- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീമഹേഷ് പലപ്പോഴും പെരുമാറിയിരുന്നത് സൈക്കോയെ പോലെ; നക്ഷത്രയെ കാണാൻ അമ്മവീട്ടുകാർ പരാതി നൽകിയപ്പോൾ മഹേഷ് വീട്ടിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി; വിദ്യയുടെ നാലുവർഷം മുമ്പത്തെ മരണവും കൊലപാതകമോ?
ആലപ്പുഴ: പുന്നമൂട് ആനക്കൂട്ടിൽ മഹേഷിന്റെ ക്രൂരകൃത്യം സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്തു വരവെ പുതിയ വിവരങ്ങൾ പുറത്ത് വരുന്നു. നക്ഷത്രയുടെ അമ്മ വീട്ടുകാരെ കാണാനോ സംസാരിക്കാനോ കുഞ്ഞിനെ അനുവദിച്ചിരുന്നില്ല. അമ്മുമ്മയുടെയും അപ്പുപ്പന്റെയും വീട്ടിൽ പോകാനും മഹേഷ് അനുവദിച്ചിരുന്നില്ല.
പത്തിയൂരിലെ അമ്മവീട്ടിലേക്ക് നക്ഷത്രയെ കൊണ്ടുവരാത്തതിനെതിരെ വീട്ടുകാർ നേരത്തെ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ മകളെയും കൂട്ടി താൻ ജീവനൊടുക്കുമെന്ന് ശ്രീമഹേഷ് ഭാര്യ വീട്ടിലെത്തിഭീഷണി മുഴക്കിയതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് വീട്ടുകാർ ഈ പരാതി പിൻവലിക്കുകയായിരുന്നു.
വിദ്യയുടെ മരണത്തിനു ശേഷം ഒന്നര വർഷം നക്ഷത്ര പത്തിയൂരിലെ വീട്ടിൽ കഴിഞ്ഞിരുന്നു. പിന്നീട് ശ്രീമഹേഷ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.സ്‌കൂൾ തുറക്കുന്നതിന് മുൻപ്എതിർപ്പ് ഉണ്ടായിരുന്നെങ്കിലും മുത്തശ്ശി രാജശ്രീ പുന്നമൂട്ടിലെ വീട്ടിലെത്തി ഏറ്റവും ഒടുവിൽ നക്ഷത്രയെ കണ്ടിരുന്നു. നക്ഷത്രയുടെ അപ്രതീക്ഷിത വേർപാടോടെ തങ്ങളുടെ മകളുടെ ദുരൂഹ മരണത്തിലും ഇവർക്ക് സംശയം ഉണ്ട്.
നക്ഷത്രയുടെ അമ്മ വിദ്യ നാല് വർഷം മുൻപ് ശ്രീ മഹേഷിന്റെ വീട്ടിൽആത്മഹത്യ ചെയ്തതിൽദുരൂഹത തോന്നുന്നുണ്ടെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും വിദ്യയുടെ മാതാപിതാക്കളായ പത്തിയൂർ തൃക്കാർത്തികയിൽ ലക്ഷ്മണനും രാജശ്രീയും പറഞ്ഞു. ശ്രീമഹേഷ് മകൾ നക്ഷത്രയെ നിഷ്‌കരുണം കൊലപ്പെടുത്തിയതോടെയാണ് വീട്ടുകാർക്ക് സംശയം ബലപ്പെട്ടത്.
2019 ജൂൺ നാലിനാണ് ശ്രീമഹേഷിന്റെ പുന്നമൂട്ടിലെ ആനക്കൂട്ടിൽ വീട്ടിൽ വിദ്യ തൂങ്ങി മരിച്ചത്. മഹേഷിന്റെ കൊടിയ പീഡനം സഹിക്ക വയ്യാതെയാണ് വിദ്യ ജീവനൊടുക്കിയെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്. മരണ കാരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നും അന്ന് തോന്നാതിരുന്നതിനാൽ പരാതി നൽകിയില്ല. എന്നാൽ, സ്വന്തം മകളെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയതോടെയാണ് വിദ്യയുടെ മരണത്തിലും സംശയം ഉയർന്നിരിക്കുന്നത്. ഇന്നു തന്നെ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് വിദ്യയുടെ മാതാപിതാക്കൾ പറഞ്ഞു.
അതേ സമയം ശ്രീമഹേഷ് കൊല്ലാൻ ലക്ഷ്യമിട്ടത് മൂന്നുപേരെയെന്ന് പൊലീസ് വ്യക്തമാക്കി. മകൾ നക്ഷത്രക്ക് പുറമെ അമ്മ സുനന്ദയെയും വിവാഹത്തിൽ നിന്ന് പിന്മാറിയ പൊലീസ് ഉദ്യോഗസ്ഥയെയും കൊല്ലാൻ പദ്ധതിയിട്ടെന്നാണ് വിവരം. നക്ഷത്രയുടെ കൊലപാതകം ആസൂത്രിതം തന്നെയെന്നാണ് പൊലീസ് കണ്ടെത്തൽ. മരം വെട്ടാനെന്ന് പറഞ്ഞ് മാവേലിക്കര പുന്നമൂടുള്ള ആളുടെ പക്കലാണ് കൊലയ്ക്ക് ഉപയോഗിച്ച മഴു നിർമ്മിച്ചത്. മൂന്നുപേരെയും കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു തീരുമാനം. വിവാഹത്തിൽ നിന്ന് യുവതി പിന്മാറിയതിന് ശേഷം ശ്രീമഹേഷ് കടുത്ത നിരാശയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മാവേലിക്കര സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച പ്രതി വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യനില വീണ്ടെടുത്ത ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.



