Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമ 'പഞ്ചവടിപ്പാലം'; മമ്മൂട്ടിയിലെ അഭിനേതാവിനെ രാകിക്കാച്ചിയ സംവിധായകൻ; സ്ത്രീപക്ഷ സിനിമകളും മിസ്റ്ററി ത്രില്ലറുകളും ഒരുക്കിയ 'ന്യൂജെൻ' സിനിമകളുടെ തലതൊട്ടപ്പൻ; കെ ജി ജോർജ്ജ് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ

മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമ 'പഞ്ചവടിപ്പാലം'; മമ്മൂട്ടിയിലെ അഭിനേതാവിനെ രാകിക്കാച്ചിയ സംവിധായകൻ; സ്ത്രീപക്ഷ സിനിമകളും മിസ്റ്ററി ത്രില്ലറുകളും ഒരുക്കിയ 'ന്യൂജെൻ' സിനിമകളുടെ തലതൊട്ടപ്പൻ; കെ ജി ജോർജ്ജ് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തന്റെ 40 വർഷത്തെ സിനിമാ ജീവിതത്തിനുള്ളിൽ കെ ജി ജോർജ്ജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയത് 19 സിനിമകൾ മാത്രമായിരുന്നു. എന്നാൽ, കാലത്തെ മറികടക്കുന്ന മികവു കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികൾ എല്ലാക്കാലവും മലയാള സിനിമ ഓർത്തു. ഓരോ സിനിമയും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു എന്നിടത്താണ് കെ ജി ജോർജ്ജിന്റെ മികവ് ഓർക്കുക. ആക്ഷേപ ഹാസ്യത്തിന്റെയും മിസ്റ്ററി ത്രില്ലറുകളുടെയും സൃഷ്ടാവായിരുന്നു അദ്ദേഹം. സ്ത്രീപക്ഷ സിനിമയുകളുടെ സൃഷ്ടാവെന്ന നിലയിൽ അസാമാന്യമായി ധൈര്യം പ്രകടിപ്പിച്ച വ്യക്തി കൂടിയായിരുന്നു കെ ജി ജോർജ്ജ്.

പഞ്ചവടി പാലത്തിലൂടെ നമ്മുടെ അഴിമതി നിറഞ്ഞ രാഷ്ട്രീയത്തെ പരിഹസിച്ചു ജോർജ്ജ്. അടുത്തകാലത്തായി പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിതപ്പോൾ മലയാൡപഞ്ചവടി പാലത്തെയാണ് ഓർത്തത്. അതാണ് കെ ജി ജോർജ്ജിന്റെ സൃഷ്ടിയുടെ ശക്തി. ചിരിയിലൂടെ ചിന്തിപ്പിച്ച 'പഞ്ചവടിപ്പാലം' സിനിമ പാലാരിവട്ടം പാലത്തിന്റെ വാർത്തകൾക്കൊപ്പം ഒരിക്കൽകൂടി ഹിറ്റായി യൂട്യൂബിലും ചാനലുകളിലും ഓടുകയായിരുന്നു അന്ന്. എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചലച്ചിത്രങ്ങളിലൊന്നായാണ് കെ.ജി. ജോർജ് സംവിധാനം ചെയ്ത 'പഞ്ചവടിപ്പാലം' വിശേഷിപ്പിക്കപ്പെടുന്നത്.

കെ.ജി. ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ 'പഞ്ചവടിപ്പാലം' അദ്ദേഹത്തിന് ആയിരക്കണക്കിന് ആരാധകരെയാണ് സൃഷ്ടിച്ചത്. നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. സ്വപ്‌നാടനത്തിലൂടെ കെ ജി ജോർജ് സംവിധായകനായി അരങ്ങേറി. സ്വപ്‌നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. മലയാളത്തിന്റെ ക്ലാസിക്കായ യവനികയ്ക്ക് സംസ്ഥാന അവാർഡും ലഭിച്ചു. നാൽപത് വർഷത്തിനിടെ 19 സിനിമകൾ സംവിധാനം ചെയ്തിട്ടു.

മലയാളത്തിൽ ഒരു സ്ത്രീപക്ഷ സിനിമ ആദ്യമായി ഒരുക്കിയത് കെ ജി ജോർജാണെന്നാണ് വിശേഷിപ്പിക്കെടുന്നത്. ആദാമിന്റെ വാരിയെല്ല് പുതു തലമുറ സംവിധായകരെയും വിസ്മയിപ്പിക്കുന്ന ആഖ്യാനത്തിലായിരുന്നു കെ ജി ജോർജ് ഒരുക്കിയത്. മിസ്റ്ററി ത്രില്ലറിലെ മലയാളത്തിന്റെ പാഠപുസ്തമായ സിനിമയായി കണക്കാക്കുന്ന യവനികയിലൂടെയാകും കെ ജി ജോർജ് പുതിയ കാലത്തെ പ്രേക്ഷകനോട് കൂടുതൽ അടുക്കുന്നത്. അക്കൊല്ലത്തെ മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത്, ചിത്രം, മികച്ച രണ്ടാമത്തെ നടൻ തുടങ്ങിയ സംസ്ഥാന അവാർഡുകൾക്ക് പുറമേ ഫിലിം ക്രിട്ടിക്‌സിന്റേതടക്കം ഒട്ടനവധി പുരസ്‌കാരങ്ങളും യവനികയെ തേടിയെത്തി.

