കൊച്ചി: നവകേരള ബസിന് നേരെക ഷൂ എറിഞ്ഞ കേസിൽ നാല് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നാല് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞത്. കേസിൽ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയ സമയത്താണ് പൊലീസിനെതിരെ കോടതി വിമർശനം ഉന്നയിച്ചത്.

കേസിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ 308-ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വധശ്രമവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വകുപ്പ്. കേസിൽ 308-ാം വകുപ്പ് എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചിരുന്നു. ബസിന് നേരെ ഷൂ എറിഞ്ഞ കാരണത്താൽ എങ്ങനെയാണ് 308-ാം വകുപ്പ് ചുമത്താൻ കഴിയുക. ഓടിക്കൊണ്ടിരുന്ന ബസിന് നേരെയാണ് ഷൂ എറിഞ്ഞത്. ഷൂ ബസിനുള്ളിലേക്ക് പോയില്ലല്ലോ? പിന്നെ എങ്ങനെയാണ് വധശ്രമത്തിന് കേസെടുക്കുന്നത് എന്നും കോടതി ചോദിച്ചിരുന്നു.

കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതികൾ ചില കാര്യങ്ങൾ കോടതിയെ ധരിപ്പിച്ചിരുന്നു. ഷൂ എറിഞ്ഞതിന് പിന്നാലെ അവിടെ കൂടിനിന്ന ആളുകൾ തങ്ങളെ മർദ്ദിച്ചു. നവകേരള സദസിന്റെ സംഘാടകർ, ഡിവൈഎഫ്‌ഐക്കാർ ഉൾപ്പെടെയുള്ളവരാണ് മർദ്ദിച്ചത്. അപ്പോഴും പൊലീസ് അവിടെ ഉണ്ടായിരുന്നില്ലെന്നും അവർ കോടതിയെ ധരിപ്പിച്ചു. പൊലീസിന് എങ്ങനെയാണ് രണ്ടു നീതി നടപ്പാക്കാൻ കഴിയുന്നത് എന്നായിരുന്നു കോടതിയുടെ പ്രതികരണം.

ഇവരെ ആക്രമിച്ചിട്ടുണ്ടെങ്കിൽ അവർ എവിടെ?, അവരെ അറസ്റ്റ് ചെയ്‌തോ? കോടതിയിൽ അവരെ കൊണ്ടുവരേണ്ടതല്ലേ?. ഈ പൊലീസുകാർ ആരോക്കെയാണോ അവരുടെ പേരുവിവരങ്ങൾ ഉൾപ്പെടുന്ന വിശദമായ പരാതി എഴുതി നൽകാനും പ്രതികളോട് കോടതി ആവശ്യപ്പെട്ടു. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണം. ഇവരെ പൊതുസ്ഥലത്ത് വച്ച് ആക്രമിക്കുമ്പോൾ അവർക്ക് സംരക്ഷണം നൽകാൻ പൊലീസിന് ഉത്തരവാദിത്തമില്ലേ എന്നും കോടതി ചോദിച്ചു.