- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ദിലീപിന് മാത്രമാണല്ലോ പരാതിയുള്ളതെന്നും വേറെ ആർക്കും പരാതിയില്ലല്ലോ എന്നും കോടതി; മെമ്മറി കാർഡ് ചോർച്ചയിൽ രഞ്ജിത്ത് മാരാർ അമിക്കസ് ക്യൂറി; അതിജീവിതയുടെ ആവശ്യം ന്യായമാണെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ അക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ദിലീപിന് മാത്രമാണല്ലോ പരാതിയുള്ളതെന്നും വേറെ ആർക്കും പരാതിയില്ലല്ലോ എന്നും കോടതി ചോദിച്ചു.
മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം ന്യായമാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കേസിൽ കോടതിയെ സഹായിക്കുന്നതിന് അഡ്വക്കേറ്റ് രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. കേസിൽ ഫോറൻസിക്ക് റിപ്പോർട്ട് അവഗണിക്കണമെന്നാണോ നടൻ ദിലീപ് പറയുന്നതെന്ന് ഹൈക്കോടതിയോട് അതിജീവിത ചോദിച്ചിരുന്നു. മെമ്മറി കാർഡ് ചോർന്നതിൽ കോടതി സ്വമേധയാ ഇടപെടണണെന്നും ഇവർ നേരത്തെ ആവശ്യപ്പെടുകയുണ്ടായി.
അതിജീവിത നൽകിയ ഹർജിയിലെ വാദം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് കോടതി സ്വമേധയാ ഇടപെടണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്. ഇരയെന്ന നിലയിൽ തന്റെ മൗലികാവകാശം സംരക്ഷിക്കണമെന്നും മെമ്മറി കാർഡ് ചോർന്നതിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അതിജീവിത കോടതി മുൻപാകെ പറഞ്ഞു. മെമ്മറി കാർഡ് ആരോ മനപ്പൂർവം പരിശോധിച്ചിട്ടുണ്ടെന്നും ഇത് ചോർത്തിയ പ്രതികളുണ്ടെങ്കിൽ കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഹർജി നൽകിയത് വിചാരണ വൈകിപ്പിക്കാനല്ലെന്നും വിചാരണ പൂർത്തിയാക്കാനുള്ള സമയം സുപ്രീം കോടതി നീട്ടിനൽകിയിട്ടുണ്ടെന്നും അതിജീവിത കോടതിയിൽ വ്യക്തമാക്കി.



