Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നൂറ്റവരായ കൗരവരെ കണ്ട് പാണ്ഡവന്മാർ ഒരിക്കലും ഭയപ്പെടില്ല' മോദി തരംഗത്തിൽ തകർന്നടിഞ്ഞ് കോൺഗ്രസ് ലോക്‌സഭയിൽ 44 പേരായി ചുരുങ്ങിയപ്പോൾ ഉശിരൻ ഡയലോഗ് വീശിയ നേതാവ്; മൂന്നുവട്ടം മുഖ്യമന്ത്രിയാകാൻ അവസരം നഷ്ടപ്പെട്ടിട്ടും ഗാന്ധി കുടുംബത്തോട് മുഖം കറുപ്പിക്കാത്ത വിശ്വസ്തൻ; ഖാർഗെ എന്ന ക്യാപ്റ്റൻ കൂൾ

'നൂറ്റവരായ കൗരവരെ കണ്ട് പാണ്ഡവന്മാർ ഒരിക്കലും ഭയപ്പെടില്ല' മോദി തരംഗത്തിൽ തകർന്നടിഞ്ഞ് കോൺഗ്രസ് ലോക്‌സഭയിൽ 44 പേരായി ചുരുങ്ങിയപ്പോൾ ഉശിരൻ ഡയലോഗ് വീശിയ നേതാവ്; മൂന്നുവട്ടം മുഖ്യമന്ത്രിയാകാൻ അവസരം നഷ്ടപ്പെട്ടിട്ടും ഗാന്ധി കുടുംബത്തോട് മുഖം കറുപ്പിക്കാത്ത വിശ്വസ്തൻ; ഖാർഗെ എന്ന ക്യാപ്റ്റൻ കൂൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഷ്ട്രീയത്തിൽ ഒരുനേതാവിന്റെ ഉയർച്ച-താഴ്ചകൾ നിർണയിക്കുന്നത് എന്തൊക്കെയാവാം? തീർച്ചയായും സമ്മിശ്രമായ കുറെ ഘടകങ്ങൾ ആയിരിക്കും. സമയം, സാഹചര്യം, നയതന്ത്രം, തന്ത്രം അങ്ങനെ എന്തെല്ലാം. കർണാടക മുഖ്യമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ മൂന്നുവട്ടം പരാജിതനായ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് മറ്റാരേക്കാളും നന്നായി ഇക്കാര്യമറിയം. 24 വർഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്തു നിന്നൊരാളെ അദ്ധ്യക്ഷനായി കോൺഗ്രസ് വാഴിക്കുമ്പോൾ കർണാടകയിൽ നിന്നുള്ള എൺപതുകാരൻ മപ്പണ്ണ മല്ലികാർജുൻ ഖാർഗെയ്ക്ക് തീർച്ചയായും ആഘോഷിക്കാം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഖാർഗെ രാഷ്ട്രീയ പയറ്റ്. അരനൂറ്റാണ്ടുകാലത്തെ അനുഭവ സമ്പത്ത്.

പക്ഷേ, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്്തനെങ്കിലും, 1999 ലും 2004 ലിലും, 2013 ലും യഥാക്രമ്രം എസ് എം കൃഷ്ണയോടും, ഉറ്റ സുഹൃത്ത് ധരം സിങ്ങിനോടും, സിദ്ധരാമയ്യയോടും മുഖ്യമന്ത്രി കസേരയ്ക്കായുള്ള മത്സരത്തിൽ തോറ്റുപിന്മാറേണ്ടി വന്നത് ഖാർഗെ ഒരിക്കലും മറക്കില്ല. അതുകൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഖാർഗയെ തേടി എത്തിയത് കാവ്യനീതിയാണെന്ന്.

