തിരുവനന്തപുരം: പതിനാറുകാരിയെ കെട്ടിയിട്ടു പീഡിപ്പിച്ച പ്രതിക്ക് 49 വർഷം കഠിനതടവ്. ആര്യനാടു പുറുത്തിപ്പാറ കോളനി ആകാശ് ഭവനിൽ ശിൽപിക്കാണ് (27) കോടതി കഠിനതടവ് വിധിച്ചത്. ഇതിന് പുറമേ 86,000 രൂപ പിഴയും ഒടുക്കണം. ഇയാൾ പെൺകുട്ടിയെ വീട്ടിൽ കയറി അതിക്രൂരമായി പീഡിപ്പിക്കുക ആയിരുന്നു. പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം വീട്ടുകാർ അറിയുന്നത്.

പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും അതിവേഗ സ്‌പെഷൽ കോടതി വിധിച്ചു. പിഴത്തുക ഇരയായ കുട്ടിക്കു നൽകണം.2021 ഓഗസ്റ്റ് മൂന്നിനാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ കെട്ടിയിട്ടു പീഡിപ്പച്ചത്. രാവിലെ ആരുമറിയാതെ വീട്ടിൽ കയറിയ പ്രതി കുട്ടിയെ വീട്ടിൽ കയറി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. സെപ്റ്റംബർ 24നു വീടിനു പുറത്തെ കുളിമുറിയിൽ വച്ച് സമാനമായി വീണ്ടും പീഡിപ്പിച്ചു.

കുട്ടി ഭയം മൂലം വിവരം ആരോടും പറഞ്ഞിരുന്നില്ല. വയറു വേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ കാണിച്ചപ്പോഴാണു ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. ആര്യനാട് പൊലീസ് കേസ് എടുത്തു.