ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോരക്നാഥ് ക്ഷേത്രം ആക്രമണക്കേസിലെ പ്രതിക്ക് വധശിക്ഷ. അഹമ്മദ് മുർതാസ അബ്ബാസിക്കാണ് മരണശിക്ഷ വിധിച്ചത്. പ്രത്യേക എൻഐഎ കോടതിയുടേതാണ് വിധി.

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. പ്രതി അഹമ്മദ് മുർതാസക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

പ്രതി അഹമ്മദ് മുർതാസ അബ്ബാസി കെമിക്കൽ എഞ്ചിനീയറാണ്. കഴിഞ്ഞവർഷം ഏപ്രിലിലാണ് യുപിയിലെ ഗോരക്നാഥ് ക്ഷേത്രത്തിന് നേർക്ക് ആക്രമണമുണ്ടാകുന്നത്. ആക്രമണത്തിൽ ക്ഷേത്ര സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.