Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വംശീയ വിദ്വേഷത്തോടെയുള്ള അപമാനിക്കൽ സഹിക്കാൻ കഴിഞ്ഞില്ല; ആത്മഹത്യ ചെയ്തു സ്റ്റുഡന്റ് പൊലീസ് ഓഫീസർ; അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ; ബ്രിട്ടനിൽ വിവാദമായി അനുഗ്രഹ് അബ്രഹാമിന്റെ മരണം

വംശീയ വിദ്വേഷത്തോടെയുള്ള അപമാനിക്കൽ സഹിക്കാൻ കഴിഞ്ഞില്ല; ആത്മഹത്യ ചെയ്തു സ്റ്റുഡന്റ് പൊലീസ് ഓഫീസർ; അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ; ബ്രിട്ടനിൽ വിവാദമായി അനുഗ്രഹ് അബ്രഹാമിന്റെ മരണം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: വംശീയ വിദ്വേഷത്തോടെയുള്ള അപമാനിക്കൽ സഹിക്കാതെ ഒരു സ്റ്റുഡന്റ് പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 3 ന് ബറിയിലെ തന്റെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം പ്രാതൽ കഴിച്ചിറങ്ങിയ അനുഗ്രഹ് അബ്രഹാമിനെ പിന്നെ കാണാതെയാവുകയായിരുന്നു. പിറ്റേന്ന് രാവിലെ വീടിനടുത്തുള്ള കാടുപിടിച്ച സ്ഥലത്ത് ഈ 21 കാരനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായ അനുഗ്രഹ് വെസ്റ്റ് യോർക്ക്ഷയർ പൊലീസിനൊപ്പം പരിശീലനവും നേടുന്നുണ്ടായിരുന്നു.

മൂന്നു വർഷത്തെ അപ്രന്റീസ്ഷിപ്പ് ഡിഗ്രിയുമായി ബന്ധപ്പെട്ട് പൊലീസ് സേനയിൽ ലഭിച്ച തൊഴിലിൽ അനുഗ്രഹിന് നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദവും വിഷാദവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് അനുഗ്രഹിന്റെ മാതാപിതാക്കളായ സോണിയ അബ്രഹാമും അമർ അബ്രഹാമും പറയുന്നു. പൊലീസിന്റെ പക്ഷത്തു നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് മകന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അവർ പറയുന്നു. ഇക്കാര്യത്തിൽ ഒരു അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.

അനു എന്ന് വിളിക്കുന്ന അനുഗ്രഹിന്റെ ജോലിയുടെ ഭാഗമായി 2022 ഡിസംബറിൽ ഹാലിഫാക്സ് പൊലീസ് സ്റ്റേഷനിൽ ആയിരുന്നു നിയമിച്ചിരുന്നത്. ആദ്യമാദ്യം ജോലിയിൽ ഏറെ താത്പര്യം കാട്ടിയ അനു പിന്നീട് തീരെ ദുഃഖിതനാവുകയായിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു. പിന്നീട് അനുഗ്രഹിനെ കാണ്മാനില്ല എന്ന പരാതിയുമായി ഗ്രെയ്റ്റർ മാഞ്ചസ്റ്റർ പൊലീസിനെ സമീപിച്ചപ്പോൾ അവിടത്തെ പൊലീസിന്റെ സമീപനവും തീരെ മോശമായിരുന്നു എന്നും അവർ പറഞ്ഞു.

