- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അരിക്കൊമ്പൻ മുതുകുഴി വനത്തിൽ കോതയാർ ഡാമിനു സമീപം; തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്ത് നിരീക്ഷിക്കുന്നു; കൊമ്പൻ ഉൾക്കാട്ടിലേക്ക് കയറാതെ ഡാം പരിസരത്ത് ചുറ്റിത്തിരിയുന്നത് അവശതയാലെന്ന് സൂചന; ആശങ്ക തുമ്പിക്കൈയിലെ ആഴത്തിലുള്ള മുറിവിൽ
തിരുവനന്തപുരം: തമിഴ്‌നാട്‌കേരള അതിർത്തിയോടു ചേർന്നുള്ള അപ്പർ കോതയ്യാർ മുത്തുകുഴി വനമേഖലയിൽ തുറന്നു വിട്ട അരിക്കൊമ്പൻ കോതയ്യാർ ഡാമിനു സമീപം നിലയുറപ്പിച്ചതായി കേരള വനം വകുപ്പ്. കാട്ടാനയുടെ ശരീരത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിലെ സിഗ്‌നൽ പ്രകാരമാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഡാം പരിസരത്തായി ചുറ്റിത്തിരിയുകയാണ് കൊമ്പൻ. ക്ഷീണിതനായതിനാലാണ് അധികം കാട്ടിലേക്ക് പോകാത്തത് എന്നാണ് പുറത്തുവരുന്ന സൂചനകൾ.
കോതയ്യാർ ഡാമിൽ നിന്നു വിതുര വഴി നെയ്യാർ വനമേഖലയിലേക്കു 130 കിലോമീറ്റർ ദൂരമുണ്ട്. ഇന്നലെ പുലർച്ചെ 3.30നാണു പെരിയാർ കടുവ സങ്കേതത്തിൽ അരിക്കൊമ്പന്റെ സഞ്ചാരപഥത്തെക്കുറിച്ചു സിഗ്‌നൽ ലഭിച്ചത്. കോതയാറിൽ നിന്നു നെയ്യാർ വനമേഖലയിലേക്ക് അരിക്കൊമ്പൻ എത്തുകയാണെങ്കിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനു നിർദ്ദേശം ലഭിച്ചു. ഇതോടെ അതിർത്തിമേഖലകളിൽ വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കി. 20 കിലോമീറ്റർ പരിധിയിൽ ആന എത്തിയാൽ ഇക്കാര്യം വനംവകുപ്പിന് അറിയാനാകുമെന്നും അധികൃതർ പറഞ്ഞു.
അരിക്കൊമ്പൻ വിഷയത്തിൽ ലഭ്യമായ വിവരങ്ങൾ തമിഴ്‌നാട് കേരളത്തിനു കൈമാറുന്നുണ്ട്. കന്യാകുമാരി ഡിഎഫ്ഒയും ഇന്നലെ കേരളത്തിലെ വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. കേരള അതിർത്തിയോടു ചേർന്നുള്ള അപ്പർ കോതയ്യാർ മുത്തുകുഴി വനമേഖലയിലാണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം തുറന്നു വിട്ടതെന്നാണു തമിഴ്‌നാട് വനം വകുപ്പ് ഔദ്യോഗികമായി അറിയിച്ചത്.
തുമ്പിക്കൈയിൽ ആഴത്തിലുള്ള മുറിവും ശരീരത്തിൽ പരുക്കുകളുമായി അരിക്കൊമ്പൻ പഴയ വേഗത്തിൽ സഞ്ചരിക്കാൻ സാധ്യതയില്ലെന്നാണു വനം വകുപ്പിന്റെ നിഗമനം. കീഴ്ക്കാംതൂക്കായ പ്രദേശങ്ങൾ കൂടുതലായ സ്ഥലത്താണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയും സഞ്ചാരത്തിനു തടസ്സമുണ്ടാക്കുന്നു. കുറച്ചു ദിവസങ്ങൾ കൂടി നിരീക്ഷിച്ചാൽ മാത്രമേ അരിക്കൊമ്പന്റെ വഴി എങ്ങോട്ടാണെന്നു വ്യക്തമാകുകയുള്ളൂവെന്നും വനം വകുപ്പ് അറിയിച്ചു.
റേഡിയോ കോളർ ഘടിപ്പിച്ച ആനയെ തമിഴ്‌നാട് വനംവകുപ്പും നിരീക്ഷിക്കുന്നുണ്ട്. തിങ്കൾ പുലർച്ചെ കമ്പം വനമേഖലയിലെ ഷൺമുഖനദി അണക്കെട്ടിലെ ചിന്ന ഒവളപുരം ഭാഗത്തുനിന്നാണ് ആനയെ പിടിച്ചത്. രാവിലെ ഏഴോടെ കമ്പത്തുനിന്ന് ആനയുമായി പുറപ്പെട്ട തമിഴ്‌നാടിന്റെ ആംബുലൻസ് വൈകിട്ട് ആറോടെ കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെത്തി. മണിമുത്താർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽനിന്ന് ആനയെ മാഞ്ചോല, നാലുംകുക്ക് വഴി അപ്പർ കോതയ്യാർ അണക്കെട്ടിലെ കൊടുംവനപ്രദേശമായ മുതുകുഴി വയലിലേക്ക് എത്തിച്ചു.
ആനയ്ക്ക് രണ്ടുദിവസത്തെ ചികിത്സ നൽകാൻ വനംവകുപ്പ് തീരുമാനിച്ചെങ്കിലും മതിയായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ചൊവ്വാഴ്ച പുലർച്ചെ പ്രഥമ ശുശ്രൂഷ നൽകി വനത്തിൽ വിട്ടു. അരിക്കൊമ്പനെ പിടികൂടാൻ കേരളത്തിന് ചെലവായത് ഒരു കോടിയിലേറെ രൂപയാണ്. വനംവകുപ്പിനുമാത്രം 85 ലക്ഷത്തിലധികം രൂപ ചെലവായി. ദൗത്യം വിജയിപ്പിക്കാൻ നേതൃത്വം നൽകിയ ഗതാഗത വകുപ്പ്, പൊലീസ്, റവന്യു, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ ചെലവുകൂടിയാകുമ്പോൾ ഒരുകോടി കവിയും.




