- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം കണ്ടെത്താനായി ലഹരി മാഫിയയിൽ പങ്കാളിയായി; മയക്കുമരുന്ന് വിതരണത്തിന്റെ പ്രധാന കേന്ദ്രം യുവ ഡോക്ടറുടെ വാടക വീട്; എക്സൈസ് റെയ്ഡിൽ പിടിച്ചെടുത്തത് മൂന്നുലക്ഷം രൂപയുടെ മയക്കുമരുന്ന്
ഹൈദരാബാദ്: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൈദരാബാദിൽ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ വലയിലായത് മയക്കുമരുന്ന് വിൽപന ശൃംഖലയിൽപ്പെട്ട യുവ ഡോക്ടർ. മുഷിരാബാദിൽ ഡോക്ടർ ജോൺ പോളിന്റെ വാടകവീട്ടിൽ നടത്തിയ റെയ്ഡിൽ മൂന്നുലക്ഷം രൂപ വിലമതിക്കുന്ന വിവിധയിനം മയക്കുമരുന്നുകളാണ് പിടികൂടിയത്. ഇയാളുടെ കൂട്ടാളികൾ എന്ന് സംശയിക്കുന്ന മൂന്നുപേർ ഒളിവിലാണ്.
സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ജോൺ പോൾ, ലഹരിക്കായി പണം കണ്ടെത്താനാണ് വിൽപ്പന ശൃംഖലയിൽ പങ്കാളിയായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രമോദ്, സന്ദീപ്, ശരത് എന്നിവരാണ് ഇയാളുടെ പ്രധാന സഹായികൾ. ഇവർ ഒളിവിലാണ്. ജോൺ പോളിന്റെ വാടക വീട് മയക്കുമരുന്ന് വിതരണത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്താനായി. ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് ഹൈദരാബാദിലേക്ക് എത്തിച്ചിരുന്നത് പ്രമോദും സന്ദീപും ശരത്തും ചേർന്നാണ്.
നേരിട്ട് പരിചയമുള്ളവർക്കാണ് ഇവർ ഇവിടെനിന്ന് മയക്കുമരുന്ന് കൈമാറിയിരുന്നത്. ഈ വീട് ഉപയോഗിക്കുന്നതിന് പകരമായി ജോൺ പോളിന് സൗജന്യമായി മയക്കുമരുന്ന് ലഭിച്ചിരുന്നതായും പോലീസ് കണ്ടെത്തി. പിടികൂടിയ മയക്കുമരുന്നുകളിൽ 26.95 ഗ്രാം ഓ ജി കുഷ്, 15 എൽഎസ്ഡി സ്റ്റാമ്പുകൾ, 6.2 ഗ്രാം എംഡിഎംഎ, 1.3 ഗ്രാം കൊക്കെയിൻ, 5.8 ഗ്രാം ഗമസ്, ഹാഷിഷ് ഓയിൽ എന്നിവ ഉൾപ്പെടുന്നു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെ ഉടൻ പിടികൂടാനാവുമെന്നും എക്സൈസ് അറിയിച്ചു




