ടെന്നാണ് പറയുന്നത്. എന്നാൽ ഇവിടെ ഒരു അനാശാസ്യമോ, മദ്യ-മയക്കുമരുന്ന് ലോബിയോ ഇല്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ സംഭവം വിവാദമായതോടെ രാത്രി കടകൾ പ്രവർത്തിക്കേണ്ടതില്ല എന്ന തീരുമാനം തങ്ങൾ എടുത്തിട്ടില്ല എന്നാണ് മഹല്ല് കമ്മറ്റി പറയുന്നത്. എന്നാൽ നേരത്തെയും ഇവിടെ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.

നാലുവർഷം മുമ്പും സമാനസംഭവങ്ങൾ

എന്നാൽ 2019ൽ കോഴിക്കോട് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ആ റംസാനിലും രാത്രി കാലത്ത് ഭക്ഷണശാലകൾ അടപ്പിക്കണമെന്ന് കാട്ടി സൗത്ത് ബീച്ച് മുതൽ കോതി പാലം വരെയുള്ള റോഡരികിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്ററിൽ പറയുന്നത് ഇങ്ങനെയായിരുന്നു. 'അറിയിപ്പ്: മുഖദാർ മുഹമ്മദലി കടപ്പുറം മുതൽ കണ്ണംപറമ്പ് പള്ളിവരെയുള്ള ബീച്ച് റോഡിലെ രാത്രി ഭക്ഷണ സാധനങ്ങൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ അടച്ചിട്ടത് പോലെ ഈ വർഷവും റംസാൻ മാസത്തിൽ അടച്ചിട്ട് സഹകരിക്കുക'. -എന്ന് സംയുക്ത രാഷ്ട്രീയ പാർട്ടികളും പള്ളി കമ്മിറ്റികളും.

മുഖദാർ ജുമാ മസ്ജിദ്, കണ്ണംപറമ്പ് ജുമാ മസ്ജിദ്, അറക്കൽതൊടി മൊയ്തീൻ പള്ളി എന്നീ മൂന്ന് പള്ളി കമ്മിറ്റികളുടെയും സിപിഎം, കോൺഗ്രസ്, ലീഗ് എന്നീ രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് പ്രാദേശിക പാർട്ടികളുടെയും നേതൃത്വത്തിലാണ് തീരുമാനം എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇത് വിവാദമായപ്പോൾ എല്ലാവരും തങ്ങൾ അങ്ങനെ ഒരു തീരുമാനം എടുത്തില്ല എന്ന് പറഞ്ഞ് തടിയൂരുായാണ് ചെയ്തത്. പക്ഷേ മൂൻ വർഷങ്ങളിലും ഇവിടെ കടകൾ അടപ്പിച്ചിരുന്നു.

റംസാൻ മാസത്തിലെ രാത്രി കച്ചവടത്തിന്റെ മറപിടിച്ച് നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനാണ് ഇങ്ങനെ ഒരു നിയന്ത്രണം കൊണ്ടുവരുന്നത് എന്ന് ചിലർ പറഞ്ഞിരുന്നത്. ഭക്ഷണം കഴിച്ച് ഇവിടെ തമ്പടിക്കുന്ന ചില സംഘങ്ങൾ അർദ്ധരാത്രിയോടെ മദ്യപിച്ച് ബഹളമുണ്ടാക്കുകയും അടിപിടിയുണ്ടാക്കുകയും ചെയ്യുമെന്നാണ് ഇവർ പറയുന്നത്. കച്ചവട കേന്ദ്രങ്ങളുടെ മറപിടിച്ച് മയക്കുമരുന്ന് വിൽപനയും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും പള്ളി കമ്മിറ്റി അംഗങ്ങൾ പറയുന്നു.

ഇത് വിവാദമായതോടെ ആ സമയത്തും കച്ചവടക്കാർ പള്ളിക്കമ്മറ്റിക്ക് നേരെ തിരിഞ്ഞിരുന്നു. പകൽ കടകൾ തുറക്കാത്തതിനാൽ രാത്രിയിലെ കച്ചവടം മാത്രമാണ് ആശ്രയം. ഇത്തരം കച്ചവടങ്ങൾ കൊണ്ടു മാത്രം ജീവിക്കുന്നവരാണ് പലരും. രാത്രിയിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ തടയുന്നതിന് പകരം കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്യുന്നത്. വാങ്ങി സൂക്ഷിച്ച സാധനങ്ങളെല്ലാം ഇതോടെ ഉപയോഗശൂന്യമാവും. വലിയ ബുദ്ധിമുട്ടിലേക്കാണ് ഇത് എത്തിക്കുന്നത്. കുടുംബം കഴിഞ്ഞ് കൂടാൻ തന്നെ വലിയ പ്രയാസമാവും എന്നാണ് അന്നും കച്ചവടക്കാർ പ്രതികരിച്ചത്.

ഇപ്പോഴിതാ കോവിഡ് കഴിഞ്ഞ് വിപണിയൊക്കെ ഒന്ന് ഉഷാറാകുമ്പോൾ, വീണ്ടും കടക്കാരുടെ വയറ്റത്തടിപ്പിച്ചുകൊണ്ട് റംസാൻ മാസത്തിലെ കച്ചവടനിരോധനം മുഖദാറിൽ വരികയാണ്. പക്ഷേ ഇത്തവണ കടയടക്കണമെന്ന് ഭീഷണിപ്പെടുത്തിയവർ പരസ്യമായി ഇറങ്ങുന്നില്ല. അവർക്ക് പൊതുജനങ്ങൾക്കിടയിലും പിന്തുണ കുറവാണ്. അതിനാൽ ഈ നിർദ്ദേശം തള്ളുമെന്നും, ഇത്തവണ രാത്രി കട തുറക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP