തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുകൾ പുറത്തുവന്നപ്പോൾ ആ തട്ടിപ്പ് മുന്നൂറ് കോടിയോളം എത്തിയിരുന്നു. സിപിഎം നേതാക്കളാണ് ഇവിടെ വില്ലനായതെങ്കിൽ സഹകരണ മേഖലയെ ഞെട്ടിക്കുന്ന മറ്റൊരു ക്രമക്കേടിന്റെ വിവരങ്ങൾ കൂടി പുറത്തുവന്നു. തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലാണ് കോടികളുടെ ക്രമക്കേടുകൾ നടന്നുവെന്ന് വ്യക്തമായിരിക്കുന്നത്. സിപിഐ നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ എൻ ഭാസുരാംഗന്റെ കുടുംബവുമാണ് വായ്‌പ്പാ ക്രമക്കേടിൽ ആരോപണ വിധേയകർ.

കരുവന്നൂരിൽ പണം നഷ്ടപ്പെട്ടവർക്ക് പണം തിരിച്ചു കൊടുക്കുകയാണ് വിശ്വാസ്യത വീണ്ടെടുക്കാൻ വേണ്ടതെന്ന് പറഞ്ഞ സിപിഐയ്ക്ക് സ്വന്തം നേതാവ് നടത്തിയ കോടികളുടെ ക്രമക്കേട് തിരിച്ചടിയായിരിക്കയാണ്. കണ്ടല ബാങ്കിൽ 34.43 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണ സംഘം ഇൻസ്‌പെക്ടറുടെ റിപ്പോർട്ട്. സിപിഐ. നേതാവിനെതിരെയാണ് ആരോപണം ഉയരുന്നത്.

ഭാസുരാംഗന്റെയും മറ്റു ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കൾക്ക് അനധികൃതമായി വായ്പ നൽകി, ഈടുവെച്ച ഭൂമിയുടെ മൂല്യനിർണയം തെറ്റായി നടത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഇവർക്കെതിരേ ഉയർന്നത്. 21 ഭരണസമിതി അംഗങ്ങളിൽനിന്ന് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനാണ് റിപ്പോർട്ടിലുള്ള നിർദ്ദേശമുള്ളത്.

ഭാസുരാംഗൻ അംഗമായ ക്ഷീരവകുപ്പ് സംഘത്തിലും പലിശ കുറച്ച് അനധികൃതമായി വായ്പ നൽകിയെന്ന ആരോപണമുണ്ട്. കൂടാതെ ബാങ്ക് തുടങ്ങിവെച്ച ആശുപത്രിയിൽ അനധികൃതമായ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിയെന്നും പണം വാങ്ങി നിയമച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. എൻ ഭാസുരാംഗന്റെ കുടുംബം തിരിച്ചടയ്ക്കാനുള്ളത് മൂന്നര കോടി രൂപയാണെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഭാസുരാംഗന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപകമായ ക്രമക്കേടു നടന്നിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. അതേസമയം ക്രമക്കേട് കണ്ടെത്തിയിട്ടും ഭാസുരാംഗന് നേരെ നടപടി ഉണ്ടായില്ല. നിക്ഷേപകർ പണം കിട്ടാതെ സമരം തുടങ്ങിയതോടെ ഭാസുരാംഗൻ തുടർച്ചയായ കാൽനൂറ്റാണ്ട് ഭരണത്തിന് ശേഷം രാജിവെച്ച് ഇറങ്ങിപ്പോയി. ഭാസുരാംഗൻ പ്രസിഡന്റായിരിക്കെ ബാങ്കിൽ നടത്തിയ അഴിമതിയും ക്രമക്കേടും ധൂർത്തുമാണ് നഷ്ടം തിട്ടപ്പെടുത്താനുള്ള സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.

റിപ്പോർട്ടിൽ വായ്പകളെക്കുറിച്ച് പറയുന്ന ഭാഗത്താണ് ഭാസുരാംഗനും കുടുംബത്തിലും ക്രമവിരുദ്ധമായി വായ്‌പ്പ് നൽകിയതിന്റെ വിവരങ്ങൾ ഉള്ളത്. എൻ ഭാസുരാംഗൻ കുടുംബത്തിന്റെ പേരിലെടുത്തത് കോടികളുടെ വായ്‌പ്പകളായായിരുന്നു. ഭാസുരാംഗന്റെ ഭാര്യയും മകനും മകളും മരുമകളും അടുത്ത ബന്ധുക്കളുമടക്കം ഒമ്പത് പേർക്കാണ് ഭാസുരാംഗൻ വായ്പ നൽകിയത്.

3,53,47,492 കോടി രൂപയാണ് ഇത്തരത്തിൽ വായ്പ നൽകിയിരിക്കുന്നത്. ഭാസുരാംഗന്റെ ഭാര്യ ജയകുമാരിയുടെ പേരിൽ 94 ലക്ഷം രൂപ വായ്പയുണ്ട്. മകൻ അഖിൽജിത്തിന്റെ പേരിൽ 95 ലക്ഷം രൂപ, മരുമകന്റെ അമ്മയുടെ പേരിൽ 35 ലക്ഷം രൂപ, മകളുടെ പേരിൽ 22 ലക്ഷം രൂപ, മരുമകളുടെ പേരിൽ 30 ലക്ഷം, മറ്റൊരു മകളുടെ പേരിൽ 34 ലക്ഷം, മരുമകന്റെ പേരിൽ 26 ലക്ഷം എന്നിങ്ങനെയാണ് വായ്പ നൽകിയിരിക്കുന്നത്.

