ന്യൂഡൽഹി: അമേരിക്കയിൽ ജനിച്ച മംഗോളിയൻ വംശജനായ എട്ട് വയസ്സുകാരൻ ബാലനെ ടിബറ്റൻ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്ത് ആത്മീയ നേതാവ് ദലൈ ലാമ. എട്ടുവയസുകാരനെ പത്താമത്തെ 'ഖൽക ജെറ്റ്സുൻ ധാംപ റിമ്പോച്ചെ'യായി നാമകരണം ചെയ്തത്. പത്താമത്തെ ഖൽഖ ജെറ്റ്സൺ ദമ്പ റിൻപോച്ചെയുടെ പുനർജന്മമായിട്ടാണ് ബാലനെ വിശേഷിപ്പിച്ചത്.

ദലൈലാമയ്ക്കും പഞ്ചൻ ലാമയ്ക്കും ശേഷം ബുദ്ധമതത്തിലെ മൂന്നാമത്തെ ഉയർന്ന മതനേതാവാകും ഈ ബാലൻ. 600 ഓളം മംഗോളിയക്കാർ ചടങ്ങിൽ പങ്കെടുത്തു. പുതിയ റിൻപോച്ചെയുടെ പിതാവ് സർവകലാശാല അദ്ധ്യാപകനും മുത്തച്ഛൻ മുൻ മംഗോളിയൻ പാർലമെന്റംഗവുമാണ്. കുട്ടിക്ക് ഒരു ഇരട്ട സഹോദരൻ കൂടിയുണ്ട്.

ദലൈ ലാമ ഇപ്പോൾ വസിക്കുന്ന ഹിമാചൽപ്രദേശിലെ ധരംശാലയിൽ വച്ചാണ് ചടങ്ങ് നടന്നത്. മാർച്ച് എട്ടിന് നടന്ന ചടങ്ങിൽ റിൻപോച്ചെയെയായി തിരഞ്ഞെടുക്കപ്പെട്ട കുട്ടിക്കൊപ്പം ദലൈലാമ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുതിയ ലാമയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

''ഞങ്ങളുടെ പൂർവ്വികർക്ക് ചക്രസംവരിലെ കൃഷ്ണാചാര്യ രാജവംശവുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. ഇവരിൽ ഒരാൾ മംഗോളിയയിൽ ഒരു ആശ്രമം സ്ഥാപിച്ചു. അത്തരമൊരു സാഹചര്യത്തിൽ, മംഗോളിയയിലെ മൂന്നാമത്തെ മതനേതാവിനെ കാണുന്നത് വളരെ ശുഭകരമാണ്.' ദലൈലാമ പറഞ്ഞു.

ലാമയെ തിരഞ്ഞെടുക്കാനുള്ള അധികാരം ചൈനീസ് ഭരണകൂടത്തിൽ നിക്ഷിപ്തമാണെന്നാണ് ചൈനയുടെ വാദം. അതിനാൽത്തന്നെ പുതിയ ലാമയുടെ തിരഞ്ഞെടുപ്പ് ചൈനയുടെ അതൃപ്തിക്കിടയാക്കുമെന്നാണ് സൂചന.

1995-ൽ ദലൈലാമ തിരഞ്ഞെടുത്ത 11-ാമത് പഞ്ചേം ലാമയേയും കുടുംബത്തേയും ചൈനീസ് അധികൃതർ തട്ടിക്കൊണ്ടുപോയിരുന്നു. ലാമയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ടിബറ്റൻ ബുദ്ധമതത്തിന്റെ രണ്ടാമത്തെ ഉന്നത ആത്മീയഗുരുവായ പഞ്ചേം ലാമയായി ചൈന മറ്റൊരാളെ അവരോധിക്കുകയും ചെയ്തിരുന്നു.