കൊച്ചി: അഡ്വ. സൈബി ജോസിനെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി റദ്ദാക്കി. ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. കുടുംബക്കോടതിയിലെ കേസുമായി ബന്ധപ്പെട്ടാണ് കോതമംഗലം സ്വദേശി സൈബിക്കെതിരേ പരാതി നൽകിയത്. തന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്ന സൈബി കേസ് ഒതുക്കിത്തീർക്കാമെന്ന് ആവശ്യപ്പെട്ട് അഞ്ച് ലക്ഷം രൂപ തന്നോട് വാങ്ങിയെന്നായിരുന്നു ആരോപണം.

കേസിൽ സൈബിക്കെതിരേ അന്വേഷണം നടത്തിയെങ്കിലും ഇയാൾക്കെതിരേ തെളിവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കാൻ കോടതി നിർദ്ദേശം നൽകിയത്. കോതമംഗലം സ്വദേശിയായ ബെയ്‌സിൽ ജോസ് എന്നയാളുടെ പരാതിയിലാണു ചേരാനല്ലൂർ പൊലീസ് വഞ്ചനാക്കുറ്റത്തിനും കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്.

കുടുംബക്കോടതിയിലുള്ള കേസിൽ പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. കുടുംബക്കോടതിക്കു പുറമേ, മജിസ്‌ട്രേട്ട് കോടതിയിൽ ഗാർഹിക പീഡനത്തിനു കേസുണ്ടായിരുന്നു. രണ്ടു കേസുകളും പിൻവലിക്കാമെന്ന് ഉറപ്പു നൽകി സൈബി 5 ലക്ഷം കൈപ്പറ്റിയെന്നായിരുന്നു പരാതി. പണം വാങ്ങിയ ശേഷം മജിസ്‌ട്രേട്ട് കോടതിയിലെ കേസ് പിൻവലിച്ചെങ്കിലും കുടുംബക്കോടതിയിലെ കേസ് പിൻവലിക്കാൻ തയാറായില്ലെന്നായിരുന്നു പരാതി.