ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ സ്കൂളിൽ വിദ്യാർത്ഥികളെക്കൊണ്ട് കാൽ തിരുമ്മിച്ച അധ്യാപികയുടെ വീഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മെലിയാപ്പുട്ടിയിലെ ബന്ദപ്പള്ളി ഗേൾസ് ട്രൈബൽ ആശ്രമം സ്കൂളിലാണ് സംഭവം. വീഡിയോ പ്രചരിച്ചതോടെ അധ്യാപികയെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ക്ലാസ് മുറിയിൽ കസേരയിലിരുന്ന അധ്യാപികയുടെ കാൽ നിലത്തിരുന്ന് വിദ്യാർത്ഥികൾ തിരുമ്മിക്കൊടുക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

സംഭവത്തെക്കുറിച്ച് വിശദീകരണം തേടി അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സംയോജിത ഗോത്ര വികസന ഏജൻസി സീതാംപേട്ട പ്രൊജക്ട് ഓഫീസർ പവാർ സ്വപ്നിൽ ജഗന്നാഥ് അറിയിച്ചു. സംഭവം നടന്നതിന് തലേദിവസം കാലിന് പരിക്ക് പറ്റിയതായും കാൽമുട്ടിന് കടുത്ത വേദന അനുഭവപ്പെട്ടതായും അതിനാൽ കുട്ടികൾ സ്വമേധയാ കാലുകൾ തിരുമ്മി വേദന മാറ്റാൻ ശ്രമിച്ചതാണെന്നും അധ്യാപിക വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.

എന്നാൽ, സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. വിദ്യാർത്ഥികളെക്കൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്യിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശങ്ങളെ ലംഘിക്കുന്നതിന് തുല്യമാണെന്ന് ചട്ടം വ്യക്തമാക്കുന്നു. അന്വേഷണ നടപടികൾ പൂർത്തിയാകുന്നതുവരെയാണ് സസ്പെൻഷൻ തുടരുമെന്നാണ് വിവരം.