കർണാടക മുഖ്യമന്ത്രി പദം കിട്ടാക്കനിയായെങ്കിലും ഖാർഗെയ്ക്ക് ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെട്ടില്ല. ഒരിക്കലും കലാപത്തിന് മുതിരുകയോ, വിമത വേഷം കെട്ടുകയോ ചെയ്തില്ല. വിദ്യാർത്ഥി നേതാവായും, ഗുൽബർഗ സിറ്റിയിലെ മുൻ കോൺഗ്രസ് അദ്ധ്യക്ഷനായും, ഒമ്പത് തവണ എംഎൽഎ ആയും ഖാർഗെ പാർട്ടിയെയും നാടിനെയും സേവിച്ചുകൊണ്ടിരുന്നു. കോൺഗ്രസിലെ പ്രമുഖ ദളിത് നേതാവാണെങ്കിലും, തന്റെ ഉയർച്ചയിൽ ദളിത് ഘടകം മാത്രമാണ് കാരണമെന്ന് പറഞ്ഞാൽ ഖാർഗെയ്ക്ക് ദേഷ്യം വരും. തന്നെ കഴിവിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തണമെന്നാണ് ഖാർഗെ എപ്പോഴും പറയാറുള്ളത്. ഗാന്ധി കുടുംബത്തോട് അടുത്തുനിൽക്കുന്ന നേതാവിനെ തേടി ലോക്‌സഭാ കക്ഷി നേതൃസ്ഥാനവും, രാജ്യസഭാ നേതൃസ്ഥാനവും ഒക്കെ എത്തിയിരുന്നു.

ആടിയുലയാതെ മുന്നോട്ട്

സ്വാതന്ത്ര്യത്തി്‌ന് ശേഷം ദക്ഷിണേന്ത്യയിൽ നിന്ന് കോൺഗ്രസ് അദ്ധ്യക്ഷനാകുന്ന ആറാമത്തെ നേതാവാണ്. ബി പട്ടാഭി സീതാരാമയ്യ, എൻ.സഞ്ജീവ് റെഡ്ഡി, കെ.രാകമരാജ്, എസ്.നിജലംഗപ്പ, പി വി നരസിംഹറാവു, എന്നിവരാണ് ഇതിന് മുന്ന് ഈ കസേരയിൽ എത്തിയവർ. എസ് നിജലിംഗപ്പയ്ക്ക് ശേഷം കർണാടകയിൽ നിന്ന് എഐസിസി അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ നേതാവാണ് ഖാർഗെ. ജഗ്ജീവൻ റാമിന് ശേഷം ആദ്യ ദളിത് നേതാവും.

ഇന്നത്തെ കൽബുർഗി ജില്ലയായ ഗുൽബർഗയിൽ നിന്നാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ഹരിശ്രീ കുറിച്ചത്. 1969 ൽ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത് 1972 ലും. അന്നാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. പിന്നീട് എട്ട് വട്ടം കൂടി ജയം ആവർത്തിച്ചു. 1976 ൽ ദേവരാജ് അരസ് സർക്കാരിലാണ് ആദ്യമായി മന്ത്രിയാകുന്നത്.

197 കളുടെ അവസാനം മാത്രമാണ് ഖാർഗെ ചെറിയ രീതിയിൽ വിമതനായത്. ഇന്ദിരാ ഗാന്ധിയുമായി തെറ്റി ദേവരാജ് അരസ് പാർട്ടി വിട്ട് കോൺഗ്രസ് യു ഉണ്ടാക്കിയപ്പോൾ, ഖാർഗെ അരസിനൊപ്പം പോയി. എന്നാൽ, ദേവരാജ് അരസിന്റെ പാർട്ടി ഒരുസീററ് പോലും നേടാനാവാതെ അമ്പേ പരാജയപ്പെട്ടതോടെ, 1980 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഖാർഗെ കോൺഗ്രിസലേക്ക് മടങ്ങി.

പിന്നീട്, എല്ലാ കോൺഗ്രസ് സർക്കാരുകളിലും മന്ത്രിയായി. 1980 ലെ ഗുണ്ടുറാവു മന്ത്രിസഭയിലും, 1990ലെ എസ് ബംഗാരപ്പ മന്ത്രിസഭയിലും, 1992 ലെ വീരപ്പ മൊയ്‌ലി സർക്കാരിലും എല്ലാം ഒരു കസേര ഖാർഗെയ്ക്ക് കിട്ടി. 1996-99 വരെയും, 2008-09 വരെയും പ്രതിപക്ഷ നേതാവും, 2005 -08 വരെ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനുമായിരുന്നു. കർണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി വീരപ്പൻ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ സമയത്ത് എസ്എം കൃഷ്ണ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു ഖാർഗെ.

തമിഴ്‌നാടുമായി കാവേരി ജല തർക്കത്തിൽ കർണാടക കത്തിയപ്പോഴും ഖാർഗെയായിരുന്നു പൊലീസ് മന്ത്രി. 2009ലാണ് ദേശീയ രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനിറങ്ങുന്നത്. ലോക്‌സഭയിലേക്ക് അങ്ങനെ വരവായി. മന്മോഹൻ സിങ് സർക്കാരിൽ ആദ്യം തൊഴിൽ മന്ത്രിയായും, പിന്നീട് റെയിൽവെ സാമുഹിക നീതി-ശാക്തീകരണ മന്ത്രിയായും സേവനം.

