കോട്ടയം: കോട്ടയത്ത് തീവ്രവാദ ബന്ധത്തിന്റെ പേരിൽ എസ് ഐ യെ സസ്പെൻഡ് ചെയ്തുവെന്ന് റിപ്പോർട്ട്. സൈബർ സെൽ എസ് ഐയെയാണ് സസ്പെൻഡ് ചെയ്തതെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു ഇയാൾ തീവ്രവാദ സംഘടനകൾക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്.

കുറച്ചുനാളായി ഇയാൾ എൻ ഐ എയുടെ നിരീക്ഷണത്തിലായിരുന്നു. അടുത്തയിടെ ചൈന്നെയിൽ അറസ്റ്റിലായ തീവ്രവാദികൾക്ക് ഇയാളുമായി ബന്ധമുള്ളതിന്റെ തെളിവും കിട്ടി. തുടർന്ന് അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ എൻ ഐ എ കേരള പൊലീസിനോട് നിർദ്ദേശിക്കുകയായിരുന്നു. സാധാരണ ഇത്തരം നടപടി എടുത്താൽ പത്രക്കുറിപ്പിലൂടെ പരസ്യപ്പെടുത്താറുണ്ട്.

എന്നാൽ സസ്പെൻഷൻ രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. നേരത്തെ കോട്ടയം താഴത്തങ്ങാടി സ്വദേശിയായ എസ് ഐ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. മുസ്ലിം തീവാദ സംഘടനകളുടെ കോട്ടയം നഗരത്തിലെ കേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണ് താഴത്തങ്ങാടി. കുറച്ചു നാൾ മുൻപ് ഇവിടെനിന്ന് ദമ്പതികൾ കാറോടെ അപ്രത്യക്ഷമായത് വിവാദമായിരുന്നു.

2017 ഏപ്രിൽ ആറിന് ഇല്ലിക്കൽ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെയാണു കാണാതായത്. ഹർത്താൽ ദിനത്തിൽ ആഹാരം വാങ്ങാനായി വീട്ടിൽ നിന്നു സന്ധ്യയോടെ കാറിൽ പുറത്തേക്കു പോയ ഇവരെപ്പറ്റി പിന്നീടു വിവരമൊന്നും ലഭിച്ചിട്ടില്ല. കാർ ഇല്ലിക്കൽ പാലം കഴിഞ്ഞു വലത്തോട്ട് തിരിയുന്നതായുള്ള സിസിടിവി ദൃശ്യം മാത്രമാണ് പൊലീസിനു ലഭിച്ചത്. സംഭവത്തിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇതെല്ലാം എൻഐഎ പരിശോധിക്കുന്നുണ്ട്.

സമാനരീതിയിൽ തൊടുപുഴ കരിമണ്ണൂർ സ്റ്റേഷനിൽനിന്ന് ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടുകാർക്ക് ചോർത്തി നൽകിയതിന് ഡിപിഒയേയും പിരിച്ചുവിട്ടിരുന്നു. പൊലീസിൽ പച്ചവെളിച്ചം എന്ന ഗ്രൂപ്പുണ്ടെന്നും ഇവർ തീവ്രവാദികൾക്കായി പ്രവർത്തിക്കുന്നുവെന്നും ആരോപണമുണ്ട്. ഈ ആരോപണങ്ങളും എൻഐഎ പരിശോധിക്കുന്നുണ്ട്.