ഇടുക്കി: കൈക്കൂലി കേസിൽ അറസ്റ്റിലായ മുൻ തഹസിൽദാർക്ക് നാല് വർഷം തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴ തഹസിൽദാറായിരുന്ന ജോയ് കുര്യാക്കോസിനെയാണ് കൈക്കൂലി കേസിൽ ശിക്ഷിച്ചത്. കേസ് വിചാരണ നടത്തിയ മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജോയ് കുര്യാക്കോസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ശിക്ഷ വിധിച്ചത്. പുതിയതായി വീടു വെച്ച ഒരാളിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്.

2013 മുതൽ തൊടുപുഴ തഹസിൽദാറായിരുന്ന ജോയ് കുര്യാക്കോസ് പാറപ്പുഴ സ്വദേശിയിൽനിന്ന് വീടിന്റെ ആഡംബര നികുതി ഒഴിവാക്കാൻ 10,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിധി. കൈക്കൂലി വാങ്ങിയ ഉടൻ ഇടുക്കി വിജിലൻസ് മുൻ ഡിവൈ.എസ്‌പി രതീഷ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.

2013 ഒക്ടോബർ 15 മുതൽ തൊടുപുഴ തഹസിൽദാറായിരുന്ന ജോയ് കുര്യാക്കോസിനെിരെ പാറപ്പുഴ സ്വദേശിയായ ഒരു വീട്ടുടമയാണ് പരാതി നൽകിയത്. തന്റെ വീടിന്റെ ലക്ഷ്വറി ടാക്‌സ് ഒഴിവാക്കാൻ തഹസിൽദാർ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് അദ്ദേഹം വിജിലൻസിനെ അറിയിച്ചു. പണം വാങ്ങിയ സമയത്ത് ഇടുക്കി വിജിലൻസ് മുൻ ഡിവൈഎസ്‌പി രതീഷ് കൃഷ്ണനും സംഘവും തഹസിൽദാറെ കൈയോടെ പിടികൂടുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ പൂർത്തിയാക്കി ഇടുക്കിയിലെ വിജിലൻസ് മുൻ ഡിവൈഎസ്‌പി ആന്റണി ടി.എ ആണ് കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ വിചാരണ പൂർത്തിയാക്കിയ മൂവാറ്റുപുഴ വിജിലൻസ് കോടതി ശനിയാഴ്ച ശിക്ഷ വിധിക്കുകയായിരുന്നു. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ സരിതയാണ് ഹാജരായത്.

പൊതുജനങ്ങൾക്ക് അഴിമതി സംബന്ധമായ വിവരങ്ങൾ ലഭിച്ചാൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064ലോ 8592900900 എന്ന നമ്പറിലോ അല്ലെങ്കിൽ 94477789100 എന്ന വാട്‌സ്ആപ് നമ്പറിലോ അറിയിക്കാം.