- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ കരുതിക്കൂട്ടി ചെയ്തതാണ്; കഞ്ചാവ് ബാഗ് കൊണ്ടുവന്നുവച്ചത് അനന്തു പ്രസന്നൻ എന്ന സുഹൃത്ത്': പൊലീസിന് നേരേ നായ്ക്കളെ അഴിച്ചുവിട്ട് മുങ്ങിയ റോബിൻ പിടിവീണപ്പോൾ ചമയ്ക്കുന്നത് പുതിയ കഥ
കോട്ടയം: ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വന്ന പ്രതി റോബിൻ ജോർജ്(28) പിടിയിലായതോടെ, പുതിയ ആരോപണം ഉന്നയിച്ചു. പൊലീസ് റെയ്ഡിന് എത്തിയപ്പോൾ നായ്ക്കളെ അഴിച്ചുവിട്ടു മുങ്ങിയ പ്രതിയെ പൊലീസ് പൊക്കിയത് തമിഴ്‌നാട്ടിൽ നിന്നുമാണ്. തെങ്കാശിയിലെ ഒരു കോളനിയിൽ ഒളിവിൽ കഴിയുകയായിരുന്ന റോബിനെ തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്.
തന്റെ ബിസിനസ് തകർക്കാൻ വേണ്ടി അനന്തു പ്രസന്നൻ എന്ന സുഹൃത്ത് കഞ്ചാവ് ബാഗ് മനഃപൂർവം കൊണ്ടുവന്നു വച്ചതാണെന്നാണ് റോബിന്റെ ആരോപണം. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ്, എല്ലാം സുഹൃത്തിന്റെ ചതിയാണെന്ന് മാധ്യമങ്ങളോടു പറഞ്ഞത്. ''അനന്തു പ്രസന്നൻ എന്ന എന്റെ ഒരു കൂട്ടുകാരനുണ്ട്. അവനാണ് കഞ്ചാവ് ബാഗ് ഇവിടെ കൊണ്ടുവന്ന് വച്ചത്. എന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണ്. അവൻ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയില്ല'' റോബിൻ മാധ്യമങ്ങളോടായി പറഞ്ഞു. കോട്ടയം പൂവൻതുരുത്ത് സ്വദേശിയാണ് അനന്തു പ്രസന്നൻ എന്നു വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, റോബിന്റെ ആരോപണം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. റോബിനെതിരെ മുൻപും കഞ്ചാവു കേസുകൾ നിലവിലുള്ള സാഹചര്യത്തിലാണിത്.
റോബിന്റെ പിതാവ് തട്ടുകട നടത്തുന്നയാളാണ്. തട്ടുകയിലെ തൊഴിലാളിയായ തെങ്കാശി സ്വദേശിയുമായുള്ള ബന്ധം വഴിയാണ് അവിടെ ഒളിവിൽ കഴിഞ്ഞതെന്നാണ് റോബിൻ നൽകിയിരിക്കുന്ന മൊഴി. ഉച്ചയോടെ റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈകിട്ട് കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം.
നേരത്തെ റോബിന്റെ നായ് പരിശീലന കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 17.8 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. എന്നാൽ, റെയ്ഡിനിടെ റോബിൻ ജോർജ് കടന്നുകളയുകയായിരുന്നു. പൊലീസ് സാഹസികമായാണ് കഞ്ചാവ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
ഇയാൾ നായ്ക്കൾക്ക് പരിശീലനം നൽകുന്നതിനൊപ്പം ഡെൽറ്റ കെ ഒമ്പത് എന്ന പേരിൽ ഡോഗ് ഹോസ്റ്റലും നടത്തിവരുകയായിരുന്നു. ഇതിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം. കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രിയോടെയാണ് പൊലീസ് സംഘം പരിശോധനക്കായി റോബിന്റെ വീട് വളഞ്ഞത്. ഇത് മനസ്സിലാക്കിയ റോബിൻ മുന്തിയ ഇനത്തിൽപെട്ട 13ഓളം നായ്ക്കളെ പൊലീസിനെ ആക്രമിക്കുന്നതിനായി അഴിച്ചുവിട്ട് മതിൽ ചാടി പിന്നിലെ പാടം വഴി കടന്നുകളഞ്ഞു.
