നോയിഡ: ഉസ്‌ബെക്കിസ്ഥാനിൽ കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മരിയോൺ ബയോടെക്കിന്റെ ലൈസൻസ് റദ്ദാക്കി യുപി ഡ്രഗ് കൺട്രോളർ.കേന്ദ്രസർക്കാരും ഉത്തർപ്രദേശ് ഡ്രഗ് അഥോറിറ്റിയും കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. മരിയോൺ ബയോടെക്കിന്റെ ഉത്പന്നങ്ങൾ പരിശോധിച്ചതിൽ 22 എണ്ണം ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കണ്ടെത്തി . ഇതിനു പിന്നാലെയാണ് നടപടിയെന്ന് ഡ്രഗ് അസിസ്റ്റന്റ് കമ്മീഷണർ ദിനേശ് തിവാരി പറഞ്ഞു.

മായം കലർന്ന ഉൽപ്പന്നങ്ങൾ വിറ്റതിന് നോയിഡ മയക്കുമരുന്ന് നിർമ്മാതാക്കൾക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് ഈ മാസം ആദ്യം മരിയോൺ ബയോടെക് സൗകര്യങ്ങളിലെ ഉത്പാദനം നിർത്തിവയ്ക്കാൻ യുപി ഡ്രഗ് കൺട്രോളർ ഉത്തരവിട്ടിരുന്നു . ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.ഓപ്പറേഷൻ തലവൻ തുഹിൻ ഭട്ടാചാര്യ, മാനുഫാക്ചറിങ് കെമിസ്റ്റ് അതുൽ റാവത്ത്, അനലിറ്റിക്കൽ കെമിസ്റ്റ് മൂൽ സിങ് എന്നിവരാണ് അറസ്റ്റിലായത്

ലബോറട്ടറി പരിശോധനയിൽ കഫ് സിറപ്പിന്റെ ഒരു ബാച്ചിൽ വിഷ രാസവസ്തുവായ എഥിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതായി ഉസ്‌ബെക്കിസ്ഥാൻ പറഞ്ഞിരുന്നു.ആരോപണം പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഡ്രഗ്സ് കൺട്രോളർ ജനറലിന് (ഡിസിജിഐ) നിർദ്ദേശം നൽകിയിരുന്നു. മരുന്നു കമ്പനിയായ മാരിയോൺ ബയോടെക്കിൽനിന്ന് ഡിസിജിഐ റിപ്പോർട്ട് തേടിയിരുന്നു. കുട്ടികളുടെ മരണത്തെത്തുടർന്നു 'ഡോക്1 മാക്‌സ്' ടാബ്ലെറ്റും സിറപ്പും രാജ്യത്തെ എല്ലാ മരുന്നുകടകളിൽനിന്നും പിൻവലിച്ചു.