തങ്ങൾ മറ്റൊരു വംശത്തിൽ പെട്ടവരായതിനാലാണ് ഇത്തരത്തിൽ ഒരു അനുഭവം പൊലീസിൽ നിന്നുണ്ടായതെന്ന് അവർ പറയുന്നു. മാർച്ച് 3 ന് വൈകിട്ടോടെ അനുഗ്രഹിന്റെ കാർ വീടിനടുത്തുള്ള കാട്ടുപ്രദേശത്തിൽനരികിൽ കണ്ടെത്തിയെങ്കിലും പൊലീസ് കൂടുതൽ അന്വേഷിക്കാൻ തയ്യാറായില്ലെന്നും അവർ ആരോപിക്കുന്നു. കാട്ടിനുള്ളിൽ ഇരുട്ടത്ത് തിരയാൻ ഇറങ്ങുന്നത് അപകടമാണെന്നായിരുന്നു പൊലീസിന്റെ വാദം. രാത്രി ആളുകൾ ഉറങ്ങുന്നതിനാൽ ഹെലികോപ്റ്റർ അയക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞുവത്രെ.

ബറി സൗത്തിൽ നിന്നുള്ള എം പിയായ ക്രിസ്റ്റ്യൻ വേക്ക്ഫോർഡ് അനുഗ്രഹിന്റെ കാര്യം ജനപ്രതിനിധി സഭയിൽ ഉന്നയിച്ചു. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ സമീപനമാണ് അനുഗ്രഹ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് മാതാപിതാക്കൾ വിശ്വസിക്കുന്നതായും എം പി പാർലമെന്റിനെ അറിയിച്ചു. ഇപ്പോൾ ഇതിനെ കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതായാലും ഇക്കാര്യത്തിൽ കൂടുതൽ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് അനുവിന്റെ മാതാപിതാക്കൾ. ഇതിനുള്ള ചെലവുകൾക്കായി അവർ ഒരു കാമ്പെയിനും ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായി അവർ പുറത്തു വിട്ട പോസ്റ്റിൽ പറയുന്നത് ഹാലിഫാക്സ് പൊലീസ് സ്റ്റേഷനിൽ ചെന്ന് ആഴ്‌ച്ചകൾക്ക് അകം അനു അവിടെയുണ്ടായ മോശം അനുഭവങ്ങൾ കുടുംബവുമായി പങ്കുവച്ചിരുന്നു എന്നാണ്. വെള്ളത്തിൽ മുങ്ങിമരിച്ച ഒരാളുടെ മൃതദേഹം ഒറ്റക്ക് പരിശോധിക്കാൻ മേലധികാരി അനുഗ്രഹിനെ നിരബന്ധിതനാക്കിയതുപോലുള്ള നിരവധി അനുഭവങ്ങൾ അക്കൂട്ടത്തിൽ ഉണ്ട്.

ഭക്ഷണം കഴിക്കാൻ ആവശ്യത്തിന് ഇടവേളകൾ നൽകാനും മേലധികാരികൾ തയ്യാറായിരുന്നില്ലത്രെ. അതിന്റെ ഫലമായി അനുവിന്റെ ശരീര ഭാരം കുറയാൻ തുടങ്ങി. ബോഡി ബിൽഡിംഗിൽ ഏറെ താത്പര്യമുണ്ടായിരുന്ന അനുവിന് അത് ഏറെ വിഷമം ഉണ്ടാക്കിയിരുന്നു എന്നും മാതാപിതാക്കൾ പറയുന്നു. ഒരിക്കൽ, ജോലിയുടെ ഭാഗമായി നടുവിന് മുറിവേറ്റപ്പോൾ ആവശ്യമായ ചികിത്സ നൽകാൻ കൂടി മേലധികാരികൾ വിസമ്മതിച്ചു എന്നും അവർ പറയുന്നു.

വെസ്റ്റ് യോർക്ക്ഷയർ പൊലീസിന്റെ നടപടികളിലേക്ക് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്ട് (ഐ ഒ പി സി) അന്വേഷണം നടത്തണം എന്നാണ് ഇപ്പോൾ കുടുംബം ആവശ്യപ്പെടുന്നത്. എന്നാൽ, അത്തരത്തിൽ ഒരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് ഐ ഒ പി സി. ഏതായാലും നിയമനടപടികളുമായി മുൻപോട്ട് പോകാൻ തന്നെയാണ് അനുഗ്രഹിന്റെ മാതാപിതാക്കളുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP