കണ്ണൂർ: മുഖ്യമന്ത്രിയെയും സി.പി. എമ്മിനെയും ആരോപണങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും മുൾമുനയിൽ നിർത്തുന്ന സ്വപ്നാ സുരേഷിനെതിരെ കണ്ണൂർ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. വിവാദനായികയായ സ്വപ്നയെ കണ്ണൂരിലേക്ക് ചോദ്യം ചെയ്യാനായി വിളിപ്പിക്കാനാണ് തിരക്കിട്ട നീക്കം നടത്തുന്നത്. ഇതുവഴി സ്വപ്നയെ സമ്മർദ്ദത്തിലാക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ആഭ്യന്തരവകുപ്പ്.

മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ സോഷ്യൽമീഡിയയിൽ ആരോപണമുന്നയിച്ചതിനാണ് സ്വപ്നാസുരേഷിനെതിരെ കണ്ണൂർ റൂറൽ പൊലിസ് കുരുക്ക് മുറുക്കിയത്. ഇതിന്റെ ഭാഗമായി സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ പരാതി നൽകിയ സിപിഎം. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷിൽ നിന്നും തളിപ്പറമ്പ് ഡി.വൈ.എസ്‌പി. എംപി.വിനോദ് മൊഴിയെടുത്തിട്ടുണ്ട്.

വ്യാഴാഴ്‌ച്ച രാവിലെ പത്തുമണിയോടെയാണ് ഡി.വൈ.എസ്‌പി ഓഫീസിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം.സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ മാസ്റ്റർക്കും എതിരെ 30 കോടി രൂപയുടെ ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് വ്യാജ ആരോപണം ഉന്നയിച്ചതായി ആരോപിച്ച് കെ.സന്തോഷ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്.

പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. താൻ കൊടുത്ത പരാതിയിൽ ഉറച്ചു നിൽക്കുന്നതായാണ് സന്തോഷ് മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും സ്വപ്നയിൽ നിന്നും പൊലീസ് മൊഴിയെടുക്കുക. പരാതിയിൽ സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ സ്വപ്നയെ ബാംഗ്ളൂരിൽ നിന്നും വിളിച്ചു വരുത്തുമോയെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.കൂട്ടുപ്രതിയായ വിജേഷ് പിള്ളയെയും പൊലിസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

വിജേഷ് പിള്ള വഴി ബാംഗ്ളൂരിലെ ഒരു ഹോട്ടൽ ലോംഞ്ചിൽ വെച്ചു മുപ്പതുകോടിരൂപ നൽകാമെന്ന് പറഞ്ഞ് സ്വാധീനിക്കാൻ ശ്രമിക്കുകയും മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാർക്കുമെതിരെയുള്ള ആരോപണങ്ങളിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം.