Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാഹുൽ ഗാന്ധിയെ പിന്തുണച്ചിട്ടില്ല, അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നിലപാടിനെയാണ് എതിർക്കുന്നത്; വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ, സിപിഎം ഉറപ്പായും മത്സരിക്കുമെന്നും എം വി ഗോവിന്ദൻ

രാഹുൽ ഗാന്ധിയെ പിന്തുണച്ചിട്ടില്ല, അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നിലപാടിനെയാണ് എതിർക്കുന്നത്; വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ, സിപിഎം ഉറപ്പായും മത്സരിക്കുമെന്നും എം വി ഗോവിന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉറപ്പായും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് എതിരെ മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ജനാധിപത്യവിരുദ്ധമായ നിലപാടിനെയാണ് എതിർക്കുന്നത്. അല്ലാതെ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുകയല്ല ചെയ്തതെന്ന് എം വി ഗോവിന്ദൻ ആവർത്തിച്ചു.

'ജനാധിപത്യ വിരുദ്ധമായ നിലപാടിനെ എതിർക്കുമ്പോൾ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി വരുമ്പോൾ എതിർ സ്ഥാനാർത്ഥിയെ നിർത്തി മത്സരിക്കുകയും ചെയ്യും. അതിൽ പാർട്ടി ഒരു വിട്ടുവീഴ്ചയും നടത്തില്ല. ഫാസിസ്റ്റ് വിരുദ്ധ നിലപാടിന്റെ ഏറ്റവും വലിയ ചാമ്പ്യൻ ഞങ്ങളാണ്. പിന്നെ എന്തിനാണ് മറ്റുള്ളവർക്ക് പിന്തുണ നൽകുന്നത്. ഞങ്ങളാണ് ഇത് ഏറ്റവും ശക്തിയായി ഉയർത്തുന്നത്. ആർഎസ് എസ് വിരുദ്ധ പ്രചാരണം ശക്തമാക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടെങ്കിൽ കോൺഗ്രസിന് സിപിഎമ്മിനെ പിന്തുണയ്ക്കാവുന്നതാണ്. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് ബിജെപി സർക്കാർ അയോഗ്യനായി പ്രഖ്യാപിക്കുന്നു. ആ പ്രഖ്യാപനത്തെ ഞങ്ങൾ ശക്തമായി എതിർക്കുകയാണ്. അത് തന്നെയാണ് ഇപ്പോഴും പറയുന്നത്. എന്നാൽ അതിന്റെ പേരിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പിന്തുണ പ്രഖ്യാപിക്കുമെന്ന് ഒരു തെറ്റിദ്ധാരണയും ഉണ്ടാവേണ്ടതില്ലെന്നും അന്ന് പറഞ്ഞിരുന്നു. അത് തന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നത്'- എം വി ഗോവിന്ദന്റെ വാക്കുകൾ.

ഭീഷണിക്ക് വിധേയമാകുന്നവരാണെങ്കിൽ അവരെ ജഡ്ജിമാർ എന്ന് പറയുന്നതിൽ കാര്യമുണ്ടോ എന്ന് എം വി ഗോവിന്ദൻ ചോദിച്ചു. ഭീഷണിക്ക് വിധേയമായാണ് ലോകായുക്ത വിധി എന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

'ഭീഷണിക്ക് വിധേയമാകുന്നവരാണെങ്കിൽ അവരെ ജഡ്ജിമാർ എന്ന് പറയുന്നതിൽ കാര്യമുണ്ടോ?, ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ, ഭീഷണിക്ക് വിധേയമാകുന്നവരാണെങ്കിൽ അവർ എന്ത് ജഡ്ജിയാണ്? അവർക്ക് അനുകൂലമാകുന്നതും അനുകൂലമാകാത്തതുമായ ഡീൽ സംബന്ധിച്ചാണ് കോൺഗ്രസ് പറയുന്നത്. ഞങ്ങൾക്ക് ഇതുസംബന്ധിച്ച് ഒന്നുമില്ല. കൃത്യമായ നിലപാട് സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. അനാവശ്യമായ ചർച്ചകൾ ആവശ്യമില്ല' - എം വി ഗോവിന്ദന്റെ വാക്കുകൾ.

കേന്ദ്ര ഏജൻസികൾ എൽഡിഎഫ് സർക്കാരിനെതിരേയും നേതാക്കൾക്കെതിരേയും എടുക്കുന്ന സമീപനങ്ങളെ വാനോളം പുകഴ്‌ത്താനാണ് കോൺഗ്രസ് തയ്യാറായിട്ടുള്ളതെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.പ്രതിപക്ഷ രാഷ്ട്രീയത്തിനെതിരായ അസഹിഷ്ണുതയാണ് ബിജെപി സർക്കാരും സർക്കാരിന് കീഴിലുള്ള ഭരണഘടനാ സ്ഥാപനങ്ങളും എപ്പോഴും എടുത്തുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര ഏജൻസികൾ കോൺഗ്രസിനെതിരായി നടത്തുന്ന കടന്നാക്രമണത്തെ മാത്രമെ ചെറുക്കേണ്ടതുള്ളു എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ഒന്നാമത്തെ ശത്രുവായി കണ്ടാണ് കോൺഗ്രസ് ഇവിടെ പ്രവർത്തിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യാൻ തയ്യാറായപ്പോഴും കോൺഗ്രസ് അതിനെ എതിർത്തില്ല. ആം ആദ്മി പാർട്ടിയുടെ ഡൽഹി ഉപമുഖ്യമന്ത്രിയുടെ അറസ്റ്റിൽ കോൺഗ്രസിന് പ്രശ്‌നമില്ല. ജനാധിപത്യ വിരുദ്ധ പ്രവർത്തനത്തെ എതിർക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്.

ജനാധിപത്യവിരുദ്ധമായ രീതിയിലാണ് കേരള നിയമസഭയിൽ കോൺഗ്രസ് പ്രവർത്തിച്ചത്. എന്നാൽ അതിനനൂകൂലമായി മാധ്യമങ്ങൾ വാർത്ത നൽകി. കമ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്തതെന്നും എം വി ഗോവിന്ദൻ പറഞ്ഞു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP