തിരഞ്ഞെടുപ്പ് കമ്മീഷനുമുമ്പാകെ സ്ഥാനാർത്ഥികൾ നൽകുന്ന കണക്കുകൾ സത്യമാണെന്ന് ആരും വിശ്വസിക്കുന്നുണ്ടാവില്ല. പരമാവധി കുറച്ചാകും സത്യവാങ്മൂലത്തിൽ നൽകുക. എന്നാൽ ആ കണക്കുകൾ കേട്ടാൽത്തന്നെ തലകറങ്ങുമെങ്കിലോ? തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കാര്യത്തിൽ അതങ്ങനെയാണ്.

114 കോടി രൂപയുടെ സ്വത്താണ് തമിഴകത്തിന്റെ അമ്മയ്ക്കുള്ളത്. കഴിഞ്ഞ തവണ ഉപതിരഞ്ഞെടുപ്പിന് നൽകിയ വിവരങ്ങൾ കണക്കാക്കുമ്പോൾ 3.4 കോടി രൂപയുടെ കുറവുണ്ടെങ്കിലും ഇപ്പോഴത്തെ സ്വത്തുക്കളുടെ വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. എന്നാൽ അഞ്ചുവർഷത്തെ കണക്ക് നോക്കുമ്പോൾ സ്വത്തുക്കളിൽ അഞ്ചിരട്ടി വർധനയുണ്ടായിട്ടുണ്ട്.

41.63 കോടി രൂപയുടെ സ്ഥാവര വസ്തുക്കളും 72.09 കോടി രൂപയുടെ ജംഗമവസ്തുക്കളുമാണ് ജയലളിതയ്ക്കുള്ളത്. മരവിപ്പിച്ച് നിർത്തിയിരിക്കുന്ന ഓഹരികൾക്കും മറ്റും പുറമെയാണിത്. വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസ്സിനിടെ കർണാടക പൊലീ്‌സ് പിടിച്ചെടുത്ത 21,000 ഗ്രാം സ്വർണം കർണാടക ട്രഷറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല.

പത്തുകോടി രൂപയുടെ ബാങ്ക് നിക്ഷേപമുണ്ടെന്നും ജയലളിത വ്യക്തമാക്കിയിട്ടുണ്ട്. 2.04 കോടി രൂപയുടെ ബാധ്യതയുമുണ്ട്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം ജയലളിതയുടെ സ്വത്തുക്കൾ 51.4 കോടി രൂപയുടേതാണ്.

ഡി.എം.കെ നേതാവ് കരുണാനിധിയും ഒട്ടും പിന്നിലല്ല. 63 കോടി രൂപയുടെ സ്വത്തുക്കൾ കലൈഞ്ജർക്കുമുണ്ട്. 2011-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 54 ശതമാനത്തിന്റെ വർധന അദ്ദേഹത്തിന്റെ കാര്യത്തിലുമുണ്ട്.