മമ്മൂട്ടിയിലെ നടനെ ഊതിക്കാച്ചിയത് കെ ജി ജോർജ്ജിന്റെ സിനിമകൾ ആയിരുന്നു. അഭിനയ മികവു കൊണ്ട് മമ്മൂട്ടി വിസ്മയം തീർത്ത സിനിമകളുടെ കൂട്ടത്തിൽ ജോർജ്ജിന്റെ സിനിമയും ഉണ്ടായിരുന്നു. മമ്മൂട്ടിയുമായി വളരെ ആത്മബന്ധമായിരുന്നു ജോർജ്ജിന്. പ്രായത്തിന്റെ അവശതകളിൽ കഴിയുമ്പോഴും അദ്ദേഹം സിനിമകളെ കുറിച്ചാണ് ചിന്തിച്ചത്. പ്രായമുള്ളവരെ താമസിപ്പിക്കുന്ന സ്ഥാപനത്തിലെ അന്തേവാസികൾക്കും സിസ്റ്റർമാർക്കുമൊപ്പമായിരുന്നു അദ്ദേഹം ജീവിതസായന്തനം ചെലവിട്ടത്.

മമ്മൂട്ടിയെയും മോഹൻലാലിനെയും ഏറെ ഇഷ്ടമുള്ള ഇദ്ദേഹത്തിന് പുതിയ കാലത്തെ സിനിമകളേക്കാളിഷ്ടം പഴയ ചിത്രങ്ങൾതന്നെയിരുന്നു. അന്നത്തെ സിനിമകൾക്ക് കുെറക്കൂടി ആഴവും വ്യാപ്തിയും ഉണ്ടായിരുെന്നന്നാണ് ജോർജിന്റെ പക്ഷം. ജോർജ് ഓർമയാകുമ്പോൾ സിനിമയിൽ നവതരംഗത്തിന് വഴിതുറന്ന ഒരു സംവിധായകനെയാണ് മലയാളത്തിന് നഷ്ടമാകുന്നത്. മൂന്നുവർഷം മുമ്പ് പക്ഷാഘാതം വന്നതിനെത്തുടർന്നുണ്ടായ ശാരീരിക അവശതകൾ മൂലം മുഴുസമയ വൈദ്യപരിചരണം കിട്ടാനാണ് ജോർജിനെ ഏജ്ഡ് ഹോമിലാക്കിയത്. ഇവിടെയാണെങ്കിലും ഒറ്റപ്പെടലിന്റെ നൊമ്പരമൊന്നുമില്ലാതെ താൻ ഹാപ്പിയാണെന്ന് അദ്ദേഹംതന്നെ പറഞ്ഞിരുന്നു.

ഇനിയും സിനിമ ചെയ്യണം എന്നുതന്നെയാണ് മോഹം. എത്ര സിനിമ ചെയ്താലും മതിയാവില്ലെന്നും ജോർജ് പറഞ്ഞിരുന്നു. താൻ സംവിധാനം ചെയ്ത ഇരുപതോളം സിനിമകളിൽ എന്നുമിഷ്ടപ്പെട്ടത് 1982ൽ ഇറങ്ങിയ യവനികയാണ്. അതുപോലൊരു സിനിമ ഇനിയും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

സ്വപ്നാടനം, ഉൾക്കടൽ, കോലങ്ങൾ, മേള, ഇരകൾ, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നിൽ, മറ്റൊരാൾ, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളേ കെ.ജി. ജോർജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാൽ, മലയാള സിനിമയുടെ ചരിത്രത്തിൽ വിപ്ലവകരമായ പല മാറ്റങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു. വ്യവസ്ഥാപിത നായക-നായിക സങ്കൽപ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന മാധ്യമത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തു.

നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സ്വപ്നാടനത്തിന് മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ൽ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. രാപ്പാടികളുടെ ഗാഥയ്ക്ക് 1978-ൽ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.1982ൽ മികച്ച ചിത്രം, കഥ എന്നിവയ്ക്ക് യവനികയ്ക്കും 1983-ൽ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് ആദാമിന്റെ വാരിയെല്ലിനും സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഇരകൾ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985 ലും കെ.ജി. ജോർജിനെത്തേടി സംസ്ഥാന പുരസ്‌കാരമെത്തി.

യവനിക, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകൾ തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിച്ചു. 2016-ൽ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേൽ പുരസ്‌കാരത്തിനും അർഹനായി. ഗായിക സൽമയാണ് ഭാര്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP