Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രാജ്യം ഭരിക്കുന്നത് വാഗ്ദാനങ്ങൾ നൂറ് ശതമാനവും നടപ്പാക്കിയ സർക്കാർ; കടമെടുത്ത് ഭരണം നടത്തുന്ന കേരളത്തിൽ വികസനം നടക്കാത്തത് ഭീമമായ അഴിമതി നടക്കുന്നതുകൊണ്ടെന്നും പി.കെ. കൃഷ്ണദാസ്

രാജ്യം ഭരിക്കുന്നത് വാഗ്ദാനങ്ങൾ നൂറ് ശതമാനവും നടപ്പാക്കിയ സർക്കാർ; കടമെടുത്ത് ഭരണം നടത്തുന്ന കേരളത്തിൽ വികസനം നടക്കാത്തത് ഭീമമായ അഴിമതി നടക്കുന്നതുകൊണ്ടെന്നും പി.കെ. കൃഷ്ണദാസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വാഗ്ദാനങ്ങൾ നൂറ് ശതമാനവും നടപ്പാക്കിയ സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. മോദി സർക്കാരിന്റെ ഒൻപതാം വാർഷികാഘോത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ പഴയ ബസ്സ്റ്റാൻഡിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയുടെ ഭരണത്തിൽ ലോക രാജ്യങ്ങൾ മുഴുവൻ ഭാരതത്തിലേക്കെത്തുകയാണ്. സാധാരണക്കാരായ ജനങ്ങളാണ് കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ. കൊറോണക്കാലത്ത് സൗജന്യമായി വാക്‌സിൻ മാത്രമല്ല നൽകിയത്, മറിച്ച് 80 കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ കൂടി കേന്ദ്രസർക്കാർ സൗജന്യമായി നൽകി. മഹാമാരിയുടെ കാലത്ത് ഭാരതത്തിൽ ആരും തന്നെ പട്ടിണി കിടന്നില്ല. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് പിടിച്ച് കൊണ്ടാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിലും തൊഴിൽ മേഖലയിലും ഭാരതം കുതിച്ച് ചാട്ടമാണ് നടത്തിയത്. മുദ്ര ലോൺ പദ്ധതി പ്രകാരം കേരളത്തിൽ മാത്രം 60,000 കോടി രൂപയാണ് നൽകിയത്. കോടിക്കണക്കിന് കർഷകർക്കാണ് കൃഷി സമ്മാൻ നിധിയുടെ ആനുകൂല്ല്യം ലഭിക്കുന്നത്. പിറന്ന് വീഴുന്ന കുഞ്ഞുങ്ങൾക്ക് പോലും സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയ സർക്കാരാണ് നരേന്ദ്ര മോദിയുടെത്. വഴിയോരക്കച്ചവടക്കാർക്കും മുതിർന്ന് പൗരന്മാർക്കുമെല്ലാം വിവിധ പദ്ധതികൾ നടപ്പിലാക്കി. ഭാരതത്തിലെ ഓരോ പൗരനും അഭിമാനത്തോടെ ഇത് എന്റെ സർക്കാരാണെന്ന് പറയുന്നു.

നരേന്ദ്ര മോദി സർക്കാരിന് ഇത്രയും വികസനപദ്ധതികൾ നടപ്പാക്കാൻ സാധിക്കുന്നത് അഴിമതി രഹിത ഭരണം കാഴ്ചവെക്കുന്നതുകൊണ്ടാണ്. വികസന കാര്യത്തിനായി നീക്കിവെക്കുന്ന ഒരു രൂപ പോലും ദുരുപയോഗം ചെയ്യപ്പെടുന്നില്ല. എന്നാൽ ആയിരക്കണക്കിന് കോടി രൂപ കടമെടുത്ത് ഭരണം നടത്തുന്ന കേരളത്തിൽ വികസനം നടക്കാത്തത് ഭീമമായ അഴിമതി നടക്കുന്നതുകൊണ്ടാണ്. ബ്രഹ്‌മപുരം മാലിന്യ പ്ലന്റിൽ നിന്നുള്ള മാലിന്യത്തിന്റെ ദുർഗദന്ധത്തെക്കാൾ വലുതാണ് അവിടെ നടന്ന അഴിമതിയുടെ ദുർഗന്ധം. കരാർ കൊടുക്കലും ഉപകരാർ കൊടുക്കലും അഴിമതി നടത്തലും മാത്രമാണ് കേരളത്തിൽ നടക്കുന്നത്. അഴിമതിയുടെ കൂത്തരങ്ങായി കേരളം മാറിയിരിക്കുന്നു.

നരേന്ദ്ര മോദി സർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലുമുന്നയിക്കാൻ ഇതുവരെ കോൺഗ്രസ്സ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കായിട്ടില്ല. കേന്ദ്രസർക്കാരിന്റെ പദ്ധതികൾക്കെതിരെ കോൺഗ്രസ്സ് ആരോപണമുന്നയിക്കുന്നത് അവർ വികസന വിരോധികളായതു കൊണ്ട് മാത്രമാണ്. ഭാരതത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് കോൺഗ്രസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട്. ദ്രൗപതി മുർമ്മുവിനെതിരെ സ്ഥാനാർത്ഥിയെ നിർത്തി അവരെ രാഷ്ട്രപതിയാകുന്നതിൽ നിന്ന് തടയാൻ മുന്നിട്ടിറങ്ങിയവരാണ് ഇപ്പോൾ അവർ പിന്നോക്കക്കാരിയായതിനാൽ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യിക്കാത്തതിൽ മുതലക്കണ്ണീരൊഴുക്കുന്നത്. കോൺഗ്രസ്സിന്റെ അവസരവാദ രാഷ്ട്രീയം ഭാരതത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും കൃഷ്ണദാസ് പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പി.കെ. വേലായുധൻ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ്, മേഖലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.ആർ. സുരേഷ് സ്വാഗതവും ജില്ലാ സെൽ കോഡിനേറ്റർ രാജൻ പുതുക്കുടി നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP