- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി അണക്കെട്ടിൽ സഞ്ചാരികൾക്ക് നിയന്ത്രണം; ഒരുദിവസം പരമാവധി 1400 പേർക്ക് മാത്രമേ പ്രവേശനം: ഡാമിലേക്കുള്ള സന്ദർശനം ഇനി ബഗ്ഗി കാറുകളിൽ മാത്രം
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ചയെ തുടർന്ന് ഡാമിലേക്കുള്ള സഞ്ചാരികൾക്ക് നിയന്ത്രണം. സഞ്ചാരികൾക്ക് ഇനി ബഗ്ഗി കാറുകളിൽ മാത്രമേ അണക്കെട്ടിലെ കാഴ്‌ച്ചകൾ ആസ്വദിക്കാൻ കഴിയുകയുള്ളൂ. വിനോദസഞ്ചാരികളെ അണക്കെട്ടിന് മുകളിലൂടെ നടക്കാൻ അനുവദിക്കില്ലെന്ന് കെ.എസ്.ഇ.ബി. ഹൈഡൽ ടൂറിസം വിഭാഗം തീരുമാനിച്ചു. അണക്കെട്ടിലേക്കുള്ള സുഗമമായ സന്ദർശനം ഉറപ്പാക്കാൻ കൂടുതൽ ബഗ്ഗി കാറുകൾ വാങ്ങുമെന്ന് കേരള ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ നരേന്ദ്രനാഥ് വെല്ലൂരി പറഞ്ഞു.
അണക്കെട്ട് സന്ദർശിക്കാൻ തിരഞ്ഞെടുത്ത മൂന്ന് പോയിന്റുകളിൽ മാത്രം ബഗ്ഗി കാറുകൾ നിർത്തി കാഴ്ചകാണാം. ഒരുദിവസം പരമാവധി 1400 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇടുക്കി അണക്കെട്ടിലെ ഹൈഡൽ ടൂറിസം കേന്ദ്രം ഹരിത ഊർജത്തിലേക്ക് മാറും. ഇതിന്റെ ഭാഗമായി സൗരോർജമുപയോഗിച്ച് പ്രവർത്തിക്കുന്ന 14 സീറ്റുകളുള്ള അഞ്ച് ബഗ്ഗി കാറുകൾ വാങ്ങാൻ തീരുമാനിച്ചു. കരാർ നടപടികൾ ഉടൻ പൂർത്തിയാകും.
ഓൺലൈൻ ടിക്കറ്റുകൾവഴി മാത്രമേ ഇനി പ്രവേശനം അനുവദിക്കൂ. പ്രവേശന പാസും ബഗ്ഗി കാർ യാത്രയുൾപ്പെടെ 100 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. മുമ്പ് ബഗ്ഗി കാറിനും ടിക്കറ്റിനും ചേർത്ത് 115 രൂപ നല്കേണ്ട സ്ഥാനത്ത് ഇപ്പോൾ 15 രൂപ കുറഞ്ഞു. കുട്ടികൾക്ക് 20 രൂപയായിരുന്നത് 100 രൂപയാക്കി. അണക്കെട്ടിന് സമീപമുള്ള ടിക്കറ്റ് കൗണ്ടർ വെള്ളാപ്പാറ ഗസ്റ്റ് ഹൗസിലേക്ക് മാറ്റും. കുടിവെള്ളമുൾപ്പെടെയുള്ള ഒരു സാധനവും അണക്കെട്ടിന്റെ പരിസരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. സുരക്ഷയും മറ്റ് ക്രമീകരണങ്ങളും പൂർത്തിയാക്കി വർഷംമുഴുവനും സന്ദർശകരെ പ്രവേശിപ്പിക്കാൻ പദ്ധതിയിടുന്നതായും ഹൈഡൽ ടൂറിസം വകുപ്പ് ഡയറക്ടർ പറഞ്ഞു.
സുരക്ഷാ വീഴ്ചയെത്തുടർന്ന് സെപ്റ്റംബർ രണ്ടാംവാരം മുതൽ ഇടുക്കി അണക്കെട്ടിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിർത്തിയിരിക്കുകയാണ്. കഴിഞ്ഞ ജൂലായ് 22-ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറിന്റെ ഇരുമ്പുവടത്തിൽ ഒറ്റപ്പാലം സ്വദേശിയായ യുവാവ് ദ്രാവകം ഒഴിക്കുകയും, ഉയരവിളക്കുകൾ താഴിട്ട് പൂട്ടുകയും ചെയ്തതിനെ തുടർന്നാണ് തീരുമാനം. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്.



