- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
50 ലക്ഷത്തിന്റെ മിനികൂപ്പർ വാങ്ങുന്നത് ആഡംബരമാണോ? 'തൊഴിലാളി പാർട്ടിയുടെ നേതാക്കൾക്ക് മിനി കൂപ്പർ പ്രണയം' എന്ന് സോഷ്യൽ മീഡയയിൽ പരിഹാസവും പാർട്ടിയിൽ വിവാദവും; മിനി കൂപ്പർ ഭാര്യ വായ്പ എടുത്തുവാങ്ങിയത് എന്ന് സിഐടിയു നേതാവ് പി കെ അനിൽകുമാർ
കൊച്ചി: കാർ വാങ്ങുന്നതൊന്നും ഇന്ന് ആഡംബരമല്ല. സൗകര്യത്തിന്റെ ഭാഗമാണ്. ചിലർക്ക് ഒന്നിലധികം കാറുകൾ കാണും. അത് അവരുടെ ഇഷ്ടം. പക്ഷേ ഒരു തൊഴിലാളി നേതാവ് ആഡംബര കാറുകളിൽ പതിവായി യാത്ര ചെയ്യുമ്പോൾ അത് ചർച്ചയാവുക സ്വാഭാവികം. അങ്ങനെയാണ് കൊച്ചിയിലെ സിഐടിയു നേതാവ് പി കെ അനിൽ കുമാറിന്റെ ആംഡബര കാർ ഭ്രമം വാർത്തയായത്.
അൻപത് ലക്ഷത്തിന്റെ മിനികൂപ്പറാണ് പി കെ അനിൽകുമാർ ഏറ്റവുമൊടുവിൽ സ്വന്തമാക്കിയത്. സ്വത്ത് സമ്പാദനത്തിൽ പാർട്ടിക്കുള്ളിൽ വിമർശനം നേരിടുമ്പോഴാണ് പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ നേതാവായ അനിൽകുമാർ ആഡംബര കാർ വാങ്ങിയതും ചർച്ചയാകുന്നത്. വാഹനം വാങ്ങിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പാർട്ടിയിലും ഇതുസജീവ ചർച്ചാവിഷയമായി. 'തൊഴിലാളി പാർട്ടിയുടെ നേതാക്കൾക്ക് മിനി കൂപ്പർ പ്രണയം' എന്ന മട്ടിലാണ് പി.കെ.അനിൽകുമാർ, കാർ ഏറ്റുവാങ്ങുന്ന ചിത്രത്തിന് സമൂഹമാധ്യമങ്ങളിൽ വന്നിരിക്കുന്ന കമന്റുകൾ. ടോയോട്ട ഇന്നോവ, ഫോർച്യൂണർ വാഹനങ്ങളും അനിൽകുമാറിന്റെ ഗാരേജിലുണ്ട് ഇത് യൂണിയൻ നേതാവിന്റെ സ്വന്തം പേരിലാണ്. മിനി കൂപ്പർ വിവാദം പ്രതിപക്ഷ സംഘടനകളും ഏറ്റെടുത്തിരിക്കുകയാണ്.
അനിൽ കുമാറിന്റെ വിശദീകരണം
വ്യവസ്ഥാപിതമായ മാർഗത്തിലൂടെ ഭാര്യയാണ് വാഹനം വാങ്ങിയതെന്നാണ് അനിൽകുമാറിന്റെ വിശദീകരണം. ഇന്ത്യൻ ഓയിൽ കോർപറേഷൻ ജീവനക്കാരിയായ ഭാര്യ വായ്പയെടുത്താണ് വാഹനം വാങ്ങിയത്. ഭാര്യ 28 വർഷമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ ജീവനക്കാരിയാണ്. അഞ്ച് വർഷം കൂടുമ്പോൾ വാഹനം മാറ്റിയെടുക്കാനുള്ള ഓപ്ഷൻ അവർക്കുണ്ട്. അതിന്റെ ഭാഗമായി അവർക്ക് ഏത് വാഹനം വേണമെങ്കിലും വാങ്ങാം. ബാങ്കുമായി ബന്ധപ്പെട്ട് സാലറി സർട്ടിഫിക്കറ്റും മറ്റ് രേഖകളുമെല്ലാം സമർപ്പിച്ചാണ് വാഹനം വാങ്ങിയിരിക്കുന്നത്. മകന് വാഹനത്തോട് ഭയങ്കര താത്പര്യമാണ്. മകന്റെ നിർബന്ധപ്രകാരമാണ് വാഹനം വാങ്ങിയതെന്നും അനിൽകുമാർ പറഞ്ഞു.
തന്നെ ആക്രമിക്കുകയാണെന്ന് സംഘടനക്ക് വ്യക്തമായി അറിയാമെന്നും സംഘടനാ തലത്തിൽ തന്നെ ആക്രമിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അനിൽകുമാർ വ്യക്തമാക്കി.
വിവാദനായകൻ
ഇതിനുമുമ്പും പല വിവാദങ്ങളിലും അനിൽ കുമാർ ഉൾപ്പെട്ടിരുന്നു. വൈപ്പിൻ കുഴുപ്പിള്ളിയിൽ ഗ്യാസ് ഏജൻസി ഉടമയായ വനിതയെ ആക്രമിച്ച സംഭവത്തിലും അനിൽകുമാർ വാർത്തകളിൽ ഇടംനേടിയിരുന്നു. അന്ന് പാർട്ടിയാണ് അനിൽകുമാറിനെ സംരക്ഷിച്ചത്. സംഭവത്തിൽ സി പി എം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനിത സംരംഭകയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിലും പി കെ അനിൽകുമാർ കേസ് നേരിടുന്നുണ്ട്. കൊച്ചിയിലെ ഓയിൽ കമ്പനിയിൽ കയറി അനിൽകുമാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിൽ നേതാവിനെതിരെ പരാതിയുയർന്നിരുന്നു. അനിൽകുമാർ ആഡംബര കാർ സ്വന്തമാക്കിയതിൽ പരാതി കിട്ടിയിട്ടില്ലെന്നും എന്നാൽ ഇക്കാര്യം പരിശോധിക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി.




