ബംഗളൂരു: വ്യാജ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മറ്റുള്ളവരെ കബളിപ്പിക്കാൻ ശ്രമിച്ച മലയാളി വിദ്യാർത്ഥിയെ കർണാടക പൊലീസ് പിടികൂടി. കേരളത്തിൽ നിന്നുള്ള നഴ്‌സിങ്ങ് വിദ്യാർത്ഥിയായ ബെനഡിക്ട് സാബു എന്ന 25 കാരനെ അറസ്റ്റുചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മംഗളൂരുവിലെ ഒരു കോളജിൽ നഴ്സിങ്ങ് കോഴ്സിന് പഠിക്കുകയായിരുന്നു ഇയാൾ.

'റോ' ഓഫീസർ, കൃഷി-കർഷക ക്ഷേമ വകുപ്പ് ജീവനക്കാരൻ എന്നിങ്ങനെ 380 വ്യാജ ഐഡി കാർഡുകൾ യുവാവിൽ നിന്നും പിടിച്ചെടുത്തു. പൊലീസ് യൂണിഫോം, ഷൂസ്, ലോഗോ, മെഡൽ, ബെൽറ്റ്, തൊപ്പി, ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവ പ്രതിയിൽ നിന്ന് കണ്ടെടുത്തതായി മംഗളൂരു പൊലീസ് കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.