ബാങ്കിൽ പണം നിക്ഷേപിച്ച ആയിരങ്ങൾ ആശുപത്രി ബിൽ അടയ്ക്കാൻ പോലും തുകയില്ലാതെ ദുരിതത്തിലാണ്്. അതേസമയം ബാങ്കിൽ നടന്നതാകട്ടെ സ്വന്തക്കാർക്ക് അനധികൃതമായി കോടികൾ വായ്‌പ്പ നൽകുകയും ധൂർത്തടിക്കുകയും. ബാങ്കിലെ നിക്ഷേപകർക്ക് ബാങ്ക് തിരികെ നൽകാനുള്ളത് 173 കോടി രൂപയാണ്. ബാങ്കിനു വിവിധ വായ്പ ഇനത്തിൽ പിരിഞ്ഞുകിട്ടാനുള്ളതു വെറും 69 കോടി രൂപയും. അത്യാവശ്യത്തിനു പോലും പണം പിൻവലിക്കാനാകാതെ വന്നതോടെ നിക്ഷേപകർ കടക്കെണിയിലും പ്രതിസന്ധിയിലുമായി. കാരണക്കാരായ ഭരണ സമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ കർശന നടപടി ഉണ്ടാകണമെന്ന് അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

പതിനായിരത്തോളം പേരാണു തങ്ങളുടെ ചെറുതും വലുതുമായ സമ്പാദ്യങ്ങൾ നിക്ഷേപിച്ചത്. കാലാവധി പൂർത്തിയായ നിക്ഷേപത്തുക തിരികെനൽകാൻ കഴിയാത്ത വിധം ബാങ്ക് പ്രതിസന്ധിയിലായതോടെ സിപിഐ നേതാവ് എൻ.ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി കഴിഞ്ഞ മാസം രാജിവച്ചു. അഡ്‌മിനിസ്‌ട്രേറ്ററാണ് ഇപ്പോൾ ഭരണം.

വായ്പാസംഘങ്ങളുടെ ക്ലാസ് 5 ൽ പ്രവർത്തിക്കാൻ യോഗ്യതയുള്ള സംഘം ക്ലാസ് 1 ൽ നിലനിർത്തി. റീ ക്ലാസിഫിക്കേഷൻ നടത്താതെ ചെലവിനത്തിൽ നിക്ഷേപത്തിൽ നിന്നു വൻതുക മാറ്റി ധൂർത്തടിച്ചു. ഭരണസമിതിക്കെതിരെ സഹകരണ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നു റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ഒരു ജാമ്യവസ്തു കാണിച്ച് പല വായ്പകൾ നൽകി. 3 സെന്റിനു താഴെ ഭൂമി ജാമ്യം സ്വീകരിച്ച് ലക്ഷങ്ങൾ വായ്പ നൽകി ഇങ്ങനെ ക്രമക്കേടുകളുടെ ഘോഷയാത്രയാണ് ബാങ്കിൽ നടന്നിരുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു.

ഭാസുരാംഗൻ പ്രസിഡന്റായിരുന്ന മാറനല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിനു നിയമവിരുദ്ധമായി വൻതുക വായ്പ നൽകി. ഈ വായ്പ വർഷങ്ങളായി കുടിശികയാക്കി ബാങ്കിനു നഷ്ടമുണ്ടാക്കി. ഇതിനു പുറമേ, മാറനല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നിന്ന് 5 ലക്ഷം രൂപയുടെ ഓഹരി കണ്ടല ബാങ്ക് വാങ്ങി. ഇതു പ്രസിഡന്റായിരുന്ന എൻ.ഭാസുരാംഗന്റെ സ്വന്തം താൽപര്യത്തിലാണെന്നും റിപ്പോർട്ട് പറയുന്നു.

സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിച്ച പലിശനിരക്കിനെക്കാൾ കൂടുതൽ തുക പലിശ നൽകി നിക്ഷേപം സ്വീകരിച്ചു. എംഡിഎസ് തുക ബാങ്കിൽ സാങ്കൽപിക നിക്ഷേപമായി കാണിച്ച് ഇല്ലാത്ത നിക്ഷേപത്തിനു കൂടിയ പലിശ നൽകി. സ്വന്തം താൽപര്യം സംരക്ഷിക്കാൻ സംഭാവനകളും പരസ്യങ്ങളും നൽകി. അനുമതി ഇല്ലാതെ കൂടിയ തുക ചെലവഴിച്ച് നിർമ്മാണ പ്രവർത്തനങ്ങളും സാധന സാമഗ്രികളും വാങ്ങി. നിക്ഷേപം ക്യാൻവാസ് ചെയ്യാൻ ജീവനക്കാരെ നിയോഗിച്ചു ഒട്ടേറെ ക്രമക്കേടുകൾ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.