- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയ നിർമ്മാണത്തിനായി നൽകിയത് നാലര കോടിയുടെ കോഴ; റെഡ് ക്രസന്റിൽ നിന്ന് കിട്ടിയ 20 കോടിയിൽ കമ്മീഷനായി പണം നൽകിയത് ഡോളറിൽ; സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കിട്ടിയ ഒരുകോടിയും കോഴയിൽ പെട്ട പണം; ലൈഫ് മിഷൻ കോഴ കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ
കൊച്ചി: വിവാദമായ ലൈഫ് മിഷൻ കോഴ കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്.രാത്രി 9.45 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. നേരത്തെ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട് 4.50 കോടി കോഴ നൽകിയെന്നാണ് കേസ്. കരാർ ലഭിക്കാൻ കോഴ നൽകിയയെന്ന് സന്തോഷ് ഈപ്പൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ഫ്‌ളാറ്റ് കെട്ടിടം നിർമ്മിക്കാനുള്ള കരാർ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു.
ഫ്‌ളാറ്റ് നിർമ്മാണത്തിന് യു.എ.ഇയിലെ റെഡ് ക്രെസന്റ്, കരാറുകാരായ യൂണിടാക്കിനു നൽകിയ 20 കോടിയിൽ 4.50 കോടി കോഴയായി നൽകിയെന്നാണ് ഇ.ഡി വിലയിരുത്തൽ. ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഗൂഢാലോചനകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കലാണ് ഇ.ഡിയുടെ ലക്ഷ്യം.
സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കിട്ടിയ ഒരു കോടി രൂപയും കോഴയിൽ ഉൾപ്പെട്ടതാണെന്നാണ് കണ്ടെത്തൽ. യുഎഇ കോൺസുലേറ്റിലെ ഖാലിദ് അടക്കമുള്ളവർക്ക് ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്. യുഎഇ റെഡ് ക്രസന്റ് വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമ്മാണത്തിനായി നൽകിയതിൽ 20 ശതമാനത്തോളം തുകയാണ് കമ്മീഷനായി നൽകിയത്. പണം ഡോളറുകളാക്കിയാണ് ഖാലിദ് അടക്കമുള്ള പ്രതികൾക്ക് നൽകിയത്.
കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നു, കള്ളപ്പണം കൈമാറി, ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് പണം ഡോളറുകളാക്കി മാറ്റി, കോഴപ്പണം നൽകി തുടങ്ങി നിരവധി ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെയുണ്ട്. സ്വപ്ന സുരേഷിന്റെ മൊഴിയിലും സന്തോഷിനെതിരെ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു.