തുടർന്ന് ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രമോദ്, ഗ്രേഡ് ഹെഡ് കോൺസ്റ്റബിൾ സജികുമാർ എന്നിവർ ചേർന്ന് ഡോഗ് സ്‌ക്വാഡിലെ നാർകോട്ടിക് സ്‌നിഫർ ഡോഗ് ഡോണിന്റെ സഹായത്തോടെ നായ്ക്കളെ കൂട്ടിലടച്ചു. വീടിനകത്തുണ്ടായിരുന്ന അമേരിക്കൻ ബുള്ളി ഇനത്തിൽപെട്ട രണ്ടു നായ്ക്കളെ മുറിയിലടച്ചിട്ട ശേഷമാണ് പരിശോധന നടത്താനായത്. കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലും മുറിക്കുള്ളിൽ രണ്ട് ട്രാവൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു കഞ്ചാവ്.
കഞ്ചാവ് കച്ചവടം നടത്തിയിരുന്ന പ്രതി റോബിൻ നായ്ക്കളെ പരിശീലിപ്പിച്ചത് കാക്കിവസ്ത്രം കണ്ടാൽ കടിക്കണമെന്ന് പറഞ്ഞാണ്.. ബി.എസ്.എഫിൽനിന്ന് വിരമിച്ച ആളുടെ അടുത്തുനിന്നാണ് റോബിൻ നായ്ക്കളെ പരിശീലിപ്പിക്കാൻ പഠിച്ചത്. മൂന്നുമാസത്തോളം അവിടെയുണ്ടായിരുന്നു. കാക്കിയിട്ടവരെ പട്ടിയെക്കൊണ്ട് കടിപ്പിക്കുന്നതെങ്ങനെ എന്നതരത്തിൽ ചോദിച്ചതിനെ തുടർന്ന് പരിശീലന സ്ഥലത്തുനിന്ന് ഇയാളെ പുറത്താക്കിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഇയാളും സഹായിയും കാക്കി കൈയിൽ ചുറ്റിയും മറ്റും ആക്രമിക്കാൻ നായ്ക്ക് പരിശീലനം നൽകുന്നതിന്റെ വിഡിയോകളും പുറത്തുവന്നിരുന്നു.
ഒന്നരവർഷം മുമ്പാണ് ചെങ്ങന്നൂർ സ്വദേശിയുടെ വീട് വാടകക്കെടുത്ത് കുമാരനെല്ലൂരിൽ ഡോഗ് ഹോസ്റ്റൽ തുടങ്ങിയത്. വീടിനു മുന്നിലെ ഷെഡിലാണ് നായ്ക്കളെ പാർപ്പിച്ചിരുന്നത്. പൊലീസ് അടുക്കാതിരിക്കാൻ രണ്ടു നായ്ക്കളെ മുറിക്കകത്തും കെട്ടിയിട്ടു. ഉടമകൾ തങ്ങളുടെ വീട് പൂട്ടി പുറത്തുപോകുമ്പോൾ പട്ടികളെ പരിപാലിക്കുന്നതിന് ഇയാളുടെ ഡോഗ് ഹോസ്റ്റലിലാണ് ഏൽപിച്ചിരുന്നത്.
1000 രൂപയാണ് ഒരുദിവസത്തേക്ക് ഫീസ്. ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. റോബിന്റെ ഗർഭിണിയായ ഭാര്യ ഉണ്ടായിരുന്നതിനാൽ റെയ്ഡ് നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്ന് സമീപവാസിയായ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായംതേടി. സ്വന്തം നായെ പരിശീലിപ്പിക്കുന്നതിന് ഇദ്ദേഹം സ്ഥാപനത്തിൽ എത്തുകയും നിരീക്ഷണം നടത്തി കഞ്ചാവ് ഉണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് കോടതിയിൽനിന്ന് സെർച് വാറന്റ് വാങ്ങിയാണ് പൊലീസ് റെയ്ഡിനെത്തിയത്




