- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടപ്പാക്കാൻ സാധിക്കാത്ത മൂന്ന് പദ്ധതികൾ നൂറ് ദിന പരിപാടിയിൽ; കെ.ആർ.ജ്യോതിലാലും രാജൻ ഖൊബ്രഗഡെയും തമ്മിൽ ശീതസമരം തുടരുന്നു; നടപടി ഉടൻ വേണ്ടെന്ന നിലപാടിൽ സർക്കാർ; ഇരുവരും തൽസ്ഥാനങ്ങളിൽ തുടരും
തിരുവനന്തപുരം: ഊർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലും വൈദ്യുതി ബോർഡ് ചെയർമാൻ രാജൻ ഖൊബ്രഗഡെയുമായുള്ള ശീതസമരത്തിൽ ഉടൻ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ. ഇതോടെ ഇരുവരും സ്ഥാനങ്ങളിൽ തൽക്കാലം തുടരും. ഇന്നലെ കൂടിയ മന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്തില്ല. ഇരുവരും പരിശീലനത്തിനു പോകുന്ന സാഹചര്യത്തിൽ ഒരു മാസത്തേക്കു പകരം ആർക്കെങ്കിലും ചുമതല നൽകാനാണ് നിലവിൽ സർക്കാരിന്റെ തീരുമാനം.
മന്ത്രിസഭാ യോഗത്തിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മന്ത്രി കെ.കൃഷ്ണൻകുട്ടി വിഷയം സംസാരിച്ചതായാണ് വിവരം. യോഗത്തിലേക്കു ജ്യോതിലാലിനെയും ഖൊബ്രഗഡെയെയും വിളിച്ചിരുന്നില്ല. ഉദ്യോഗസ്ഥർ പരിശീലനം കഴിഞ്ഞു മടങ്ങി എത്താൻ സമയം ഉള്ളതിനാൽ ഉടനെ മാറ്റം വേണ്ടെന്നാണ് തീരുമാനം. നടപ്പാക്കാൻ സാധിക്കാത്ത മൂന്ന് പദ്ധതികൾ സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയതിന് ഉത്തരവാദികളായവർക്ക് എതിരെ നടപടി സ്വീകരിച്ചു സർക്കാരിനെ അറിയിക്കണമെന്ന് ഖൊബ്രഗഡെയ്ക്കു ജ്യോതിലാൽ കത്തയച്ചിരുന്നു.
കൊല്ലം കൊട്ടിയം 120 കെവി സബ്‌സ്റ്റേഷൻ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കുമെന്ന് മന്ത്രിക്കു ഡയറക്ടർമാർ ഉറപ്പു നൽകിയിട്ടുണ്ട്. കോട്ടയത്തെ 400 കെവി സബ്‌സ്റ്റേഷൻ പൂർത്തിയാക്കാൻ ശ്രമിക്കും. പള്ളിവാസൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാവില്ല. ഊർജ വകുപ്പിലെയും ബോർഡിലെയും പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ചു കഴിഞ്ഞെന്നാണ് മന്ത്രി കൃഷ്ണൻകുട്ടി പ്രതികരിച്ചത്.
വൈദ്യുതി കമ്പനികളിൽ നിന്നു ദീർഘകാലത്തേക്കു വൈദ്യുതി വാങ്ങാൻ 2014ൽ ഒപ്പുവച്ച കരാർമൂലം ഉപയോക്താക്കൾക്കു 66,250 കോടി രൂപയുടെ അധികബാധ്യത വന്നതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷനിൽ വാദം. റഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ വൈദ്യുതി വാങ്ങിയത് അംഗീകരിച്ചു നൽകണമെന്നാവശ്യപ്പെട്ടു കെഎസ്ഇബി കമ്മിഷനു നൽകിയ അപ്പീലിന്റെ ഹിയറിങ്ങിലാണ് ഈ വാദം. വൈദ്യുതി ഉപയോഗം വർധിക്കുമെന്ന അനുമാനത്തിൽ 25 വർഷത്തേക്കു 850 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണു കെഎസ്ഇബി കരാർ വച്ചത്.