തോൽവികളിൽ പതറാതെ

2014 ലെ മോദി തരംഗത്തിൽ, കോൺഗ്രസ് തകർന്നടിയുകയും, ലോകസ്ഭയിൽ കോൺഗ്രസ് 44 അംഗങ്ങളായി ചുരുങ്ങുകയും ചെയ്തു. അന്നും ഗുൽബർഗയിൽ നിന്ന് 74,000 വോട്ടിന് രണ്ടാം വട്ടം ജയിച്ചുകയറിയ ഖാർഗെ ലോക്‌സഭാ കക്ഷി നേതാവായി. അന്ന് മഹാഭാരതത്തിലെ ഒരു വാക്യം ഉദ്ധരിച്ച് ഖാർഗെ കോൺഗ്രസുകാർക്ക് ആത്മവിശ്വാസം നൽകിയത് ആരും മറന്നിട്ടില്ല. ' നമ്മൾ ലോകസ്ഭയിൽ 44 പേർ മാത്രമേ കാണുകയുള്ളു. പക്ഷേ നൂറ്റവരായ കൗരവരെ കണ്ട് പാണ്ഡവന്മാർ ഒരിക്കലും ഭയപ്പെടില്ല', ഖാർഗെയുടെ ആ വാക്യം അഞ്ചുവർഷത്തെ പോരാട്ടത്തിന്റെ തുടക്കം മാത്രമായിരുന്നു.

2019 ലാണ് അതുവരെ തോൽക്കാത്ത നേതാവെന്ന വിശേഷണം ഉണ്ടായിരുന്ന ഖാർഗെ പരാജയം രുചിച്ചത്. പാർട്ടി അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നൽകി. രാജ്യസഭാ കക്ഷി നേതാവാക്കിയത് അദ്ദേഹത്തിന്റെ ശേഷികളെ കുറിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നതുകൊണ്ടും.

ബുദ്ധമതാനുയായി ആയ മാന്യൻ

1942 ജൂലൈ 21ന് ബിദാർ ജില്ലയിലെ വരവട്ടിയിലെ ദലിത് കുടുംബത്തിലാണ് മല്ലികാർജുൻ ഖാർഗെയുടെ ജനനം. കൽബുർഗിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് കുറച്ചുനാൾ അഭിഭാഷകനായി പ്രവർത്തിച്ചു. ബുദ്ധിസം പിന്തുടരുന്ന ഖാർഗെ, രാധാഭായ് ദമ്പതികൾക്ക് രണ്ട് പെൺമക്കളും മൂന്ന് ആൺമക്കളും. ഒരു മകൻ പ്രിയങ്ക് ഖാർഗെ അച്ഛന്റെ രാഷ്ട്രീയം പിന്തുടർന്ന് എംഎൽഎയും മന്ത്രിയുമായി.

സനാതന ധർമ്മത്തെ തള്ളി പറയുന്നതിന്റെ പേരിൽ ബുദ്ധന്റെയും അംബേദ്കറിന്റെയും അനുയായിയായ ഖാർഗെ പലവട്ടം ബിജെപിയുടെ എതിർപ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ജാതി സമ്പ്രദായം പുനഃ സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് ആർഎസ്എസും ബിജെപിയും എന്ന് ഖാർഗെ പലപ്പോഴും ആരോപിച്ചിട്ടുണ്ട്. പൊതുവെ ശാന്തസ്വഭാവക്കാരനും, മൃദുഭാഷിയുമാണ് ഈ കർണാടക നേതാവ്. വലിയ വിവാദങ്ങളിൽ ഒന്നും ചെന്നുപെട്ടിട്ടില്ല. 1969 ൽ കോൺഗ്രിൽ ഖാർഗെ ചേരുമ്പോൾ കോൺഗ്രസിൽ ഇന്ദിര ഗാന്ധി കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടമായിരുന്നു. മറ്റൊരു അര നൂറ്റാണ്ട് പിന്നിടുമ്പോൾ, ഗാന്ധി കുടുംബം സമാനമായ വെല്ലുവിളി നേരിട്ടപ്പോൾ, സമാന്തര അധികാര കേന്ദ്രമില്ലെന്ന് ഉറപ്പാക്കി, അദ്ധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കാൻ ഖാർഗെ അല്ലാതെ മറ്റാരെ കണ്ടെത്താൻ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP