തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഓണാം വാരാഘോഷത്തിന് പ്രൗഢഗംഭീര സമാപനം. വൈകീട്ട് അഞ്ചിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാനവീയം വീഥിയിൽ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. അരിക്കൊമ്പനും ചന്ദ്രയാനും അടക്കമുള്ള വിഷയങ്ങൾ പ്രമേയമാക്കിയ അറുപതിലധികം ഫ്ളോട്ടുകളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും പാരമ്പര്യകലകളും അണിചേർന്ന സാംസ്‌കാരിക ഘോഷയാത്രയും വാരാഘോഷ സമാപന പരിപാടിയെ വർണാഭമാക്കി. മത്സ്യബന്ധന, മ്യൂസിയം- മൃഗശാലാ വകുപ്പുകളുടെ ഫ്‌ളോട്ടുകൾ പുരസ്‌കാരം സ്വന്തമാക്കി.

തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്കു സമീപം ഒരുക്കിയ പവലിയനിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സമേതം ഘോഷയാത്ര കാണാനെത്തി. മുഖ്യാതിഥിയായ സ്പീക്കർ എ.എൻ. ഷംസീർ ഗവർണർക്ക് പതാക കൈമാറി. വാദ്യകലാകാരൻ സുരേഷ് വാമനപുരത്തിന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാദ്യോപകരണമായ കൊമ്പ് കൈമാറിയതോടെ വാദ്യഘോഷത്തിനും തുടക്കമായി.

മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു, പി.എ. മുഹമ്മദ് റിയാസ്, സ്പീക്കർ എ.എൻ. ഷംസീർ, എംഎ‍ൽഎ.മാരായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയ്, വി.കെ. പ്രശാന്ത്, ജി. സ്റ്റീഫൻ, ഡി.കെ. മുരളി, ഐ.ബി. സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സാഹെബ് തുടങ്ങിയവരും ഘോഷയാത്ര കാണാനെത്തിയിരുന്നു. ഘോഷയാത്ര കടന്നുപോയ വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയുള്ള പാതയുടെ ഇരുവശവും ഉച്ചയോടെ തന്നെ ആയിരങ്ങൾ ഇടം പിടിച്ചിരുന്നു.

എംഎ‍ൽഎ.മാരായ ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, വി. ജോയ്, ഐ.ബി. സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ടൂറിസം വകുപ്പ് ഡയറക്ടർ പി.ബി നൂഹ് തുടങ്ങിയവരും പങ്കെടുത്തു.

ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തിൽ നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ പങ്കെടുത്ത ഫ്‌ളോട്ടുകൾക്കും കലാരൂപങ്ങൾക്കുമുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ സ്ഥാപന വിഭാഗത്തിൽ ഒന്നാം സ്ഥാനം ഐ.എസ്.ആർ.ഒ.യ്ക്കും രണ്ടാംസ്ഥാനം തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്‌ളോട്ടുകൾക്ക് ലഭിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളുടെ വിഭാഗത്തിൽ മത്സ്യബന്ധന വകുപ്പും മ്യൂസിയം-മൃഗശാല വകുപ്പും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

സർക്കാരിതര സ്ഥാപന വിഭാഗത്തിൽ ഒന്നാംസ്ഥാനം കെ.ടി.ഡി.സി.യുടെയും രണ്ടാംസ്ഥാനം കെ.എസ്‌ഐ.ഡി.സി.യുടെയും ഫ്ളോട്ടുകൾ സ്വന്തമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമൊരുക്കിയ ഫ്‌ളോട്ടുകൾക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചു.

സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ പി.എം.എസ്. കോളേജ് ഓഫ് ഡെന്റൽ സയൻസും കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സും പുരസ്‌കാരം നേടി. ദൃശ്യകലാരൂപങ്ങളുടെ വിഭാഗത്തിൽ പാവപ്പൊലിമയും (ഫ്ളോട്ട് നമ്പർ 77) ദൃശ്യ ഇവന്റ്സും (ഫ്ളോട്ട് നമ്പർ 76) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ബാബു ആശാൻ അവതരിപ്പിച്ച ചെണ്ടമേളത്തിനും യേശുദാസ് അവതരിപ്പിച്ച ചെണ്ടമേളത്തിനും ശ്രവ്യ കലാരൂപങ്ങളുടെ വിഭാഗത്തിലെ പുരസ്‌കാരവും ലഭിച്ചു. വിജയികൾക്കുള്ള സമ്മാനം ഓണം വാരാഘോഷത്തിന്റെ സമാപന വേദിയിൽ വിതരണം ചെയ്തു.