- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിന് എതിരായ പരാതി; ഇ മെയിൽ വ്യാജമെന്ന് ആയുഷ് മിഷൻ; ഇ മെയിലിന് ഒപ്പമുള്ള ലോഗോ നാഷണൽ ഹെൽത്ത് മിഷന്റേത്; അഖിൽ മാത്യുവിന് എതിരായ ആരോപണത്തിൽ ട്വിസ്റ്റ്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെ ആരോപണമുനയിലാക്കി, ആയുഷ് മിഷന്റെ പേരിൽ പുറത്തുവന്ന മെയിൽ വ്യാജമെന്ന് ആയുഷ് മിഷൻ. മെയിൽ ഐഡിയും വ്യാജമാണ്. പരാതിക്കാരന് ലഭിച്ച നിയമന ഉത്തരവ് ഔദ്യോഗിക രേഖയല്ലെന്നും അതിലേ ലോഗോ എൻഎച്ച്എമ്മിന്റെയാണെന്നും ആയുഷ് മിഷൻ വിശദീകരിക്കുന്നു
ഉദ്യോഗാർഥിക്ക് ലഭിച്ചു എന്ന് പറയപ്പെടുന്ന ഇ മെയിലിലെ വിലാസം മലപ്പുറം ജില്ലാ ആയുഷ് മിഷന്റെ മെയിൽ ഐഡി അല്ലെന്ന് അധികൃതർ പറയുന്നു. dpmayushmlp@gmail.com എന്ന വിലാസമാണ് മലപ്പുറം ജില്ലാ ആയുഷ് മിഷൻ ഉപയോഗിക്കുന്നത്. ഉദ്യോഗാർഥിക്ക് വന്ന ഇ മെയിൽ സന്ദേശത്തിനൊപ്പം കൊടുത്തിരിക്കുന്ന ലോഗോ ആയുഷ് മിഷന്റെ ലോഗോയല്ലെന്നും നാഷനൽ ഹെൽത്ത് മിഷന്റെ ലോഗോയാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഉദ്യോഗാർഥിക്ക് വന്നിട്ടുള്ള ഇ മെയിൽ സന്ദേശത്തിൽ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ നമ്പർ C-29/2023/MLP/NAM എന്നതാണ്. ഇത് 2023 മാർച്ച് എട്ടിനു മലപ്പുറം ജില്ല ആയുഷ് മിഷൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനാണ്. ഇത് പിജി മെഡിക്കൽ ഓഫിസർ തസ്തികയിലേക്ക് ക്ഷണിച്ച അപേക്ഷയാണ്. ഇതിൽ നിയമനവും നേരത്തെ നടന്നു കഴിഞ്ഞു. പരാതിക്കാരൻ അപേക്ഷ നൽകിയിരിക്കുന്നത് ഡിഗ്രി യോഗ്യതയിലുള്ള ഹോമിയോ മെഡിക്കൽ ഓഫിസർ തസ്തികയിലേക്കാണ്. കൂടാതെ പരാതിക്കാരന് C-29/2023/MLP/NAM നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതയില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവും പത്തനംതിട്ട സ്വദേശി അഖിൽ സജീവും ചേർന്ന് 5 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. മലപ്പുറം സ്വദേശി ഹരിദാസ് എന്നയാളാണ് പരാതിക്കാരൻ. ഹരിദാസിന്റെ മകന്റെ ഭാര്യയെ മെഡിക്കൽ ഓഫീസർ ആയി നിയമിക്കാനാണ് പണം വാങ്ങിയതെന്നാണ് പരാതി. എന്നാൽ റാങ്ക് ലിസ്റ്റിൽ ഇല്ലാത്ത ആളിനെ എങ്ങനെ ജോലി നൽകാൻ ആകുമെന്നതാണ് ചോദ്യം. 37 പേരാണ് റാങ്ക് ലിസ്റ്റിൽ ഉള്ളത്. പരാതിക്കാരന്റെ മരുമകളുടെ പേര് ഈ ലിസ്റ്റിൽ ഇല്ല. മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിന് സംഭവത്തിൽ പങ്കില്ലെന്നാണ് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നത്. പഴ്‌സനൽ സ്റ്റാഫിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.
ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
മലപ്പുറം സ്വദേശിയായ ബാസിദ് എന്ന വ്യക്തി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് ഇത്തരത്തിലൊരു പരാതി പറഞ്ഞു. പത്തനംതിട്ടയിലുള്ള 'അഖിൽ സജീവ്' എന്നൊരാൾ പണം വാങ്ങി എന്നതാണ് ആ വ്യക്തി അന്ന് പറഞ്ഞത്. ഓഫീസിൽ മന്ത്രി എത്തിയപ്പോൾ പ്രൈവറ്റ് സെക്രട്ടറി ഈ വിഷയം പറയുകയും രേഖാമൂലം പരാതി എഴുതി നൽകാൻ പരാതിക്കാരനോട് ആവശ്യപ്പെടാൻ മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് വന്ന് പരാതി പറഞ്ഞ ആളോട് രേഖാമൂലം പരാതി നൽകാൻ പ്രൈവറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു.
പരാതിയിൽ പത്തനംതിട്ട സ്വദേശിയായ 'അഖിൽ സജീവ്' എന്നൊരാൾ പണം വാങ്ങിയെന്നും അയാൾ പറഞ്ഞതനുസരിച്ച് മന്ത്രിയുടെ തിരുവനന്തപുരത്തെ ഓഫീസിന് പുറത്ത് വച്ച് പേഴ്‌സണൽ സ്റ്റാഫായ അഖിൽ മാത്യുവിന് പണം കൊടുത്തു എന്നുമാണുള്ളതാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ പേഴ്‌സണൽ സ്റ്റാഫ് ആയ അഖിൽ മാത്യുവിനോട് വിശദീകരണം തേടി. പരാതിയിൽ ഉന്നയിക്കപ്പെട്ട കാര്യം അയാൾക്ക് യാതൊരറിവും ഉള്ളതല്ല എന്നും അയാളെ സംബന്ധിച്ച് ഉന്നയിച്ച കാര്യം തീർത്തും തെറ്റാണെന്നും ആരോ ബോധപൂർവം അയാളുടെ പേര് ഉന്നയിച്ചതാണെന്നും മറുപടി നൽകി.
ഈ സാഹചര്യത്തിൽ പരാതി സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കണ്ടെത്തി കർശന നിയമ നടപടി സ്വീകരിക്കുന്നതിന് വേണ്ടി പൊലീസിൽ പരാതി നൽകാൻ പ്രൈവറ്റ് സെക്രട്ടറിയോട് മന്ത്രി നിർദ്ദേശം നൽകി. പ്രൈവറ്റ് സെക്രട്ടറി അതിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പി.യ്ക്ക് പരാതി നൽകി.
താൻ ചെയ്യാത്ത കുറ്റം തനിക്കെതിരെ ഉന്നയിച്ച്, തെറ്റായ ആരോപണം ഉന്നയിച്ചത് സംബന്ധിച്ചും അതിന് പിന്നിൽ പ്രവർത്തിച്ചവരെ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഖിൽ മാത്യുവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ ക്രൈം 1050/2023/ U/ട 419, 420 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ 13നാണ് മലപ്പുറം സ്വദേശിയായ ഹരിദാസൻ എന്ന വ്യക്തി നൽകിയ പരാതി രജിസ്‌ട്രേഡ് പോസ്റ്റായി മന്ത്രി ഓഫീസിൽ ലഭിച്ചത്. തുടർനടപടിക്കായി 20-ാം തീയതി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഡിജിപിക്ക് ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പരാതി നൽകി.




