മുംബൈ: എന്‍ജിന്‍ പ്രശ്‌നത്തെതുടര്‍ന്ന് മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ഇന്‍ഡിഗോ വിമാനം. ഡല്‍ഹിയില്‍നിന്ന് ഗോവയിലേക്ക് പറന്ന വിമാനമാണ് മുംബൈയില്‍ അടിയന്തരമായി ഇറക്കിയത്. ജൂലൈ 16ന് ഡല്‍ഹിയില്‍ നിന്ന് ഗോവയിലെ മനോഹര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ 6ഇ 6271 വിമാനത്തിനാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.

വിമാനത്തിന്റെ ഒരു എന്‍ജിന്‍ തകരാറിലായതിനാലാണ് അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇന്‍ഡിഗോ എയര്‍ലൈന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ സാങ്കേതിക തകരാര്‍ മാത്രമാണ് പറയുന്നത്. നടപടിക്രമങ്ങള്‍ പാലിച്ച്, വിമാനം വഴിതിരിച്ചുവിട്ട് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കി എന്നാണ് ഇന്‍ഡിഗോയുടെ ഔദ്യോഗിക കുറിപ്പില്‍ പറയുന്നത്.

സര്‍വീസ് പുനരാരംഭിക്കുന്നതിന് മുന്‍പ് വിമാനം ആവശ്യമായ പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും വിധേയമാക്കുമെന്നും യാത്രക്കാരെ എത്തിക്കാന്‍ ബദല്‍ വിമാനം ക്രമീകരിച്ചിട്ടുണ്ടെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.